ഈജിപ്റ്റില്‍ സ്വര്‍ണ്ണ നാക്കുള്ള മമ്മികള്‍ കണ്ടെടുത്തു
കെയ്റോ: ഈജിപ്റ്റില്‍ സ്വര്‍ണ്ണ നാക്കുള്ള മമ്മികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
തലസ്ഥാന നഗരിയായ കെയ്റോയ്ക്കു 220 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹനാസ എന്ന പുരാവസ്തു മേഖലയിലാണ് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെടുത്തത്.
ഇവിടത്തെ രണ്ടു കല്ലറകളില്‍ നടത്തിയ പരിശോധനയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മിവല്‍ക്കരിക്കപ്പെട്ട രൂപങ്ങള്‍ ലഭിക്കുകയായിരിന്നു. വിശദമായ പരിശോധനയിലാണ് മമ്മികളുടെ നാവ് സ്വര്‍ണ്ണംകൊണ്ട് പൊതിഞ്ഞതാണെന്ന് കണ്ടെത്തിയത്.
സ്പാനിഷ് പുരാവസ്തു ഗവേഷകനാണ് ഗവേഷണവും പര്യവേഷണവും നടത്തിയത്. 525 ബിസി വരെ ഈജിപ്റ്റ് ഭരിച്ച സൈറ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണു മമ്മികളെന്നും പുരാവസ്തു വിദഗ്ദ്ധര്‍ പറയുന്നു.
കല്ലറയ്ക്കുള്ളില്‍ 9 ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. കല്ലറകളില്നിന്നായി മൂന്നു സ്വര്‍ണ്ണ നാക്കുകളും കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും കൂടാതെ ഒരു ചെറിയ. സ്വര്‍ണ്ണ നാക്കായിരുന്നു ഇത്.
മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചവരായിരുന്നു പൌരാണിക ഈജിപ്റ്റുകാര്‍ . മരണശേഷം ആത്മാവ് അധോലോകത്ത് എത്തുമെന്നായിരുന്നു അവരുടെ വിശ്വാസം.
അവിടെയെത്തിയാല്‍ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒഡിരിസുമായി ആത്മാവിനു സംസാരിക്കാനാണു സ്വര്‍ണ്ണ നാക്കുകള്‍ വെച്ചിരുന്നതെന്നു വിദഗ്ദ്ധര്‍ സംശയിക്കുന്നു.