ശിശ്രൂഷയും മക്കളും

ശിശ്രൂഷയും മക്കളും

Articles Breaking News India Kerala

ആത്മാവ് ഒരു പ്രാവ് പോലെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അത് അവന്റെ മേൽ വസിച്ചു. John1:32

പുത്രനെ കുഞ്ഞാട് എന്ന് വിളിച്ച യോഹന്നാൻ സ്നാപകൻ അവന്റെ മേൽ പ്രാവ് ഇറങ്ങുന്നതു പോലെ ആത്മാവിനെ കണ്ടു. യേശുവിൻറെ ശരീരം പരിശുദ്ധാത്മാവിനാൽ ഉരുവായതുപോലെ.1മത്തായി 1: 20

“അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു ”
യേശുവിനെ ശുശ്രൂഷക്കായി ഒരുക്കുന്നതിനായും ആത്മാവ് അവൻറെ മേൽ ഇറങ്ങുന്നു മത്തായി 3:16 “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നത് അവൻ കണ്ടു. പ്രവൃത്തികൾ 10:38 “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു ”

യേശുവിൻറെ മേൽ ആത്മാവ് ഇറങ്ങിയതും പിതാവായ ദൈവത്തിൻറെ അപ്പോഴുള്ള സാക്ഷ്യവും മൂന്ന് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു

1. യേശുവാണ് മശിഹാ എന്നത് യോഹന്നാന് അടയാളമായിരുന്നു

2 കർത്താവിൻറെ പരസ്യ ശുശ്രൂഷയ്ക്കുള്ള ഒരുക്കമായിരുന്നു

3 കഴിഞ്ഞ 30 വർഷത്തെ ജീവിതംകൊണ്ട് പിതാവിനെ പ്രസാദിപ്പിച്ചു എന്നതിൻറെ മുദ്രയായിരുന്നു.

യേശുക്രിസ്തുവിന്റെ ശുശ്രൂഷകൾ നാം പഠിച്ചാൽ, സുവിശേഷ വേലയ്ക്ക് എങ്ങനെ ഇറങ്ങണം, എങ്ങനെ ആയിരിക്കണം, എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു .ഒരു സുപ്രഭാതത്തിൽ ഭൂമിയിൽ അവതരിച്ച അമാനുഷിക ശക്തിയോട് വന്നതല്ല ക്രിസ്തു, ആത്മാവിനാൽ ഉരുവായി , ആത്മാവിനാൽ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടു എന്നാൽ ഇതിനു രണ്ടിനും മദ്ധ്യേ ഒരു കാലഘട്ട ജീവിതം ഉണ്ട് .

നമ്മെ പോലെ ജീവിച്ചു കാണിച്ചു ,നമുക്ക് ഒരിക്കലും നിഷേധിപ്പാൻ കഴിയാത്തവിധം അവൻ മനുഷ്യനായി ജീവിച്ചു മാതൃകയായി തന്നു എന്നുള്ളത് സത്യം .എന്നാൽ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടത് ആത്മാവിനാലാണ് , തിരു വചനത്തിലെ ഭക്തന്മാർ എല്ലാം ആത്മാവിനാൽ നിയോഗിക്കപ്പെട്ടവർ ആയിരുന്നു ,ആരും പിതാക്കന്മാർ ശുശ്രൂഷ ചെയ്തതുകൊണ്ട് മക്കളും അത് ചെയ്യണമെന്ന മക്കത്തായ ,മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നവർ അല്ല .

അങ്ങനെയുള്ള ശുശ്രൂഷകരുടെ മക്കൾ ചെയ്ത ശുശ്രൂഷകൾ എല്ലാം ദൈവത്തിൻറെ മുമ്പിലും മനുഷ്യരുടെ മുമ്പിലും, അമ്പേ പരാജയമായിരുന്നു. ഏലി പുരോഹിതന്റെ മക്കൾ ശമുവേൽ പ്രവാചകൻറെ മക്കൾ ,തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമുക്കു മുമ്പിലുണ്ട് .പിതാക്കന്മാർ ദൈവാത്മാവിനാൽ നിയോഗിക്കപ്പെട്ട് ,ശിശ്രൂഷ നിറ പടിയായി നിർവഹിക്കപ്പെട്ടതു കൊണ്ട് , അതേ ആത്മാവ് മക്കളിലും പകർന്നു അതേ ശിശ്രുഷ ചെയ്യും എന്നു വാദിക്കുകയും, ശാഠ്യം പിടിക്കുകയും അരുത്. അങ്ങനെ പ്രമാണവും ഇല്ല , വചനത്തിൽ ദൈവസഭയുടെ ശുശ്രൂഷകരെ നിയോഗിക്കുന്നതും, നിയമിക്കുന്നതും , മനുഷ്യരല്ല ദൈവം ആത്മാവാണന്നുള്ളത് വിസ്മരിച്ചു കൂടാ.

ശിശ്രൂഷ പാരമ്പര്യമായി മക്കളിലേക്കും, മരുമക്കളിലേക്കും.പകർന്ന് കൊടുക്കുന്ന ഒരു നടപടിക്രമമല്ല ദൈവസഭയ്ക്കുളത് . ദൈവസഭയുടെ ശുശ്രൂഷ ആരുടെയും തറവാട്ടു സ്വത്തല്ല, പിതാവിനെ കൊണ്ട് ദൈവം ചെയ്തെടുത്ത ശുശ്രൂഷയുടെ മാഹാത്മ്യത്തിൽ ,ആ ശുശ്രൂഷ മക്കളിലൂടെ പകർന്നു നൽകാനായി വിദേശത്തും ,വിവിധയിടങ്ങളിലും വിട്ട് വിഹലതയും , വികട തരവും പഠിച്ചും ,പഠിപ്പിച്ചും ദൈവസഭയുടെ മേൽ കുതിര കയറുന്ന ഇന്നത്തെ സഭാ നേതാക്കളുടെ മക്കളെ കാണുമ്പോൾ. ഏലി പുരോഹിതന്റെയും , ശമുവേൽ പ്രവാചകൻറെയും മക്കളുടെ ആത്മാവ് വ്യാപരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധം തിരഞ്ഞെടുക്കുന്നതല്ല ദൈവസഭയുടെ ശുശ്രൂഷ, അതിന് ഉത്തമ മാതൃക യേശുകർത്താവ് തന്നെ. മുപ്പതാം തിരുവയസ്സിൽ അവൻ തൻറെ ശുശ്രൂഷ ആരംഭിച്ചു, മൂന്നര വർഷക്കാലം വിശ്വസ്തതയോടെ, വിശുദ്ധി നഷ്ടമാകാതെ നിറപടിയായി ദൈവം ഏൽപ്പിച്ചത് തികച്ചു.

നാം ശുശ്രൂഷ ജീവിതംകൊണ്ട് അർത്ഥമാക്കുന്നത് , ഒത്തിരി കാലം ഭൂമിയിൽ ശുശ്രൂഷ ചെയ്തു എന്നതല്ല, ചെയ്തതിൽ എത്ര വിശ്വസ്തതയും വിശുദ്ധിനഷ്ടമാകാതെ നിറപടിയായി ചെയ്തു എന്നുള്ളതാണ് പ്രസ്ക്തി,ഒത്തിരി ചെയ്തു എന്ന് അവകാശപ്പെടുമ്പോൾ , ഒരുപക്ഷേ ഭൂമിയിൽ ജാതികളും ,ദൈവത്തെ വ്യക്തമായി അറിയാത്തവരും ലോകവും നിന്നെ ആദരിച്ച്‌, ആനയിച്ച്,ആലിംഗനം ചെയ്ത്, അനുഗ്രഹാശിസുകളും നല്കി ആശീർവദിച്ച്, ആഘോഷിക്കുകയും ആയതിനു വേണ്ടി ആടിത്തിമിർക്കുകയും ചെയ്യും.

ഇന്നത്തെ സഭകളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് , ശിശ്രുഷകാലം നിശ്ചയിച്ച്‌ ശിശ്രുഷകനെ ആഢംബര വേദകളിൽ ആദരിക്കുക, ഷഷ്ടിപൂർത്തി കൊണ്ടാടുക, രജത ജൂബിലി, സുവർണ്ണജൂബിലി ആഘോഷങ്ങൾ, ഇത്യാദി അനാചാരങ്ങൾ .എന്നാൽ ഇത്തരം ആഘോഷങ്ങൾക്കൊന്നും തിരുവചനത്തിൽ ഒരു പ്രമാണവും , രേഖയുമില്ല ,
തിരുവചനം അനുശാസിക്കാത്തത് ദൈവം അനുവദിക്കുന്നില്ല, അത് ദൈവം അംഗീകരിക്കുന്നതുമില്ലാ , ആഘോഷിക്കുന്നവർക്ക് അല്പം ആനന്ദവും, ആശ്വാസവും ലഭിക്കും……. ….അവിടെയോ പോകില്ല ഇവിടെയെങ്കിലും കിട്ടിയല്ലോ എന്നോർത്ത് സംതൃപ്തിപ്പെടാം…….

ഈ കാലഘട്ടത്തിലാണ് കർത്താവ് തൻറെ ശുശ്രൂഷ നിർവ്വഹിച്ചിരുന്നുവെങ്കിൽ ,ശിശ്രൂഷകരിൽ
ഏറ്റവും താഴ്ന്ന പദവിയെ കർത്താവിനു ലഭിക്കുമായിരുന്നുള്ളൂ , കാരണം മൂന്നര വർഷത്തെ ശിശ്രൂഷ പരിചയം ഉണ്ടായിരുന്നുള്ളൂ , ആയതിനാൽ ഓഡിനേഷൻ പോലും കിട്ടാൻ സാധ്യതയില്ല കൈവെപ്പ് ശുശ്രൂഷ കിട്ടിയാൽ ഭാഗ്യം . ഒരു ഭാഗം ചിന്തിച്ചാൽ .കൈവെപ്പും, ഓർഡിനേഷനും ,വാങ്ങാതെ പോയത് നന്നായി, എന്തെന്നാൽ പള്ളികരമടയ്ക്കാൻ പ്പോലും കാശില്ലാത്ത കർത്താവിന് എവിടെ നിന്നാണ് പണം, കൈക്കൂലി കൊടുക്കാൻ .? കരം അടയ്ക്കാൻ പത്രോസിനേ ആശ്രയിക്കേണ്ടി വന്ന അനുഭവം നമുക്കറിയാം.

പോയി മീൻ പിടിച്ച് കിട്ടുന്നതിൽ എനിക്കും കൂടി കരം അടയ്ക്കാൻ പറഞ്ഞ കർത്താവ്. അങ്ങനെയുള്ള കർത്താവിനെ ഈ കാലഘട്ടത്തിൽ ഓർഡിനേഷനും കൈവെപ്പും വെറും സ്വപ്നങ്ങളിൽ മാത്രം , കാശുള്ളവനും, കയ്യൂക്കുള്ളവനും, കാര്യസാധ്യത്തിനായി കാലു നക്കുന്നവനും,കാലു വാരുന്നവനും, കസേര വലിക്കുന്നവനും
കായികാഭ്യാസം കാണിക്കുന്നവനും, കായബലം കാണിക്കുന്നവനും, കാണിക്ക വയ്ക്കുന്നവനുമെല്ലാം ഓർഡിനേഷനും, കൈവെപ്പും കിട്ടുക എളുപ്പം, ഈ കൂട്ടർക്ക് സുവിശേഷവേല ഒന്നും ചെയ്യേണ്ട, കുമ്പനാട്, മുളക്കുഴ,പുനലൂർ, മഹാ സഭയുടെ മഹാപുരോഹിത വർഗ്ഗത്തിന്റെ കത്തോ, സ്വാധീനമോ, ഉണ്ടെങ്കിൽ മതി .

കണ്ണുനീരിലും , കഷ്ടപ്പാടിലും, പട്ടിണിയിലും, പാവപ്പെട്ട ദൈവദാസന്മാർ കർത്താവിൻറെ വേലയിൽ ചെയ്തെടുത്ത ദൈവസഭയിലേക്ക് ശുശ്രൂഷകൻ ആയി ഈ പറയുന്ന വർഗ്ഗത്തെ നിയമിക്കും, അങ്ങനെ അടിച്ചും, തൊഴിച്ചും , മൂന്നുവർഷം പാവം ജനത്തെ മേയിക്കും. ഇതിനിടയിൽ മൂന്നുവർഷം സുവിശേഷ വേല അല്ല ,അവിടെയുള്ള സുപ്പീരീയരെ സോപ്പും ,സൂപ്പും ,കാൽ തിരുമലും ,അടുക്കള ശുശ്രൂഷയും, അങ്ങാടി ശുശ്രൂഷയും ചെയ്തു, സെൻറർ പാസ്റ്ററുടെ സഭ അടിച്ചുമാറ്റും ,പിന്നെ ഭരണം കൈയ്യാളും .

ഇതാണ് ഇന്ന് പൊതുവിൽ കണ്ടു വരുന്നത് , ..രഹസ്യമായി ഒന്ന് വിളിച്ചു ചോദിക്കണം സഭ ശിശ്രുഷകനായി കെട്ടിയിറക്കിയ അപ്പൊസ്തല സുവിശേഷകരോട് ,ഒരൊറ്റ ആത്മാവിനെ എങ്കിലും നേടിയിട്ടുണ്ടോ? ഒരു ലഘുലേഖ എങ്കിലും വഴിയരികിൽ നിന്ന് കൊടുത്തിട്ടുണ്ടോ? ഇല്ല . കാരണം ,ഇക്കൂട്ടർക്ക് വെയിലേൽക്കാനും , മഴനനയാനും , വിശന്നിരിക്കാനും , പട്ടിണി കിടക്കാനും കഴിയില്ല. എന്തെന്നാൽ വിയർപ്പ് രോഗം ഉണ്ടേ .. ആയതുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ,ആരെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ ദൈവസഭയിൽ ഇരുന്ന് ഭരിക്കാൻ മാത്രം അറിയാം.

അപ്പൻ പാസ്റ്റർ ആയതുകൊണ്ട് ,മക്കളും സുവിശേഷ വേലയിൽ വ്യാപൃതനാകണം എന്ന് ശഠിക്കരുത് , അങ്ങനെ ആകുന്നതിൽ തെറ്റില്ല ,പക്ഷേ ദൈവാത്മാവിന്റെ യഥാർത്ഥ നിയോഗം ഉണ്ടാവണം. ഇന്നുള്ള ദൈവസഭയുടെ അരക്ഷിതാവസ്ഥയ്ക്കും, അനാത്മീയതയ്ക്കും, കാരണം ,ആത്മാവിനാൽ നിയോഗിക്കപ്പെടാത്ത ശിശ്രൂഷകരുടെ സഭയിലേക്കുള്ള നിയമനമാണ് , മുഖ്യധാര പെന്തക്കോസ്ത് സഭയിലെ ശുശ്രൂഷകരുടെ സ്ഥലം മാറ്റ നിയമനം നാം ശ്രദ്ധിച്ചാൽ, അതിൽ ചിലത് നമുക്കു മനസ്സിലാകും ,ഒന്നാമത് ഈ സ്ഥലം മാറ്റം ദൈവഹിതം ആണോ രണ്ട് , ദൈവാത്മാവാണോ? ഒരു സഭയിൽ ശുശ്രൂഷകനെ നിയമിക്കുന്നത് ? അടിസ്ഥാനപരമായി ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? ഈ കാര്യങ്ങൾക്ക് പ്രാധാന്യത നൽകാതെയുള്ള നീയോഗങ്ങളും , നിശ്ചയിക്കലുകളും,, നിയമനങ്ങളും , ദൈവസഭയെ വളരെ പ്രതിസന്ധിയിലേ കൊണ്ടെത്തിക്കൂ, ദൈവസഭ ദൈവത്തിന്റേതാണ് അതിലെ ഓരോ പ്രവർത്തനങ്ങളും ദൈവാത്മാവിൻറെ പൂർണ്ണ അനുവാദത്തോടും അംഗീകാരത്തോടും നടത്തപ്പെടേണ്ടതാണ്.

മനുഷ്യൻറെ സാന്നിധ്യത്തിന് അവിടെ പ്രസക്തിയില്ല. മനുഷ്യർ അവിടെ മുഖാന്തിരങ്ങൾ മാത്രം , ഇപ്രകാരം രൂപപ്പെടുന്നതാണ് യഥാർത്ഥ ദൈവസഭ, ഇന്നുളള സഭകൾ അങ്ങനെ തന്നെ ആണോ എന്ന് പലവട്ടം
ചിന്തിക്കേണ്ടതില്ല, ആത്മീയ നേതൃത്വ സ്ഥാനങ്ങളിലേക്ക് ശുശ്രൂഷകരെ തിരഞ്ഞെടുത്ത് നിയമനം നടത്തിയത് , എപ്രകാരമാണെന്ന് തിരുവചനം മനസിരുത്തി പഠിച്ചാൽ നന്നേ മനസ്സിലാവും.

ഒഴിഞ്ഞുപോയ ഒറ്റുകാരനായ ഈസ്കരിയോത്ത യൂദായുടെ സ്ഥാനത്തേക്ക് , മറ്റൊരു അപ്പോസ്തലനേ നിയമിക്കേണ്ട അവസരം വന്നപ്പോൾ , അപ്പോസ്തോലന്മാർ സ്വന്തമായുള്ള അധികാരമോ, സ്വാധീനമോ,ഉപയോഗിച്ച് തങ്ങൾക്ക് ഇഷ്ടമുള്ള ആരെയും ആ സ്ഥാനത്തേക്ക് , തിരഞ്ഞെടുത്തെ തിരുകിക്കയറ്റി നിയമിച്ചില്ല,വിശേഷാൽ ദൈവഹിതത്തിനൊത്തവണ്ണം ആയിരിക്കണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.

അപ്പോസ്തോല സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന വ്യക്തി , എങ്ങനെ ഉള്ളവരായിരിക്കണം എന്നുള്ള മാനദണ്ഡം നിശ്ചയിച്ചു , പ്രവൃത്തികൾ 1:21 “ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം,ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. ”
ഈ യോഗ്യതയുള്ള രണ്ടുപേരെ ദൈവമുമ്പാകെ നിർത്തി ,ഇവരിൽ ഏവനെ തിരഞ്ഞെടുക്കുന്നു എന്ന് കാണിച്ചു തരാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ചീട്ട് ഇടുകയാണ് ചെയ്തത് , ( പ്രവർത്തി ഒന്നാം അധ്യായം 21 മുതൽ 26 വരെയുള്ള വാക്യങ്ങൾ ) വ്യക്തി താൽപര്യങ്ങൾ ഒന്നും ഇവിടെ കാണുന്നില്ല , മാത്രമല്ല തിരഞ്ഞെടുപ്പ് പൂർണ്ണമായും ദൈവഹിതത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത് .

പ്രവർത്തി 6 അധ്യായത്തിൽ പറഞ്ഞിരിക്കുന്ന വചനപ്രകാരം .മേശകളിൽ ശിശ്രുഷിപ്പാൻ ഏഴുപേരെ തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ ,ആത്മാവും ജ്ഞാനവും, നിറഞ്ഞ നല്ല സാക്ഷ്യമുള്ള വരെ മാത്രം തിരഞ്ഞെടുക്കാനാണ് അപ്പോസ്തലന്മാർ തീരുമാനിച്ചത്.

ആത്മീയ സ്ഥാനങ്ങൾക്ക് വേണ്ടി അപ്പോസ്തോലന്മാർ തിരഞ്ഞെടുപ്പ് നടത്തിയത് തികഞ്ഞ ദൈവീക ഇടപെടലും ,പൂർണ്ണ മാനുഷീക ഉത്തരവാദിത്വബോധവും, നിഷ്പക്ഷ ചിന്താഗതിയോടും കൂടിയായിരുന്നു. ഇതിൽ വ്യക്തിതാല്പര്യമോ .സ്വാർത്ഥ താല്പര്യങ്ങളോ,രാഷ്ട്രീയ ലക്ഷ്യങ്ങളോ അതിൻറെ സ്വാധീനതയോ ലവലേശം അനുവദിച്ചിരുന്നില്ല .

ദൈവരാജ്യത്തിൻറെ കെട്ടു പണിക്കു വേണ്ടിയാണ്, ശുശ്രൂഷകനെ സഭയിൽ നിയമിക്കുന്നത് .ആയതിനാൽ , ശുശ്രൂഷകരെ നിയമിക്കുന്ന കാര്യത്തിൽ ജഡിക ലൗകീക ബന്‌ധങ്ങളോ ,വ്യക്തി താലപര്യങ്ങളോ ,അതിൽ സ്വാധീനം ചെലുത്തുവാൻ അനുവദിച്ചുകൂടാ ,നിയമനം നടത്തുന്ന അധികാരികൾക്ക് ഇക്കാര്യത്തിൽ തികഞ്ഞ ദൈവഭയവും , ഉത്തരവാദിത്വബോധവും, നിഷ്പക്ഷ മനോഭാവവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, തന്റെയും , കുടുംബത്തിൻറെയും , വരുമാനമാർഗം എന്ന ലക്ഷ്യം വെച്ച് ,ആരെയും സഭാ ശുശ്രൂഷകനായി നിർമിക്കാൻ പാടില്ല .ഈ കാലയളവിൽ ഉള്ള ദൈവ സഭയിലെ ദൈവദാസൻമാരുടെ സ്ഥലമാറ്റ ചലനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ , തിരുവചനസത്യത്തിലെ ചില ശുശ്രൂഷകരെയും ഓർത്തു പോകയാണ.. എലി പാസ്റ്ററും മക്കളും* 1ശമുവേൽ 2:16
ദൈവത്തേക്കാൾ ഉപരി മക്കളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്ത ഉപദേശി ,..
1 ശമൂവേൽ 2:29 “തിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?”
ദൈവത്തേക്കാൾ അധികം മക്കളെ സ്നേഹിക്കുന്ന, ദൈവത്തിൻറെ ദാസന്മാരുടെ മക്കൾ ദൈവ അനുവദിക്കാതെ ദൈവത്തിൻറെ വേല ഏറ്റെടുത്താൽ, ദൈവസഭയുടെ ആത്മീക അരാജകത്വത്തിനും , അനാമികതയ്ക്കും വഴിതെളിക്കും. എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇവിടെ പ്രതിപാദിക്കുന്ന ദൈവവചനത്തിന്റെ അന്തസത്ത .

പിതാവ് പുരോഹിതനായിരുന്നു , അതുകൊണ്ട് പാരമ്പര്യ പ്രകാരം മക്കളും പുരോഹിതരായി, പാരമ്പര്യം പിന്തുടരുന്നു എന്നല്ലാതെ, ഭക്തിയും ദൈവത്തോടുള്ള ബന്ധവും അവരിൽനിന്ന് അന്യം നിന്നു പോയി.
1 ശമൂവേൽ 2:12 “എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. തൻമൂലം ദൈവജനത്തോടും ദൈവ സഭയോടുമുള്ള ഇവരുടെ സമീപനവും, ശുശ്രൂഷയും, വളരെ അപകടം നിറഞ്ഞതു തന്നെയാണ് .

1 ശമൂവേൽ2:13 “ഈ പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്നു കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും.

ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും. മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും. മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാൽക്കാരേണ എടുക്കും എന്നു പറയും. “ഇതാണ് ശുശ്രൂഷയുടെ അവസ്ഥ ലളിതമായ മലയാളഭാഷയിൽ ചിന്തിച്ചാൽ തനി ഗുണ്ടായിസം.

ഇതുതന്നെയല്ലേ ഇന്നും സഭകളിൽ നടക്കുന്നത് ചില പുരോഹിതൻമാരുടെ മക്കളും , മരുമക്കളും , അവരുടെ ശിങ്കിടികളും ചേർന്ന് ,മുപ്പല്ലിമായി നടക്കുകയല്ലേ ? കണ്ണായതും , പുഷ്ടിയുള്ളതും കുത്തി പിടിക്കാൻ, വേവിച്ചത് വേണ്ട ,പച്ചമാംസം മതി , പഴയത് വേണ്ട ,പുതിയതും പുഷ്ടിയുള്ളതും മതി, ആളുകൂടുതലുള്ള സഭ, മൊബൈൽ റേഞ്ച് ഉള്ള സ്ഥലം സഭ ,കാർ പാർക്കിംഗ് സൗകര്യം ഉണ്ടാകണം, ദശാംശം കൂടുതലുള്ള സഭ, കൈമടക്ക് കൂടുതൽ കിട്ടുന്ന സഭ ,കള്ളനായാലും ,കള്ളു കച്ചവടക്കാരനായാലും, കൈക്കൂലി വാങ്ങുന്നവനായാലും,കള്ളക്കടത്ത് നടത്തുന്നവനായാലും, കഞ്ചാവടിക്കുന്നവനായാലും, കല്യാണ വീരന്മാരായാലും,കപടഭക്തി കാരായാലും ,സാരമില്ല കാശ് കിട്ടുന്നതയിരിക്കണം , ഇങ്ങനെ പുഷ്ടി ഉള്ളത് കുത്തി പിടിക്കാൻ മുപ്പല്ലി യുമായി നടക്കുന്നവർ
ഒരുപറ്റം ഇന്നും ഉണ്ട് . കൊടുത്തില്ലെങ്കിൽ തനി ഗുണ്ടായിസം.

അപ്പൻ പാസ്റ്റർ ആയിരുന്നു. അതുകൊണ്ട് മക്കളും അങ്ങനെയായി, അപ്പൻറെ ശുശ്രൂഷയെ അപകീർത്തിപ്പെടുത്തുവാൻ ഒരുമ്പെട്ടിറങ്ങി തിരിച്ച പുരോഹിത സന്തതികൾ …..
ഒരു കാര്യം വ്യക്തമാണ് പുരോഹിതരുടെ മക്കൾ, ദൈവനിയോഗമില്ലാതെ ശുശ്രൂഷക്ക് ഇറങ്ങിയാൽ , അവരുടെ ലക്ഷ്യം .അപ്പന് നേടാൻ കഴിയാത്ത ഭൗതിക സൗഭാഗ്യവും, സമ്പത്തും , അധികാര സ്ഥാനവും എങ്ങനെയും നേടുവാനുള്ള വ്യഗ്രത അവരിൽ ഉണ്ടായിരിക്കും .

അതിലാണ് അവർക്ക് മുൻഗണന ,മറുവശം ചിന്തിച്ചാൽ പുരോഹിതനായ അപ്പനും തെറ്റുകാരനാണ്, കാരണം മകളെ ശിക്ഷിച്ചു വളർത്തിയില്ല തന്നെയുമല്ല ദാരിദ്ര്യവും, പട്ടിണിയും, നിന്ദയും , അനുഭവിച്ചു ജീവിക്കുന്ന ജീവകാലത്തിലെ ദൈവത്തെ അവർക്ക് വ്യക്തമായി രുചിച്ച് അനുഭവിക്കുവാൻ കഴിഞ്ഞില്ല .ആ ദൈവത്തെ അവർക്ക് വേണ്ടായിരുന്നു. എലിയുടെ മക്കൾ ദൈവ നിയോഗത്താൽ ആയിരുന്നില്ല ശുശ്രൂഷ ചെയ്തിരുന്നത്. അവർ ദ്രവ്യഗ്രഹികളും , നീചരും ആയിരുന്നു.

ശമുവേൽ പാസ്റ്ററും മക്കളും
1ശമുവേൽ 8:1″വൃദ്ധനായ ശമുവേലിന്റെ ശിശ്രൂഷ കാലയളവ് തീരാൻ ബാക്കിനിൽക്കെ, തൻറെ മക്കളായ യോവേൽ, അബീയാവു എന്നീ രണ്ടു പുത്രന്മാരെ അപ്പനായ ശമുവേലിനു പകരം യിസ്രയേലിനു ന്യായാധിപൻ ആക്കി, വിശ്വസ്തനും വിശുദ്ധനുമായ അപ്പന്റെ വിശ്വാസവും , വിശുദ്ധിയും പ്രവർത്തിയും ,പിന്തുടരാതെ
അപ്പനായ ശമുവേൽ നിരാകരിച്ച് ,നീക്കിയതും നിഷ്കർഷിച്ചതുമായ കൈക്കൂലിയും ,ദ്രവ്യാഗ്രഹവും തൻറെ മക്കൾ ചേർത്തുപിടിച്ചു. ദൈവത്തിന്റെ ന്യായപാലനം മറിച്ചുകളഞ്ഞു .

അപ്പനായ ശമുവേലിന്റെ ജീവിത വിശുദ്ധിക്ക് അംബേ വിപരീതമായി പ്രവർത്തിച്ച് ദൈവത്തെ കോപിപ്പിച്ചു. ഇന്നും ഇതൊക്കെ തന്നെയാണ് കൈക്കൂലിയും ദ്രവ്യാഗ്രഹവും ,സഭാ ശുശ്രൂഷ നേടുവാനും,നിയമിക്കാനും കൈക്കൂലി കൊടുക്കണം , കൈകൂലി വാങ്ങണം , കൊടുക്കൽ വാങ്ങൽ നടത്തിയ പണം ഈടാക്കാൻ അതിനുതക്ക വരുമാനമുള്ള സഭ നേടണം, ദ്രവ്യം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സഭാ ശുശ്രൂഷ നേടുന്നവർ ഇന്നും കുറവല്ല .അപ്പനായ ശമുവേൽ , പാസ്റ്ററായതുകൊണ്ട് മക്കളും പാസ്റ്ററമാരായി,അപ്പന് നേടാൻ കഴിയാത്തത്
മക്കൾക്ക് നേടണം ,എന്നാൽ അപ്പൻ നേടിയ കൃപയും കൃപാവരങ്ങൾ മക്കൾക്ക് ആവശ്യമില്ല, കാലത്തിനൊത്തൊഴുക്കണം. എന്ന തത്വം മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന മക്കൾക്ക് ദൈവകൃപയല്ലാവശ്യം. പണമാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന ചിന്ത. ഒരുവശം ചിന്തിച്ചാൽ ശരിയാണ് ഇന്ന് പണമാണ് എല്ലാം നിയന്ത്രിക്കുന്നത് .

ചുരുക്കിപ്പറഞ്ഞാൽ മാമോൻ പിശാചാണ് നിയന്ത്രിക്കുന്നത് എന്നതാണ് സത്യം. ഇവിടെയാണ് ദൈവസഭയുടെ ആത്മാവ് നഷ്ടമായി എന്ന് പറയേണ്ടി വരിക .

എന്ന മുതൽ ദൈവസഭയിൽ ഈ പ്രവണത കടന്നു കൂടിയോ ,അന്നുമുതൽ ദൈവസഭയുടെ ആത്മാവിൻറെ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു , ഇന്ന് അതിന്റ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.

ആത്മാവു നഷ്ടപ്പെട്ട സഭ വെറും കെട്ടിടവും സംഘടനയുമായി മാറിക്കഴിഞ്ഞു .വെറും ശവശരീരം പോലെ, ജീവനില്ലാത്ത വസ്തുക്കൾ പോലെയായി. ഇത് കാണുമ്പോൾ ഒരു ഭക്തന്റെ ചങ്ക് തകരുകയാണ്. ദ്രവ്യാഗ്രഹം ശുശ്രൂഷകരിൽ കടന്നു കൂടിയതാണ് മുഖ്യകാരണം.

സഭയുടെ നഷ്ടത്തിനും , അതിൻറെ കഷ്ടത്തിനും , കാരണം ശുശ്രൂഷകർക്ക് അതിൽ മുഖ്യ പങ്കുണ്ട് എന്ന് മറന്നുപോകരുത് .അവരുടെ സ്വാർത്ഥ താല്പര്യം .അപ്പന് ലഭിക്കാത്ത ഭൗതിക നന്മകൾ മക്കൾക്ക് നേടണമെന്ന വാശിയും , അപകർഷബോധവും, ആത്മീയ നിഗളവും , ഇതെല്ലാം ഇതിന് കാരണമായി ഭവിക്കുന്നു. പണവും സമ്പത്തും ഉണ്ടെങ്കിൽ ദൈവ സഭയിൽ എന്തുമാകാം എന്നൊരു ധാരണ ജനഹൃദയങ്ങളിലെത്തി.

സഭയുടെ അധികാരം കൈയാളാൻ, സഭയുടെ ആത്മീയ ശുശ്രൂഷയിൽ കൈവയ്ക്കുവാനും ,
സഭയുടെ ഭൗതിക കാര്യങ്ങൾ കൈക്കരുത്ത് കൊണ്ട് വരുതിക്ക് നിർത്തുവാനും കഴിയും എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. പണമുണ്ടെങ്കിൽ ഏത് സഭ എവിടെ വേണം ? പണമുണ്ടെങ്കിൽ ഏത് ശുശ്രൂഷ എവിടെ വേണം? പണമുണ്ടെങ്കിൽ എത്ര വിശ്വാസിയേയും വിലയ്ക്കുവാങ്ങാം ? പണമുണ്ടെങ്കിൽ ഏത് പാപിയെയും പരിശുദ്ധനാക്കാം , പണമുണ്ടെങ്കിൽ ഏത് വ്യഭിചാരിയെയും നിർമ്മല നാക്കാം , പണമുണ്ടെങ്കിൽ ഏത് അപരാധിയെയും നിരപരാധിയാക്കാം , പണം ഉണ്ടെങ്കിൽ ഏതു ദുഷ്ടനെയും നീതിമാൻ ആക്കാം എന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു.

ശമുവേലിന്റെ മക്കൾ ദ്രവ്യാഗ്രഹികളായിരുന്നു. അധികാരവും , സമ്പത്തും ദ്ര വ്യഗ്രഹവും അവരെ അന്ധരാക്കി. പിതാവിന്റ സ്ഥാനം മക്കൾ കവർന്നെടുത്തു. അപ്പന് ദേശത്ത് നല്ല സാക്ഷ്യമുള്ളതുകൊണ്ട് മക്കളും അറിയപ്പെടുന്നു.
അപ്പൻറെ വിശ്വാസജീവിതം ദൈവത്താൽ അംഗീകരിക്കപ്പെട്ടപ്പോൾ , ദൈവം തന്റെ തലമുറയെ അനുഗ്രഹിച്ച് ദേശത്ത് നിലനിർത്തുന്നത് അപ്പനോട് കാണിക്കുന്ന ദൈവത്തിൻറെ നീതിയാണെന്ന് മറന്നുപോകരുത് ,പിതാവ് യഹോവയ്ക്ക് പ്രസാദകരമായതു ചെയ്തപ്പോൾ , ദൈവം മക്കളെ അനുഗ്രഹിച്ചു . ഈ കാരണത്താൽ മക്കൾക്ക് അവകാശപ്പെടാൻ ഒന്നുമില്ല.

എന്നാൽ ഇന്നത്തെ അവസ്ഥയിൽ ഒന്ന് കണ്ണോടിച്ചാൽ ,ലോക ജാതികളുടെ സമ്പ്രദായം ഇന്ന് ദൈവസഭയിൽ കടന്നുകൂടി , മക്കത്തായ സമ്പ്രദായം, പിതാവ് രാഷ്ട്രീയനേതാവ് ആയതുകൊണ്ട് ,ശേഷം മക്കൾ ആ പദവിയിലേക്ക് തുടരുന്നു , അതിനുശേഷവും അങ്ങനെ തന്നെ തുടരുന്നു , എന്നാൽ ഇത് തികഞ്ഞ അരാജകത്വത്തിലേക്കാണ്
കടന്നു പോകുന്നത് എന്ന് നാം തിരിച്ചറിയുന്നില്ല. സമസ്ത മേഖലയും ഇന്ന് അടക്കി ഭരിക്കുന്നവർ ഇക്കൂട്ടരാണ് ,എവിടെ നോക്കിയാലും ഇന്ന് കണ്ടുവരുന്നത് കുടുംബവാഴ്ചയാണ് , ദൈവസഭയുടെ മേലുള്ള അധികാരം പകർണ്ണമായും അവർ അടക്കിഭരിക്കുന്നു , ദൈവകൃപ ഉള്ളവരെയും , ദൈവം നൽകിയ കഴിവുള്ളവരെയും , കൈക്കരുത്തുകൊണ്ടും, കായികശേഷി കൊണ്ടും, ദൈവസഭയിൽ നിന്നകറ്റി നിർത്തി ദൈവഹിതവും, ദൈവ പ്രവർത്തിയും വെളിപ്പെടുവാനും ദൈവത്തിനു വെളിപ്പെടുത്തുവാനും കഴിയാത്ത ഒരു അവസ്ഥയിലായിരിക്കുന്നു എന്നുള്ളത് സത്യം തന്നെ ബ്രദർ .

കീശന്റെ മകൻ പാസ്റ്റർ ശൗൽ** 1ശമുവേൽ 9.1
ചെന്നായപോലെ കടിച്ചുകീറുന്ന സ്വഭാവമുള്ള, ബെന്യാമീൻ ഗോത്രത്തിൽ പിറന്ന കീശൻറെ മകൻ ശൗൽ, യൗവനവും കോമളത്വവും തുളുമ്പുന്ന പ്രായം കാഴ്ചയിൽ ആരോഗ്യ ദൃഢഗാത്രൻ, എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയൻ എന്തുകൊണ്ട് ആരും ഇഷ്ടപ്പെടുന്ന വ്യക്തിയും വ്യക്തിത്വവും ,ഇന്നത്തെ സഭയുടെ ശുശ്രൂഷകരെ തിരഞ്ഞെടുക്കുമ്പോൾ വിശ്വാസികളുടെ നേതാക്കന്മാരും ,ചില മാനദണ്ഡങ്ങൾ നിശ്ചയിക്കാറുണ്ട് , വരുന്ന ശുശ്രൂഷകൻ ഡോക്ടേറ്റ് ഉള്ളതായിരിക്കണം , ഭാഷാപരിജ്ഞാനിയും, ഡൈനാമിക് പേഴ്സണാലിറ്റി ഉള്ളതായിരിക്കണം , പലവിധ ഭാഷയിൽ അഗ്രഗണ്യൻ ആയിരിക്കണം , പാട്ടുപാടുവാൻ കഴിവുള്ളവർ ആയിരിക്കണം , തങ്ങളുടെ മക്കളെ വലിയ കഴിവുള്ളവർ ആക്കണം , തങ്ങളുടെ മക്കളെ താലന്ത് പരിശോധനയിൽ ഒന്നാം സ്ഥാനത്ത് കൊണ്ടുവരുവാൻ തക്കവണ്ണം കഴിവുള്ളവർ ആയിരിക്കണം , ഇത്യാദി നിരത്തിവെച്ചിരിക്കുന്ന യോഗ്യത പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇന്നുള്ള ശുശ്രൂഷകരുടെ നിയമനം ,അഥവാ ഈ യോഗ്യതയില്ലാത്ത ശുശ്രൂഷകൻ ആണെങ്കിൽ അവരുടെ കാര്യം വളരെ ദയനീയം തന്നെ, ഇത്രയും മാനദണ്ഡങ്ങൾ നീക്കി നിരത്തി നികത്തി വച്ച് ശുശ്രൂഷകരെ നിയമിക്കുമ്പോൾ ,ഒരു നേതാവും ,ഒരു വിശ്വാസിയും, ആവശ്യപ്പെടാറില്ല ദൈവകൃപയുള്ള ദൈവവചനാടിസ്ഥാനത്തിൽ ജീവിതസാക്ഷ്യമുള്ള, മുഖപക്ഷം ഇല്ലാതെ ദൈവ പക്ഷത്തുനിന്ന് ദൈവത്തിനു പകരമായി ശുശ്രൂഷിക്കുന്ന, ശുശ്രൂഷകരെ വേണം എന്ന് പറയുവാൻ .ഇന്നത്തെ ദൈവസഭയുടെ തികഞ്ഞ പരാജയത്തിന് കാരണം ഇതുതന്നെ .

നേതാവിൻറെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു സ്ഥലംമാറ്റവും ഇന്ന് ദൈവസഭയിൽ നടക്കുകയില്ല ,
നേതാവിന്റെ താൽപര്യത്തിനും, നേതാവിൻറെ ഇഷ്ടാനിഷ്ടങ്ങൾ ശിരസാ വഹിക്കുന്ന , ദൈവവചനത്തിനു വിപരീതമായി എന്ത് പ്രവർത്തിച്ചാലും ഏറാൻ മൂളി യെപ്പോലെ ഓ…അച്ചാ…. ഓ…എന്ന് ഓച്ഛാനിച്ചു നിൽക്കുന്ന പ്രതികരണ ശേഷി പണയംവച്ചുണ്ണുന്ന ഒരു പറ്റം ഷണ്ഡൻമാരെ ആണ് ഇന്ന് സഭയുടെ ശുശ്രൂഷ ഏൽപ്പിക്കുന്നത് , ദൈവത്തിന് വേണ്ടി സംസാരിക്കാൻ ഇന്ന് ശുശ്രൂഷകർ കുറവാണ്, നേതാവിന് വേണ്ടി സംസാരിക്കാനാണ് ഏവർക്കും താല്പര്യം ,കാരണം അടുത്ത സ്ഥലം മാറ്റം ഏതെങ്കിലും മൂലയിൽ ആയിരിക്കും എന്ന് ഭയന്നു നേതാക്കന്മാരുടെ വാക്കുകളാണ്. ഇന്ന് ദൈവവചനത്തെക്കാൾ പ്രാധാന്യത നൽകാറുള്ളത്.

ശൗലിനെ ദൈവം തിരഞ്ഞെടുക്കുവാനുള്ള കാരണം,തന്റെ ദാസനായ ശമുവേലിന്റെ മക്കളെ ഏൽപ്പിച്ച ശുശ്രൂഷ പാടേ ദൈവഹിതത്തിന്റെ എല്ലാ വ്യവസ്ഥകളെയും തകിടം മറിച്ച് തൻറെ ജനത്തെ വഷളത്വത്തിലേക്ക് വിടുന്നു. ജനം പൊറുതിമുട്ടി ശമുവേലിനോട് ആവശ്യപ്പെട്ടു ഞങ്ങൾക്ക് ഒരു രാജാവിനെ തരിക.ശുശ്രൂഷകരായ ശമുവേലിന്റ മക്കൾ ശിശ്രുഷ ഏറ്റെടുത്തതു കൊണ്ട് ,ജനം നല്ലതു പ്രതീക്ഷിച്ചു ,എന്നാൽ മറിച്ചായിരുന്നു അനുഭവം.

ഇവിടെ ചില സത്യങ്ങൾ വ്യക്തമാക്കുന്നു. ദൈവത്തിൻറെ മഹത്വമുള്ള വേലയിൽ വളരെ
ശക്തരായി ഉപയോഗിച്ച , ശുശ്രൂഷകളുടെ മക്കൾ അതേ ശിശ്രുഷ നിറപടിയായി നിവർത്തിക്കും എന്ന് അവകാശപ്പെടാനോ ? അഭിമാനപ്പെടാനോ ? അനുഭവിക്കുവാനോ ?കഴിയില്ല . ദൈവപക്ഷത്ത് തീവ്രതയോടെ നിന്ന ശമുവേലിന്റെ മക്കൾ ഈ വിധം ആയി തീർന്നു എങ്കിൽ ദൈവത്തെ കുറിച്ച് വ്യക്തമായ ബോധവും, ദർശനവും നഷ്ടപ്പെട്ട ഈ കാല ശുശ്രൂഷകരുടെ മക്കൾ ഇതിൻറെ പതിമടങ്ങു അപഥസഞ്ചാരത്തിലേക്ക് ജനത്തെ തള്ളിവിടുന്നതിൽ അതിശയോക്തിയില്ല.

കാരണം കൃപ നഷ്ടപ്പെട്ട് , ദ്രവ്യാഗ്രഹവും , സാമ്പത്തിക ലാഭം ,നോക്കി ശുശ്രൂഷിക്കുന്ന ശുശ്രൂഷകരുടെ മക്കൾ എന്തായി തീരും എന്ന് മഹാകവി കെ വി സൈമൺ സാർ ഇങ്ങനെ പാടി ” തിത്തിരികള്‍ അന്യ മുട്ടയെ വിരിയിച്ചിടും പോല്‍ ലുബ്ദരായോര്‍ ഭൂധനങ്ങളെ ചേര്‍ത്തു കൂട്ടിയിട്ടാ ധനങ്ങളിന്‍ മേല്‍ പൊരുന്നിരുന്നായവ വിരി-
ഞ്ഞാര്‍ത്തി നല്‍കിടും മാമോന്‍ കുട്ടികളായ് പുറപ്പെടുന്നാര്‍ത്ത നാഥനേ ” ഈകവിത ശകലം വളരെ അർത്ഥവത്തായി വെളിപ്പെട്ടു വരുന്നത് ഈ കാലഘട്ടത്തിൽഎന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

ശമുവേലിന്റെ മക്കളായ യോവേൽ, അബിയാവ് ദൈവവ്യവസ്ഥയ്ക്ക് വിപരീതം ആകുകയും, ജനത്തെ പീഡിപ്പിക്കുകയും ചെയ്തപ്പോൾ ജനം ചുറ്റുമുള്ള രാജാക്കന്മാരെ ശ്രദ്ധിച്ചു , അവരെ പോലുള്ള രാജാവ്‌ തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു ശമുവേലിനോട്. ദൈവ വ്യവസ്ഥപ്രകാരം നിലകൊള്ളുന്ന ശമുവേലിനെ തള്ളി യഥാർതത്തിൽ ദൈവത്തെ തള്ളിക്കളഞ്ഞു , ഇതിനെല്ലാം കാരണക്കാരായത് ശമുവേലിന്റെ മക്കളാണ് അവരുടെ ദ്രവ്യാഗ്രഹം , അവരുടെ അധികാര ആധിപത്യം, അവരുടെ അഹംകാരം .

ദൈവസഭയിലെ അരാജകത്വത്തിനും അനാത്മികതയ്ക്കും അധ:പതനത്തിനും കാരണം ദൈവജനത്തെ മാത്രം പഴിചാരി രക്ഷപ്പെടാൻ ആർക്കും കഴിയില്ല മറിച്ച് …… യിരമ്യാവു 50:6 എന്റെ ജനം കാണാതെപോയ ആടുകൾ ആയീത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ചു മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്നു കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.

1 thought on “ശിശ്രൂഷയും മക്കളും

Comments are closed.