60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു

60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു

Breaking News Top News

60 വര്‍ഷംകൊണ്ട് വനവിസ്തൃതി 60 ശതമാനം കുറഞ്ഞു
കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ആളോഹരി വനവിസ്തൃതി 60 ശതമാനത്തിലധികം കുറഞ്ഞതായി പഠനം.

ഇത് ജൈവ വൈവിധ്യത്തിന് ഭീഷണിയാവുമെന്നും ലോകമെമ്പാടുമുള്ള 160 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

1960 മുതല്‍ 2019 വരെ ആഗോള വനവിസ്തൃതി 81.7 ദശലക്ഷം ഹെക്ടര്‍ കുറഞ്ഞുവെന്ന് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജപ്പാനിലെ ഫോറസ്ട്രി ആന്‍ഡ് ഫോറസ്റ്റ് പ്രൊഡക്ട്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്.

6 പതിറ്റാണ്ടിനിടയില്‍ ആഗോള ജനസംഖ്യാ വര്‍ദ്ധനവും വനങ്ങളുടെ കുറവും ചേര്‍ന്നാണ് പ്രതിശീര്‍ഷ വനവിസ്തൃതി 60 ശതമാനത്തിലധികം കുറഞ്ഞത്. 1960-ല്‍ പ്രതിശീര്‍ഷ വിസ്തൃതി 1.4 ഹെക്ടര്‍ ആയിരുന്നത് 2019-ല്‍ 0.5 ഹെക്ടറായി.

വനങ്ങളുടെ തുടര്‍ച്ചയായ നശീകരണം ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനുള്ള കഴിവ് കുറയുന്നു. ഇത് കുറഞ്ഞത് 1.6 ബില്യണ്‍ ജനങ്ങളെ ബാധിക്കുന്നു. പ്രധാനമായും വികസ്വര രാഷ്ട്രങ്ങളെയാണെന്ന് പഠനം വ്യക്തമാക്കുന്നു.