എങ്ങനെയെങ്കിലും ധനികരാകാനുള്ള ശ്രമം

എങ്ങനെയെങ്കിലും ധനികരാകാനുള്ള ശ്രമം

Articles Breaking News Editorials

ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍ ‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനും മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു.

പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ പല ദൈവസഭകളിലും ധനവാന്മാര്‍ക്ക് മുന്തിയ സ്ഥാനങ്ങളും, മഹത്വവും അനുവദിച്ചു നല്‍കുന്നതായി പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാ കമ്മറ്റികളിലും ട്രസ്റ്റുകളിലും വിദ്യാഭ്യാസവും, പരിജ്ഞാനവും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും നോട്ടുകെട്ടുകളുടെ വലിപ്പത്തിന്റെ ബലത്തില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്.

ഒരു കാലത്ത് ദാരിദ്ര്യം മാത്രം കൈമുതലായിട്ടുണ്ടായിരുന്ന ക്രൈസ്തവര്‍ക്കിടയില്‍ ഇന്ന് പല ഭവനങ്ങളിലും ദാരിദ്ര്യം എന്നൊരു വാക്കുപോലും പുതു തലമുറകള്‍ക്ക് പരിചയമില്ല. നല്ലൊരു ശതമാനം കുടുംബങ്ങളും ഭൌതികമായി വന്‍ ഉയര്‍ച്ച പ്രാപിച്ചവരാണ്.

പണ്ട് ചെറ്റക്കുടിലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് മനോഹരങ്ങളായ മണിമാളികകളാണുള്ളത്. അന്ന് നടന്നു യാത്ര ചെയ്തവര്‍ ഇന്ന് 200 മീറ്റര്‍ മാത്രം ദൂരമുള്ള ആരാധനാ സ്ഥലത്തേക്കു പോകുവാന്‍ വിലകൂടിയ കാറുകള്‍ തന്നെ വേണം.

ധനത്തെ കുറ്റപ്പെടുത്തുകയല്ല. ധനം ഒരു ദൈവീക ദാനമാണെന്നു കരുതി അതിന്റെ വിനിയോഗം ഭയഭക്തിയോടെ കൈകാര്യം ചെയ്യണം. ആവശ്യ കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ എത്ര പണം വേണമെങ്കിലും വലിച്ചെറിയുവാന്‍ പലരും സന്നദ്ധരാകുന്നു. എന്നാല്‍ ആത്മീക കാര്യങ്ങള്‍ക്ക് പണം മുടക്കുവാന്‍ പലര്‍ക്കും മടിയാണ്. ദൈവവേലക്കാരെ പരമ പുശ്ചത്തോടെ കാണുന്ന പെന്തക്കോസ്തുകാരുമുണ്ട്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും മുടക്കുവാന്‍ പല വിശ്വാസികളും മനസ്സു വെയ്ക്കുന്നില്ല എന്നത് നമ്മെ ലജ്ജിപ്പിക്കുന്നു. ദൈവവേലക്കാരെന്നു പറഞ്ഞുപോലും പലരും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷെ പലരും ഇതിന്റെ പേരില്‍ മുതലെടുപ്പു നടത്തുന്ന രീതിയാണ് കണ്ടു വരുന്നത്. ശുശ്രൂഷകളുണ്ടെന്നു സ്വയം പ്രചരിപ്പിച്ച് പത്തും ഇരുപതും തവണയാണ് വിദേശ യാത്രകള്‍ നടത്തുന്നത്.

വിദേശത്ത് മണലാരണ്യത്തില്‍ കഷ്ടപ്പെട്ടു പണിയെടുത്തു ജീവിക്കുന്ന വിശ്വാസികളുടെ വിയര്‍പ്പിന്റെ ഓഹരി ദൂതും, പ്രവചനവും, വെളിപ്പാടും നടത്തി തട്ടിയെടുക്കുന്നവരുടെ എണ്ണത്തിനു യാതൊരു കുറവുമില്ല. അത് കൂടികൂടി വരികയാണ്. നാട്ടില്‍ വിസിറ്റിംഗ് കാര്‍ഡും, ബ്രോഷറും ഭംഗിയായി പ്രിന്റു ചെയ്തു വിദേശ രാജ്യങ്ങളില്‍ കൊണ്ടുപോയി കാണിച്ചു തങ്ങള്‍ വന്‍ കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നതായി പ്രചരിപ്പിച്ചു പണം സമ്പാദിക്കുന്നവരും ധാരാളമാണ്.

ഇത്തരക്കാരെക്കൊണ്ടു ദൈവസഭകള്‍ക്ക് വന്‍തോതില്‍ ദുഷിപ്പാണുണ്ടായിരിക്കുന്നത്. എങ്ങനെയെങ്കിലും ധനികരാകാനുള്ള ശ്രമം, പല മാര്‍ഗ്ഗവും പ്രയോഗിക്കുന്നു. ഇതു മൂലം ദൈവത്തിന്റെ വേല കളങ്കമില്ലാതെ ചെയ്യുന്ന അനേക ദൈവദാസന്മാര്‍ക്കുകൂടി പേരു ദോഷമുണ്ടാകുന്നു. വിശ്വസ്തരേയും, അവിശ്വസ്തരേയും തിരിച്ചറിയുവാന്‍ പറ്റാത്ത കാലമാണിന്ന്. ധനവാന്മാര്‍ ഭൂമിയില്‍ പെരുകുന്തോറും മറുവശത്ത് ദരിദ്രരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഇതിനൊരു പരിഹാരം ഇതുവരെയുണ്ടായിട്ടില്ല.

പലരും ആത്മീയമായി സമ്പന്നരാകുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ സമൂഹത്തിന്റെ കണ്‍മുമ്പില്‍ അവര്‍ ഭൌതികമായി ദരിദ്രരായി മുദ്രകുത്തപ്പെടുന്നു. അങ്ങനെയുള്ളവരെ മനുഷ്യര്‍ മാനിച്ചില്ലെങ്കിലും ദൈവം മാനിക്കുമെന്ന് ദൈവവചനം വ്യക്തമാക്കുന്നു. അനാവശ്യമായ ധനത്തിന്റെ വിനിയോഗം ദൈവസഭകളെപ്പോലും മലിനമാക്കുന്നു. ഈ സ്ഥിതി മാറണം.

ദൈവത്തിനും ആത്മീകതയ്ക്കും പ്രഥമ സ്ഥാനം നല്‍കുന്നുവെങ്കില്‍ മാത്രമേ സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തുവാന്‍ കഴിയത്തുള്ളു എന്നു മാത്രം ഓര്‍പ്പിച്ചുകൊള്ളുന്നു. എല്ലാവര്‍ക്കും ഈ ചിന്ത ഉണ്ടാകട്ടെ എന്നു ഓര്‍പ്പിക്കുന്നു.
പസ്റ്റര്‍ ഷാജി.എസ്.