ഇന്ന് ലോകം വലിയൊരു പ്രതിസന്ധിയില്‍ക്കൂടി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. എവിടെയും കലാപങ്ങളും ആഭ്യന്തരയുദ്ധങ്ങളും മുമ്പത്തേക്കാളധികമായി നടക്കുന്നു.
ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ , മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടമാടിക്കൊണ്ടിരിക്കുന്നു. പല അറബി നാടുകളിലും ഏകാധിപത്യത്തിനും, മാത്രമല്ല ജനാധിപത്യ ഭരണത്തിനുപോലും എതിരായി വിമത പോരാട്ടങ്ങള്‍ നടക്കുന്നു. സര്‍ക്കാരുകളെ അട്ടിമറിക്കുന്ന അവസ്ഥ വരെയുണ്ടായി.
ഇതുകൊണ്ടൊന്നും അവിടത്തെ കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും അവസാനിച്ചില്ല. തീവ്രവാദികളുടെ സഹായത്തോടെ പിന്നെയും പോരാട്ടങ്ങള്‍ നടക്കുകയാണ്. അസമാധാനത്തിന്റെ വിത്തുകള്‍ പാകിയ മതമൌലിക ശക്തികളും വിമതന്മാരും ജനങ്ങളുടെ ജീവന്‍ ബലി കഴിച്ചാണ് പോരാട്ടം നടത്തുന്നത്.
എത്രയെത്ര നിരപരാധികളാണ് ഈ അടുത്ത കുറെ വര്‍ഷങ്ങളായി കൊലചെയ്യപ്പെട്ടത്. എത്രയോ ലക്ഷം ആളുകള്‍ക്ക് അവരുടെ വീടും നാടും വിട്ടുപോകേണ്ടിവന്നു. വിദേശ രാഷ്ട്രങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന എത്രയോ പേര്‍ . അനേകം കുടുംബങ്ങള്‍ ടെന്റുകളില്‍ രാത്രിയും പകലും തള്ളിനീക്കുന്നു.
ഇതിന്റെയൊക്കെ നടുവില്‍ സമരവും കലാപങ്ങളും ആഹ്വാനം ചെയ്യുന്നവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് വിശപ്പ് അറിയേണ്ട, മഞ്ഞും മഴയും നനയേണ്ട, വെയിലേല്‍ക്കേണ്ട, ശരീരം വിയര്‍ക്കേണ്ട, ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ചു അന്യനാടുകളില്‍ അലയേണ്ട ഇത് എന്തു നീതിയാണ്?
എല്ലാം ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നടക്കേണ്ടതാണെന്നു മാത്രം. വിശ്വസിച്ചാല്‍ മാത്രം മതി, കാരണം ഇതൊക്കെ അന്ത്യകാലത്തു സംഭവിക്കേണ്ടതാണ്. യേശുവിനോട് ശിഷ്യന്മാര്‍ അന്ത്യകാലത്തിന്റെ ലക്ഷണങ്ങളേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടികളില്‍ ഒന്ന് ഇപ്രകാരമാണ്.
നിങ്ങള്‍ യുദ്ധങ്ങളേയും യുദ്ധ ശ്രുതികളേയും കുറിച്ചു കേള്‍ക്കും. ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. അതു സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ അത് അവസാനം അല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും (മത്തായി 24:6,7). കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവ് ഏറ്റവും അടുത്തിരിക്കുന്നു.
അതിനു മുന്നോടിയായി ലോകത്തു നടമാടുന്ന സംഭവങ്ങളിലൊന്നാണ് ഇന്ന് നടക്കുന്ന യുദ്ധ ശ്രുതിയും കലാപങ്ങളും, പകര്‍ച്ച വ്യാധികളും. ഇവിടങ്ങളിലൊക്കെ നാം ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ആയിരിക്കാം. അല്ലായെങ്കില്‍ നമ്മുടെ ബന്ധുക്കളോ സഹോദരങ്ങളോ അവിടങ്ങളില്‍ ഉണ്ടായിരിക്കാം. നാം ശക്തമായി പ്രാര്‍ത്ഥിക്കണം.
ഒരു പക്ഷേ സമാധാനത്തിനുവേണ്ടി നാം പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉണ്ടാകണമെന്നില്ല. നമ്മുടെ കൂട്ടു സഹോദരങ്ങളുടെ നിലനില്‍പ്പിനും, രക്ഷിക്കപ്പെടാത്ത ജനങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കു കടന്നുവന്നു അവരും നമ്മള്‍ അനുഭവിക്കുന്ന കൃപകള്‍ പ്രാപിക്കാനും വേണ്ടി നാം ഈ അവസരം ഉപയോഗിക്കണം.
എന്തൊക്കെ അക്രമങ്ങളും കലാപങ്ങളും ലോകത്ത് നടന്നാലും ദൈവമക്കള്‍ ചഞ്ചലപ്പെടാതിരിക്കുക. നാം കൂടുതല്‍ ഉറപ്പും, ധൈര്യവും, പ്രത്യാശയുമുള്ളവരായി നിലനില്‍ക്കുക. കര്‍ത്താവിനുവേണ്ടി ഒരുങ്ങുക.
പാസ്റ്റര്‍ ഷാജി. എസ്.