കട്ടപിടിച്ച രക്തത്തെ അലിയിക്കാന്‍ പുതിയ ഔഷധം വികസിപ്പിച്ചെടുത്തു
മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തില് കട്ടപിടിക്കുന്ന രക്തം സൃഷ്ടിക്കുന്ന തടസം മൂലം ഹൃദായാഘാതം മുതല്‍ പക്ഷാഘാതം വരെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്.
ഇതിനു പ്രതിവിധിയായി നിരവധി ഔഷധങ്ങളും ശസ്ത്രക്രീയാരീതികളുമുണ്ട്. എന്നാല്‍ പല ഔഷധങ്ങള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ചില രോഗികളില്‍ അത് അമിത രക്തസ്രവത്തിന് കാരണമാകുമ്പോള്‍ മറ്റു ചിലരില്‍ അത് മസ്തിഷ്ക്ക നീര്വീക്കമുള്പ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
ഇതിനുള്ള ഒരു പരിഹാരമായാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുതുതായി വികസിപ്പിച്ചെടുത്ത ഔഷധം.
സമുദ്ര സൂഷ്മ ജീവികളിലൊന്നായ സ്യൂഡോമോണാസ് എന്ന ബാക്ടീരിയയില്‍നിന്നാണ് ഗവേഷക സംഘം പുതിയ ഔഷധ ജൈവരാസത്വരകം വേര്‍തിരിച്ചെടുത്തത്. കട്ടപിടിച്ച രക്തം മികച്ച രീതിയില്‍ അലിയിക്കുന്നതിനൊപ്പം ഏറ്റവും കുറഞ്ഞ തോതിലുള്ള രക്ത നശീകരണവും മസ്തിഷ്ക നീര്‍വീക്കമുണ്ടാക്കുന്ന ബ്രാഡികൈനിന്റെ പൂര്‍ണമായ നീക്കം ചെയ്യലും പുതിയ കണ്ടെത്തലിന്റെ പ്രത്യേകതയാണ്.
ഈ രണ്ട് ഗുണമുള്ള ഔഷധങ്ങള്‍ നിലവില്‍ ലഭ്യമല്ല. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും, അമിത മദ്യപാനം, പൊണ്ണത്തടി, രക്തത്തിലെ അമിത തോതിലുള്ള കൊഴുപ്പ്, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ എന്നിവയൊക്കെ രക്തക്കുഴലുകളിലെ രക്തം കട്ടപിടിക്കുന്നതിനും അതുമൂലമുള്ള ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ പുതിയ കണ്ടുപിടിത്തം പ്രതീക്ഷ നല്കുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല, തലശ്ശേരി ഡോ. ജാനകി അമ്മാള്‍, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സിലെ ഡോ. സ്വരൂപ് എസ്. കുമാര്‍ , ഡോ. എം. ഹരിദാസ്, ഡോ. എ സാബു എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് പുതിയ ഔഷധം വേര്‍തിരിച്ചെടുത്തത്.


Comments are closed.