ക്രൈസ്തവര്‍ക്കെതിരായ പീഢനം; മുന്നില്‍ അഫ്ഗാന്‍ ‍, ഇന്ത്യ പത്താം സ്ഥാനത്ത്

ക്രൈസ്തവര്‍ക്കെതിരായ പീഢനം; മുന്നില്‍ അഫ്ഗാന്‍ ‍, ഇന്ത്യ പത്താം സ്ഥാനത്ത്

Breaking News Europe

ക്രൈസ്തവര്‍ക്കെതിരായ പീഢനം; മുന്നില്‍ അഫ്ഗാന്‍ ‍, ഇന്ത്യ പത്താം സ്ഥാനത്ത്
വാഷിംഗ്ടണ്‍ ‍: ലോകത്ത് ക്രൈസ്തവര്‍ക്കെതിരായി എതിരാളികള്‍ നടത്തുന്ന പീഢനങ്ങളില്‍ ഏറ്റവും മുന്നില്‍ അഫ്ഗാനിസ്ഥാന്‍ ‍.

വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വടക്കന്‍ കൊറിയയെ പിന്തള്ളിയാണ് കുപ്രസിദ്ധിയില്‍ അഫ്ഗാനിസ്ഥാന്റെ സ്ഥാനം. ഇന്ത്യ പത്താം സ്ഥാനത്താണ്.

അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റ് 2022 റിപ്പോര്‍ട്ടിലാണ് ഈ വിവരം.

യേശുക്രിസ്തുവിനെ പിന്‍പറ്റി ജീവിക്കുകയും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം 360 മില്യണ്‍ ക്രൈസ്തവരാണ് വിവിധ രാജ്യങ്ങളില്‍ പീഢിപ്പിക്കപ്പെടുകയോ വിവേചനം നേരിടുകയോ ചെയ്തത്.

ക്രൈസ്തവരില്‍ 7-ല്‍ ഒരാള്‍ അതിക്രമത്തിനിരയായി. അഫ്ഗാനിസ്ഥാന്‍ നിലവില്‍ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ താലിബാന്‍ ഭരണം തിരികെ പിടിച്ചതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു.

വടക്കന്‍ കൊറിയയില്‍ 50,000 മുതല്‍ 70,000 ക്രൈസ്തവര്‍ വരെ വിശ്വാസത്തിന്റെ പേരില്‍ തടവറകളില്‍ നരകയാതന അനുഭവിക്കുന്നു.

2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തു വിട്ടിരിക്കുന്നത്. ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടു പ്രകാരം 50 രാജ്യങ്ങളില്‍ ആദ്യത്തെ 1 മുതല്‍ 10 വരെയുള്ള രാജ്യങ്ങള്‍ യഥാക്രമം അഫ്ഗാനിസ്ഥാന്‍ ‍, വടക്കന്‍ കൊറിയ, സൊമാലിയ, ലിബിയ, യെമന്‍ ‍, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാന്‍ ‍, ഇറാന്‍ ‍, ഇന്ത്യ എന്നിങ്ങനെയാണ്. 50-ാമത് രാജ്യം മലേഷ്യയാണ്.

ലോകത്ത് പ്രതിദിനം 16 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 10 പേര്‍ തട്ടിക്കൊണ്ടുപോകലിനു ഇരയാകുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കാലയളവ് പ്രകാരം ലോകത്ത് 5,898 ക്രൈസ്തവര്‍ യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളായി.

5110 ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടല്‍ നേരിടുകയോ ചെയ്തു. 6175 ക്രൈസ്തവര്‍ അറസ്റ്റു ചെയ്യപ്പെടുകയോ വിചാരണ കൂടാതെ കഴിയുകയോ ചെയ്യുന്നു. 3829 ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടു.

ഇന്ത്യയില്‍ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുപ്രകാരം 300 ആക്രമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. (കഴിഞ്ഞ 9 മാസം മാത്രം).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.