സുവിശേഷ പ്രവര്‍ത്തനങ്ങളും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍

സുവിശേഷ പ്രവര്‍ത്തനങ്ങളും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍

Articles Breaking News Editorials

സുവിശേഷ പ്രവര്‍ത്തനങ്ങളും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍

ക്രൈസ്തവ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഇന്ന് ബോര്‍ഡിന് നല്ലൊരുസ്ഥാനമുണ്ട്. ഒരു കണ്‍വന്‍ഷനോ, മീറ്റിംഗോ, ഉപവാസമോ, പ്രാര്‍ത്ഥനയോ ക്രമീകരിക്കുന്നതിനു മുന്‍പ് വര്‍ണ്ണമനോഹരമായ ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ ഉയര്‍ന്നിരിക്കും.

പ്രസംഗകരുടെയും സംഘാടകരുടെയും പുഞ്ചിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ എവിടെയും നിരന്നുകഴിയും. ദൈവത്തേക്കാളും ഉയര്‍ച്ച ഫ്ളക്സ് ബോര്‍ഡിലെ വ്യക്തികളുടെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്ന ഈ പ്രവണത ക്രൈസ്തവസമൂഹത്തിനു അപമാനമാണ്. ദൈവം ഇത് ഇഷ്ടപ്പെടുന്നുമില്ല. വിളംബരത്തിലൂടെ ഉദ്ദേശിക്കുന്നത് ഒരു യോഗമോ, മീറ്റിംഗോ ക്രമീകരിക്കുന്നത് നാട്ടുകാര്‍ അറിയണം എന്നു മാത്രമാണ്.

എന്നാല്‍ ഇപ്പോഴത്തെ രീതികണ്ടാല്‍ മനസ്സിലാകുന്നത് സര്‍വ്വമാനവും മഹത്വവും ഫ്ളക്സ് ബോര്‍ഡിലെ ചിത്രങ്ങള്‍ക്കാണ് എന്നുതോന്നിപ്പോകും. അതു മാഹാപാപമാണ്. ക്രൈസ്തവരുടെ അമിത ചെലവുണ്ടാക്കുന്ന ഈരീതി ഒന്നവസാനിച്ചിരുന്നെങ്കില്‍ നന്നായേനേ. ഗവണ്‍മെന്റോ പോലീസ് അധികാരികളോ എല്ലാ മതപ്രവര്‍ത്തനത്തിനുമുള്ള അമിതധൂര്‍ത്തായ ഇത്തരം ഫ്ളക്സ് ബോര്‍ഡിനൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കില്‍ കൊള്ളാമായിരുന്നു എന്നു തോന്നിപ്പോകുന്നു. ആവശ്യത്തിനുമാത്രം അനുവദിച്ചാല്‍ മതി.

സുവിശേഷപ്രവര്‍ത്തനത്തിന് ആവശ്യത്തിന് പണം ചെലവഴിക്കണം. അനാവശ്യത്തിനാകരുത്. പരസ്യങ്ങള്‍ക്കിന്ന് ക്രൈസ്തവ പത്രമാധ്യമങ്ങള്‍ ധാരാളമുണ്ട്. പൊതുമാധ്യമങ്ങളുമുണ്ട്. പോസ്റ്ററുകളും നോട്ടീസുമൊക്കെ ഇന്ന് പ്രചരണത്തിന് ഉപയോഗിക്കാം. ടി.വി.ചാനലുകളുമുണ്ട്. പക്ഷേ സ്വയം ഉയര്‍ത്തിക്കൊണ്ടുള്ള, അവരവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ബാനറുകള്‍ ക്രൈസ്തവര്‍ക്കുതന്നെ അപമാനമാണ്. ദൈവത്തേക്കാള്‍ മനുഷ്യനെ ഉയര്‍ത്തിക്കൂടാ. എല്ലാ മീറ്റിംഗുകളുടെയും കൂട്ടായ്മകളുടെയും ലക്ഷ്യം കര്‍ത്താവായ യേശുക്രിസ്തുവിനെ ഉയര്‍ത്തിക്കാട്ടുക മാത്രമാണ്.

അതു വിസ്മരിച്ചുകൊണ്ട് മനുഷ്യന്‍ മനുഷ്യനെത്തന്നെ ഉയര്‍ത്തിക്കാട്ടുന്നത് പാപമാണ്. യേശു പറഞ്ഞു തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും. തന്നെത്താന്‍ താഴ്ത്തപ്പെടുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും” (മത്തായി.23:12). രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനു മാത്രം ഉള്ളത്. അതുകൊണ്ട് മാനവും മഹത്വവും പുകഴ്ചയും ദൈവത്തിനുമാത്രം നല്‍കുക.
പാസ്റ്റര്‍ ഷാജി. എസ്.