പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍
പൊതുവഴികള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ആ അവകാശം ഉണ്ട്. നമ്മുടെ പൊതുവഴികള്‍ ഇന്ന് ദുഷ്കരമാണ്. പൊതുവേ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം.
ഇങ്ങനെയുള്ള നാട്ടില്‍ പല പ്രധാന റോഡുവക്കുകളും ഇന്ന് രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൊടിമരങ്ങളും സ്തംഭങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കയാണ്. കൂടാതെ കച്ചവടക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, അനധികൃത കച്ചവടക്കാര്‍ റോഡിന്റെ ഇരുവശങ്ങളിലും കയ്യേറി കച്ചവടം നടത്തുകയും, രാഷ്ട്രീയക്കാരും സംഘടനകളും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പന്തലുകള്‍ ഇടുകയും, ജാഥകളും സമരങ്ങളും കൊണ്ട് തടസ്സംസൃഷ്ടിക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തില്‍ കണ്ടുവരുന്നത്.
മനുഷ്യന്റെ സൃഷ്ടിപ്പു മുതല്‍ ദൈവം മനുഷ്യവര്‍ഗ്ഗത്തിനു സഞ്ചാര സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്. പക്ഷേ കാലാകാലങ്ങളില്‍ ആ സ്വാതന്ത്ര്യം മനുഷ്യന്‍ ദുരുപയോഗം ചെയ്തുവരികയാണ്. താമസത്തിനും വാണിഭങ്ങള്‍ക്കും വേണ്ടി പ്രത്യേകം സ്ഥലം തന്നെ മനുഷ്യര്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇന്ന് വാഹനങ്ങള്‍ പെരുകുകയും വഴിയാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തിരിക്കുന്ന സമയത്ത് വഴിമുടക്കി തന്നിഷ്ടം കാണിക്കുന്നതു ആര്‍ക്കും നല്ലതല്ല.
ഒരു ആപത്തോ അപകടമോ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ കിലോമീറ്ററുകളോളം വാഹനം ഓടിച്ചു പോകുവാന്‍ വന്‍തടസ്സങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കോടതിവിധി ഏറ്റവും ശ്ളാഘനീയവും അവസരോചിതവുമാണ്.
ഇന്ന് എന്തിനും ഏതിനും പരസ്യങ്ങള്‍ നല്‍കുന്നരീതി സര്‍വ്വസാധാരണമാണ്. എന്നാല്‍ പരസ്യങ്ങള്‍ ഒഴിവാക്കുവാനും ആര്‍ക്കും സാധ്യമല്ല. എങ്കില്‍ക്കൂടി വഴിമുടക്കിക്കൊണ്ടുള്ള പ്രചരണങ്ങളും ജാഥകളും നാം നമ്മെത്തന്നെയാണ് ബുദ്ധിമുട്ടിക്കുന്നത്.
സമൂഹത്തിന്റെ മുന്നില്‍ ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നല്ലവരായ നമ്മള്‍ മാതൃക കാട്ടണം. അതിന് ക്രൈസ്തവര്‍ മുന്നിട്ടിറങ്ങണം. ക്രൈസ്തവര്‍ക്കും അനേക സ്ഥാപനങ്ങളും വ്യാപാരവ്യവസായ കേന്ദ്രങ്ങളുമൊക്കെയുണ്ടല്ലോ. കോടതി വിധി എല്ലാവരും അംഗീകരിക്കുവാന്‍ നാം ബാധ്യസ്ഥരാകണം.
ക്രൈസ്തവര്‍ മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ട ജീവിതം നയിക്കുന്നവരായിരിക്കണം. സമൂഹത്തില്‍ കാണുന്ന ദോഷവശങ്ങള്‍ നാം അനുകരിക്കരുത്. അവിശ്വാസികള്‍ ചെയ്യുന്നരീതികള്‍ നാം അവലംബിക്കരുത്.
ദൈവവചനം പറയുന്നു. “നാം അവന്റെ കൈപ്പണിയായി സല്‍പ്രവൃത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു” (എഫേസ്യര്‍ :2:10). സത്യം, ജീവിതവിശുദ്ധി, നീതി മുതലായവ നാം പാലിക്കുമ്പോള്‍ ത്തന്നെ സമൂഹത്തോടും നീതികാട്ടുവാന്‍ സന്നദ്ധരാകേണം.
നമ്മുടെ ജീവിതശൈലിയും മാതൃകയും കണ്ട് മറ്റുള്ളവര്‍ നമ്മെ അഭിനന്ദിക്കണം. ക്രൈസ്തവര്‍ വഴിമുടക്കികളോ ശല്യക്കാരോ എന്ന് സമൂഹം വിലയിരുത്താനിടയാകരുത് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.