സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ : സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും മറിച്ച് പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും ഗവേഷകര്‍ .
അമേരിക്കയിലെ ഘോവാ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീയും പുരുഷനും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന മുന്‍ ധാരണകള്‍ തിരുത്തിക്കുറിച്ചത്. പുരുഷന്‍ ലൈംഗികതയിലും കായിക വിനോദങ്ങളിലും ഏറെ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീകള്‍ ഗോസിപ്പുകളിലും ഷോപ്പിംങ്ങിലും താല്‍പ്പര്യം കാണിക്കുന്നവരാണെന്ന ധാരണയായിരുന്നു പൊതുവേ ഉണ്ടായിരുന്നത്.
ഈ ധാരണയാണ് തിരുത്തപ്പെട്ടതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സര്‍വ്വകലാശാലയിലെ സൈക്കോളജി വിഭാഗം അസി. പ്രൊഫസര്‍ സെല്‍റ്റണ്‍ കില്‍സണ്‍ അഭിപ്രായപ്പെട്ടു. 100 വ്യക്തികളിലെ സ്വഭാവ വ്യത്യാസങ്ങള്‍ പഠനവിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിയത്. പഠനത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും 80 ശതമാനത്തോളം സ്വഭാവവും പരസ്പരം യോജിച്ചു കിടക്കുന്നതായി കില്‍സണ്‍ കണ്ടെത്തി.
സ്ത്രീകളുടെയും പുരുഷന്മാരുടെയും, അപകടകരമായ സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും ഏറ്റെടുക്കുവാനുള്ള കഴിവ്, സദാചാരം, ബുദ്ധിശക്തി, വ്യക്തിത്വം, ജീവിതസംതൃപ്തി എന്നിവയാണ് പഠനത്തിനു വിധേയമാക്കിയത്. ബൌദ്ധികമായി സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമില്ലെങ്കിലും ശാരീരികമായി ഇരുകൂട്ടരും വ്യത്യസ്തരാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പുരുഷന്‍ ശാരീരികമായി ശക്താകുമ്പോള്‍ സ്ത്രീ സൌഹൃദത്തിനും, വൈകാരികതയ്ക്കും പ്രാധാന്യം നല്‍കുന്നവരാണ്.