പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍

പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍

Breaking News India Others

പബ്ജി ചൈനയില്‍ നേരത്തെതന്നെ നിരോധിച്ചിരുന്നു; ഇന്ത്യയില്‍ 12 കോടി അടിമകള്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ച 118 ചൈനീസ് ആപ്ളിക്കേഷനുകളില്‍ പ്രധാനപ്പെട്ട മൊബൈല്‍ ഗെയിം ആയ പബ്ജി നേരത്തെതന്നെ ചൈനയില്‍ നിരോധിച്ചതാണ്.

ഐടി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണു ആപ്ളിക്കേഷന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

ടിക് ടോക്കിനു പിന്നാലെ മൊബൈല്‍ ഗെയിം ആപ്ളിക്കേഷനായ പബ്ജിയും നിരോധിച്ചത് ചൈനയ്ക്കു കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. മൊബൈല്‍ ഗെയിം നിരോധിച്ചെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന പബ്ജിക്കു വിലക്കില്ല.

ഈ ഗെയിം വികസിപ്പിച്ചതു ദക്ഷിണ കൊറിയന്‍ കമ്പനിയാണെന്നതാണു കാരണമായി പറയുന്നത്. 3 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ പബ്ജി ഗെയിമിന്റെ അഡിക്ഷന്‍ ആയത് 12 കോടി പേരാണ്. കളിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസമാണെന്നുള്ളതാണ് എല്ലാവരെയും കുരുക്കിലാക്കുന്നതെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

“എങ്ങനെ പബ്ജിയോടുള്ള അഡിക്ഷന്‍ അവസാനിപ്പിക്കാം” എന്നത് ഗൂഗിളില്‍ അനേകം പേര്‍ തിരയുന്ന ചോദ്യം ആണ്. ഈ ഗെയിം ചൈനയില്‍ തരംഗമായെങ്കിലും ഉടന്‍തന്നെ അവിടെ നിരോധനം ഏര്‍പ്പെടുത്തി. അക്രമ വാസന പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയായിരുന്നു നിരോധനം.

സൌജന്യമായി ലഭിക്കുന്നു എന്നതായിരുന്നു ഈ കളിയുടെ മുഖ്യ ആകര്‍ഷണം. അതുപോലെ കളിക്കിടെ അവരുമായി സംസാരിക്കാം, ചാറ്റു ചെയ്യാം എന്നിവയും പ്രത്യേകതകളാണ്.

2017-ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ളൂഹോളിന്റെ സബ്സിഡിയറിയായ പബ്ജ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ മള്‍ട്ടി പ്ളെയര്‍ ബാറ്റില്‍ റോയല്‍ ഗെയിമാണു പ്ളെയര്‍ അണ്‍ നോണ്‍സ് ബാറ്റില്‍സ് എന്ന പബ്ജി.

കമ്പ്യൂട്ടര്‍ ഗെയിമിന് അടിമപ്പെടുന്നത് രോഗമാണെന്നും ലോകാരോഗ്യ സംഘടന 2018-ല്‍ പ്രഖ്യാപിച്ചിരുന്നു. 12 മുതല്‍ 20 വയസു വരെ പ്രായമുള്ളവരാണ് കൂടുതലായും ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുന്നത്. അമിതവണ്ണം, കാഴ്ച വൈകല്യം, പേശികള്‍ക്കു ബലക്കുറവ്, പെരുമാറ്റ വൈകല്യങ്ങള്‍ ‍, നഷ്ടമാകുന്ന പൊതു ജീവിതം, ഉറക്കം നഷ്ടമാകല്‍ ‍, പഠനത്തില്‍ പുറകോട്ടു പോകല്‍ എന്നിവ പബ്ജി ഗെയിം മൂലം സംഭവിക്കുവാന്‍ സാദ്ധ്യതയുള്ള പ്രശ്നങ്ങളാണ്.