കുട്ടികളിലെ ലഹരി ഉപയോഗം
സമൂഹത്തില്‍ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗ ശീലങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ തലത്തിലും വിവിധ സന്നദ്ധ സംഘടനാ തലത്തിലും വന്‍പ്രചരണങ്ങളൊക്കെ നടന്നുവെങ്കിലും ഇതിന്റെയൊക്കെ ലക്ഷ്യം ചിലപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കാണാതെ വരുന്നു.
എങ്കിലും പ്രചരണംമൂലം ചെറിയരീതിയിലെങ്കിലും ചിലയിടങ്ങളില്‍ ഇതിന് ഫലം കാണുന്നുണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. പ്രചരണം തകൃതിയായി നടക്കുമ്പോഴും മദ്യം, പുകയില മുതലായ ലഹരിപദാര്‍ത്ഥങ്ങളുടെ പരസ്യങ്ങളും ഇതിനേക്കാളുപരിയായി നടക്കുന്ന കാര്യം കാണുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നുന്നത്. അതിനൊരു നിയന്ത്രണംകൂടി നടത്തിയാല്‍ നല്ലതായിരിക്കും.
ഇന്നു വിദ്യാര്‍ത്ഥികളിലും ലഹരി ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഒരു തമാശയ്ക്കുവേണ്ടിത്തുടങ്ങുന്ന ഈ ദുശ്ശീലം പിന്നീട് ഒഴിയാബാധയായി തുടരുകയാണ്. ഒടുവില്‍ അര്‍ബുദം മുതലായ മാരകരോഗങ്ങള്‍ക്കടിമയാകുകയും പലരും മാനസ്സികരോഗികളായിത്തീരുകയും കുടുംബ കലഹംവരെ ഉണ്ടാക്കുകയും ചെയ്യുന്നു. ഒട്ടുമിക്ക കുറ്റകൃത്യങ്ങളുടെയും ശക്തികേന്ദ്രം ലഹരിപദാര്‍ത്ഥങ്ങളാണ്.
പ്രചരണങ്ങള്‍ ഒക്കെ നല്ലതാണെങ്കിലും അത് എത്രമാത്രം ഫലവത്താകുന്നു എന്നാണ് പരിശോധിക്കേണ്ടത്. പ്രചരണം പൊതുസമൂഹത്തില്‍ തുടങ്ങുന്നതിനുമുന്‍പായി ഓരോ കുടുംബത്തിലും ആരംഭിക്കണം. എങ്കിലേ ഈ ദുശ്ശീലത്തെ മാറ്റിയെടുക്കുവാന്‍ കഴിയൂ. ഇതിനു എല്ലാവരുടെയും പിന്‍തുണ ആവശ്യമാണ്. മനുഷ്യന്റെ ജീവിതത്തില്‍ ധാര്‍മ്മികതയും ദൈവഭയവും ഉണ്ടായിരിക്കണം.
യഹോവയായ ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ വചനം അനുസരിച്ച് ഉപദേശത്തില്‍ നിലനില്‍ക്കുന്നവര്‍ക്കു മാത്രമേ ദുശ്ശീലങ്ങള്‍ക്കും അധാര്‍മ്മികതയ്ക്കും വിരോധമായി ജീവിക്കുവാന്‍ കഴിയുകയുള്ളൂ. അതിനായി മാതാപിതാക്കള്‍ കുട്ടികളെ ചെറുപ്രായത്തിലെ ദൈവവചനം അവരുടെ ഹൃദയങ്ങളില്‍ പതിപ്പിക്കണം.
കുരുന്നുപ്രായംതൊട്ടേ അവരെ ദൈവഭയത്തിലും വിശുദ്ധിയിലും ജീവിക്കുവാന്‍ പരിശീലിപ്പിക്കണം. അങ്ങനെ സാധിച്ചില്ലായെങ്കില്‍ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ തോന്നിയ വഴിയിലൂടെ ജീവിക്കുന്നതു കാണേണ്ടിവരും. ബൈബിള്‍ ജനത്തിനു മുന്നറിയിപ്പു നല്‍കുന്നു: “ബാലന്‍ നടക്കേണ്ടവഴിയില്‍ അവനെ അഭ്യസിപ്പിക്ക, അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” (സദൃശ്യ.22:6). കുട്ടികളുടെ സാന്മാര്‍ഗ്ഗിക ജീവിതത്തിനു മാതാപിതാക്കള്‍ ശ്രദ്ധ നല്‍കാതെവരുമ്പോള്‍ അവര്‍ കൊച്ചുപാപികളില്‍ നിന്നും കൊടുംപാപികളായിത്തീരുന്നു.
ദൈവവചനമാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്. വായു, ജലം, വസ്ത്രം, ആഹാരം എന്നിവ മനുഷ്യനു അത്യാവശ്യമായിരിക്കുന്നതുപോലെ ദൈവവചനം എന്ന മായമില്ലാത്ത പാലും മനുഷ്യന് ഏറ്റവും അന്ത്യന്താപേക്ഷിതമാണ്. അതു ലഭിക്കാതെ വരുമ്പോഴാണ് ഒരു വ്യക്തി ബലഹീനനായിത്തീരുന്നത്.
ഈ ബലഹീനത ഏതു ഹീനകാര്യത്തിലായാലും അതു വളര്‍ന്നുവരുവാന്‍ അനുവദിക്കരുത്. അതിനെ പ്രതിരോധിക്കുവാന്‍ ദൈവത്തിന്റെ വചനത്തിനുമാത്രമേ സാധിക്കൂ.
ദുശ്ശീലങ്ങള്‍ക്കും ലഹരി ഉപയോഗങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം വീടുകളില്‍നിന്നുതന്നെ തുടങ്ങണം. മാതാപിതാക്കളുടെ നല്ല മാതൃകയും ഇടപെടലും കുടുംബത്തിനും സമൂഹത്തിനും മാതൃകയാകട്ടെ!.
പാസ്റ്റര്‍ ഷാജി. എസ്.