അനേകരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകനെ കൊലപ്പെടുത്തി
കമ്പാല: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച് അനേക മുസ്ളീങ്ങളെ കര്‍ത്താവിങ്കലേക്ക് നയിച്ച സുവിശേഷകനെ മതഭ്രാന്തന്മാര്‍ കൊലപ്പെടുത്തി.
കിഴക്കന്‍ ഉഗാണ്ടയിലെ കിബുകു ജില്ലയിലെ കമ്പാസിര സബ് കൌണ്ടിയില്‍ മോലു ഗ്രാമത്തിലെ സിമോലിയ ലത്തിഫുവാണ് കര്‍ത്താവിനുവേണ്ടി ധീര രക്തസാക്ഷിയായത്.
ജൂലൈ 3-ന് മോലുവിലെ ക്രൈസ്റ്റ് ഡിസൈപ്പിള്‍സ് വര്‍ഷിപ്പ് സെന്റര്‍ ചര്‍ച്ചിലെ വൈകിട്ടത്തെ പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞ് 6.30-ന് ടൂവിലറില്‍ വീട്ടിലേക്കു വരുമ്പോള്‍ വഴിയില്‍വച്ച് മുസ്ളീങ്ങളായ 3 അംഗ സംഘം ലത്തിഫുവിനെ തടഞ്ഞു നിര്‍ത്തി വാളുകൊണ്ട് മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ലത്തിഫുവിന്റെ നിലവിളി കേട്ട വഴിയാത്രക്കാര്‍ നോക്കിയപ്പോള്‍ 3 പേര്‍ ഒരാളെ വെട്ടിക്കൊല്ലുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭയന്നുപോയവര്‍ ഒരു കാട്ടില്‍ ഒളിച്ചു.
അരമണിക്കൂറിനുശേഷം അക്രമികള്‍ പോയി. ഈ സമയം ഇവര്‍ മാരകമായി പരിക്കേറ്റ ആളെ തിരിച്ചറിഞ്ഞ് ചര്‍ച്ചിലെ പാസ്റ്ററെ വിവരം അറിയിക്കുകയും ചെയ്തു.
പാസ്റ്റര്‍ ഇമ്മാനുവേല്‍ മുസീയും വിശ്വാസികളും രാത്രിയോടെ എത്തിയപ്പോള്‍ ലത്തീഫു മരിച്ച നിലയിലായിരുന്നു. പോലീസ് അര്‍ദ്ധരാത്രിയില്‍ത്തന്നെ സ്ഥലത്തെത്തി തുടര്‍ന്നു സംഭവത്തില്‍ പ്രതികളായ അലി ബുയിന്‍സ, മുഹമ്മദ് കമുന്യാനി, ജാമാദ വാലിയോംബ എന്നിവരെ അറസ്റ്റു ചെയ്തു.
2019-ലായിരുന്നു ലത്തീഫു ക്രിസ്ത്യാനിയായത്. തുടര്‍ന്ന് ഇദ്ദേഹം ലിര ജില്ലയിലേക്കു മാറേണ്ടി വന്നു. ഈ സമയങ്ങളില്‍ ലത്തീഫു ഒരു സുവിശേഷകനായി പ്രവര്‍ത്തിച്ചുകൊണ്ട് നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവരികയുണ്ടായി.
അതുകൊണ്ടുതന്നെ മുസ്ളീം തീവ്രവാദികളില്‍നിന്നും ലത്തീഫുവിനു ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലത്തീഫു സ്വന്തം നാട്ടിലേക്കു തിരികെ വന്നതെന്നും പാസ്റ്റര്‍ ഇമ്മാനുവേല്‍ പറഞ്ഞു. ലത്തീഫുവിനു ഭാര്യയും 5 മക്കളുമുണ്ട്.

