കാലാവസ്ഥാ വ്യതിയാനം;മധ്യ അറേബ്യയെ ശ്വസം മുട്ടിച്ച് പൊടിക്കാറ്റ്

കാലാവസ്ഥാ വ്യതിയാനം;മധ്യ അറേബ്യയെ ശ്വസം മുട്ടിച്ച് പൊടിക്കാറ്റ്

Breaking News Global

കാലാവസ്ഥാ വ്യതിയാനം;മധ്യ അറേബ്യയെ ശ്വസം മുട്ടിച്ച് പൊടിക്കാറ്റ്
ബാഗ്ദാദ്: മദ്ധ്യ അറേബ്യയിലെ ജനജീവിതം തടസ്സപ്പെടുത്തി അസാധാരണ പൊടിക്കാറ്റ്. ഇറാക്ക്, വടക്ക് കിഴക്കന്‍ സൌദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലാണ് അതി ഭീകരമായ പൊടിക്കാറ്റ് വീശുന്നത്.

ഈ മേഖലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആഞ്ഞടിക്കുന്ന ഒമ്പതാമത്തെ പൊടിക്കാറ്റാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊടിക്കാറ്റിന്റെ ദുരിതം കൂടുതലായും ബാധിച്ചിരിക്കുന്നത് ഇറാക്കിലാണ്. ഇവിടെ സര്‍ക്കാര്‍ മന്ദിരങ്ങളും വിമാനത്താവളങ്ങളും രണ്ടു ദിവസമായി അടഞ്ഞുകിടക്കുകയാണ്.

ശ്വസന ബുദ്ധിമുട്ടുകളുമായി ആയിരത്തിലേറെ പേരാണ് ആശുപത്രികളില്‍ അഭയം തേടിയത്. ബാഗ്ദാദിനു പുറമേ നജഫ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ പലതവണ അടച്ചിടേണ്ടി വന്നു. കുവൈറ്റില്‍ ഒരു മാസത്തിനിടെ രണ്ടാം തവണ വിമാന ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു.

സൌദി തലസ്ഥാനമായ റിയാദില്‍ ഏഴുദിവസത്തിനിടെ രണ്ടാമത്തെ പൊടിക്കാറ്റാണ് വീശുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മരുഭൂമീകരണത്തിന്റെയും കെടുതികള്‍ പേറുന്ന ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇറാഖ്.

അടുത്ത ഇരുപത് വര്‍ഷങ്ങളില്‍ പൊടിക്കാറ്റ് ഉണ്ടാകുന്ന ശരാശരി ദിവസങ്ങള്‍ ഒരു വര്‍ഷത്തില്‍ 272 ആയി ഉയരുമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ പ്രവചനം. 2050-ഓടെ ഇത് 300 ദിവസമാകുമെന്നും പ്രവചിക്കപ്പെടുന്നു.