പഠനോപകരണങ്ങള്‍ക്ക് നിലവാരമില്ല, ലേണിംഗ് ആപ് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
ബംഗളുരു: മക്കള്‍ക്ക് നല്‍കിയ ലേണിംഗ് ആപിനും പഠനോപകരണങ്ങള്‍ക്കും ഗുണ നിലവാരം കുറഞ്ഞതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചയാള്‍ക്ക് അടച്ച തുകയും നഷ്ടപരിഹാരമായി 30,000 രൂപയും തിരികെ നല്‍കാന്‍ വിധി. മഞ്ജു ആര്‍ എന്നയാളുടെ പരാതിയിന്മേലാണ് നടപടി.
2021-ല്‍ ‘ബൈജൂസ്’ ലേണിംഗ് ആപ് പ്രതിനിധികള്‍ മഞ്ജുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും സ്കൂള്‍ പഠനത്തിനായി മകനും മകള്‍ക്കും വേണ്ടിയുള്ള അവരുടെ ലേണിംഗ് ആപ് സബ്സ്ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 2022 ജൂലൈ 25-ന് മഞ്ജുവും ബന്ധുവുമായ മദുസൂധനയും 99,000 രൂപയ്ക്ക് ആപ് സബ്സ്ക്രൈബ് ചെയ്തു.
ഓണ്‍ലൈന്‍ പഠനത്തിനായി 25,000 രൂപാ വിലയുള്ള രണ്ട് ടാബ്ളറ്റുകള്‍ ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവ ഗുണനിലവാരം കുറഞ്ഞതാണെന്നും ഇതിനും മറ്റു പഠന സാമഗ്രികള്‍ക്കും തങ്ങള്‍ നല്‍കിയ വിലയില്ലെന്നും മനസ്സിലാക്കിയ ഇരുവരും തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ റദ്ദാക്കണമെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ടു ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബൈജൂസ് നടത്തുന്ന തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതിയുമായി മഞ്ജുവും മധുസൂധനയും ബംഗളുരു റൂറല്‍ ആന്‍ഡ് അര്‍ബന്‍ ഒന്നാം അഡീഷണല്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.
വക്കീല്‍ നോട്ടീസ് നല്‍കിയിട്ടും ആപ് അധികൃതര്‍ ഫോറത്തിനു മുമ്പാകെ ഹാജരായില്ല. തുടര്‍ന്നാണ് ആപ്പിന്റെ എം.ഡി ഉപഭോക്താവിനു 12 ശതമാനം പലിശ സഹിതം 99,000 രൂപ തീരികെ നല്‍കണണെന്ന് കോടതി വിധിച്ചത്.
ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്കായി 25,000 രൂപയും വ്യവഹാരം ചെലവിനത്തില്‍ 5000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു.

