ഭീകരുടെ തടങ്കലില്‍ ദൈവത്തെ പാടി സ്തുതിച്ച് പെണ്‍കുട്ടികള്‍

ഭീകരുടെ തടങ്കലില്‍ ദൈവത്തെ പാടി സ്തുതിച്ച് പെണ്‍കുട്ടികള്‍

Africa Breaking News

ഭീകരുടെ തടങ്കലില്‍ ദൈവത്തെ പാടി സ്തുതിച്ച് പെണ്‍കുട്ടികള്‍
ബെന്യു: ഭീകരരുടെ തടങ്കലില്‍ 3 വര്‍ഷക്കാലം ദുരിതങ്ങളും പീഢനങ്ങളും സഹിച്ചപ്പോള്‍ ആ പെണ്‍കുട്ടികള്‍ ദൈവത്തെ പാടി സ്തുതിക്കാന്‍ മറന്നില്ല.

2014 ഏപ്രില്‍ മാസത്തില്‍ ലോകത്തെത്തന്നെ ഞെട്ടിച്ച ആ ഭീകര സംഭവം നടന്നത് നൈജീരിയായില്‍ ആയിരുന്നു. ചിബോക്കിലെ ഗവണ്മെന്റ് സെക്കണ്ടറി സ്കൂളില്‍നിന്നും ബോക്കോഹറാം സംഘടനയില്‍പ്പെട്ട ആയുധധാരികളായ ഭീകരര്‍ 270 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. വനാന്തരങ്ങളില്‍ എവിടെയോ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.

ഭൂരിപക്ഷവും ക്രിസ്ത്യന്‍ പെണ്‍കുട്ടികളായ കൌമാരക്കാരെ ഭീകരര്‍ ഇസ്ളാം മതത്തിലേക്കു പരിവര്‍ത്തനത്തിനു ശ്രമിച്ചു.

പെണ്‍കുട്ടികളില്‍ മുതിര്‍ന്ന കുട്ടിയായ നവോമി അദാമു ആ ഭീകര ദിനങ്ങള്‍ പങ്കു വെയ്ക്കുകയാണ് ജോ പാര്‍ക്കിന്‍സനും ഡ്രിയു ഹിന്‍ഷോയും ചേര്‍ന്നു രചിച്ച പെണ്‍കുട്ടികളെ മടക്കിക്കൊണ്ടുവരൂ എന്ന പുസ്തകത്തിലൂടെ. മിക്കവാറും ദിവസങ്ങളില്‍ പട്ടിണിയായിരുന്നു. ആഹാരവും വെള്ളവും തന്നില്ല. ദുരിത പൂര്‍ണ്ണമായ ആ ദിനങ്ങളില്‍ ശാരിരികവും മാനസികവുമായി പീഢിപ്പിച്ചു.

ക്രിസ്ത്യാനികളായ തങ്ങളെ മുസ്ളീമാക്കുവാന്‍ നിരന്തര ശ്രമം നടത്തി. മുസ്ളീങ്ങളെ വിവാഹം കഴിക്കുവാനും നിര്‍ബന്ധിച്ചു.

താനും സഹപാഠികളും അവരുടെ ആവശ്യം നിരസിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുക പതിവായിരുന്നു. ഈ സമയങ്ങളില്‍ തങ്ങളുടെ കാവല്‍ക്കാരുടെ മുമ്പില്‍ കര്‍ത്താവിനെ പാടി സ്തുതിച്ചു. ആദ്യമൊക്കെ ഭയമായിരുന്നു. പിന്നീട് ആത്മവിശ്വാസം വര്‍ദ്ധിച്ചു. ദൈവവചനവും പ്രാര്‍ത്ഥനയും മാത്രമാ.യിരുന്നു ആശ്രയം. ഞങ്ങള്‍ ഇതൊക്കെ ഡയറിയില്‍ കുറിച്ചിട്ടു.

2017-ല്‍ നവോമിയും ചില പെണ്‍കുട്ടികളും മോചിതരായി. പലപ്പോഴായി 250-ഓളം പെണ്‍കുട്ടികളെ ഭീകരര്‍ വിട്ടയയ്ക്കുകയുണ്ടായി. ഇപ്പോള്‍ നവോമിക്ക് 24 വയസ്സുണ്ട്. വീട്ടിലെത്തിയശേഷം വിവാഹിതയായി. ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട്. പഴയകാല പീഢനങ്ങള്‍ ഒരിക്കലും മറക്കുവാന്‍ കഴിയുകയില്ലെന്ന് നവോമി പറഞ്ഞു.