മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

Articles Breaking News Editorials India Kerala

മുഖപക്ഷമില്ലാത്ത നിത്യ ജീവിതം
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും നിയന്ത്രിക്കുവാനും നിലയ്ക്കു നിര്‍ത്തുവാനും ചില മത സംഘടനകള്‍ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ദുഃസ്ഥിതി ഈ അടുത്ത കാലത്തായി ഏറ്റവും വര്‍ദ്ധിക്കുകയും ചെയ്തു. മത നിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും ജനപ്രതിനിധികളേയും നിശ്ചയിക്കുന്നത് ഇത്തരം മത സംഘടനകളാണെന്നുള്ള ചിന്ത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്.

കേരത്തില്‍ ഏതു മുന്നണികള്‍ ഭരിക്കണമെന്ന് തീരുമാനിക്കുന്നതും എം.എല്‍ ‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും മറ്റ് പ്രതിനിധികളും കൂടുതലും തങ്ങളുടെ മതത്തില്‍ നിന്നുള്ളവരാകണമെന്നു വാദിക്കുന്നവരാണ് പ്രമുഖ സംഘടനകള്‍ ‍.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കന്മാര്‍ പരസ്യമായും രഹസ്യമായും മതസംഘടനകളുടെ ആസ്ഥാനങ്ങള്‍ കയറി ഇറങ്ങി വിജയം ഉറപ്പു വരുത്തുന്ന രീതി കൂടി വരുന്നു. ഈ രീതികൊണ്ടുതന്നെയാണ് മതസംഘടനകള്‍ പിടി മുറുക്കുന്നത്.

സംസ്ഥാനത്തെ പൊതു സ്വത്ത്, ഭരണ വ്യവസ്ഥ എന്നിവയില്‍ എല്ലാ പൌരന്മാര്‍ക്കും തുല്യ അവകാശമാണുള്ളത്. എന്നാല്‍ നികുതി കൊടുപ്പാന്‍ നിര്‍ബന്ധിതരായിരിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും നാട്ടില്‍ തുല്യ നീതി ലഭിക്കാറില്ല.

ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ചില പ്രമുഖ മതവിഭാഗങ്ങളെ കേന്ദ്രീകരിച്ചു മാത്രം അനുഭവിച്ചു പോരുന്നു. സംഘടിത ശക്തിയല്ലാത്തവര്‍ വാതിലിനു പുറത്തും നില്‍ക്കുന്ന കാഴ്ചയാണ് സമൂഹത്തില്‍ കാണുന്നത്. നീതി, സമത്വം എല്ലാവര്‍ക്കും ബാധകമായിരിക്കെ, ഇത് കുറച്ചു വിഭാഗങ്ങള്‍ക്കു മാത്രം ലഭിക്കുന്നത് അനീതിയാണ്. ഈ സ്ഥിതി മാറ്റേണ്ടിയിരിക്കുന്നു.

സമൂഹത്തില്‍ മത നേതാക്കളും അധികാരസ്ഥാനത്തിരിക്കുന്നവരും തുല്യ നീതി സമൂഹത്തോടു കാണിക്കണമെന്നില്ല. അവരവരെ പ്രതിനിധീകരിക്കുന്ന അണികളെ മാത്രം തൃപ്തിപ്പെടുത്തുമ്പോള്‍ ജനം ഒടുവില്‍ എങ്ങും ഒരു ആശ്രയം ലഭിക്കാതെ വരുന്നു. ഇങ്ങനെ വ്യാകുലപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ അവര്‍ക്ക് ആശ്രയിപ്പാന്‍ വകയുണ്ട്.

അത് ഈ ഭൂമിയെ സൃഷ്ടിച്ചവനും സകലത്തിനും അധികാരമുള്ളവനുമായ യഹോവയായ ദൈവത്തില്‍ മാത്രമാണ് ഏക പ്രത്യാശ. മനുഷ്യര്‍ക്കു മുഖപക്ഷമുണ്ട്, വ്യത്യാസമുണ്ട്. സ്നേഹത്തില്‍ ഇടപെടലുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. എന്നാല്‍ യഹോവയായ ദൈവത്തിന് മുഖപക്ഷമില്ല. നാം നമ്മുടെ വിഷയങ്ങള്‍ ദൈവമുമ്പാകെ അവതരിപ്പിക്കുമ്പോള്‍ ദൈവം നമ്മുടെ ആവശ്യങ്ങളറിഞ്ഞ് നമ്മെ സഹായിപ്പാന്‍ മുന്നോട്ടു വരും.
ദൈവീക സഹായങ്ങള്‍ ലഭിക്കുവാന്‍ വ്യവസ്ഥകളുമുണ്ട്.

ദൈവത്തെ ആത്മാവിലും സത്യത്തിലുമാരാധിച്ച് ദൈവത്തിന്റെ മക്കളായി നാം ജീവിക്കണം. ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി നാം അംഗീകരിക്കുകയും ആരാധിക്കുകയും വേണം. അപ്പോള്‍ നമ്മുടെ വിഷയങ്ങള്‍ക്ക് ദൈവം മറുപടി നല്‍കും. നമുക്ക് ഈ ഭൂമിയില്‍ നിന്നും നീതി വാങ്ങിത്തരുവാന്‍ ദൈവം സന്നദ്ധനാണ്.

നമ്മുടെ ആവശ്യം നീതിയുക്തവും ദൈവത്തിനു പ്രസാദകരവുമാണെങ്കില്‍ പ്രയാസഘട്ടങ്ങളില്‍ അവന്‍ നമ്മെ സഹായിക്കും. അതിനെ അട്ടിമറിക്കാനോ തടയുവാനോ ഒരു സംഘടിത ശക്തികള്‍ക്കും സാദ്ധ്യമല്ല. ദൈവം നമ്മോട് അരുളിച്ചെയ്യുന്നത് നാം നിവര്‍ത്തിക്കുക. ഈ ലോകത്ത് നാം ദൈവത്തിന്റെ മക്കളായി ജീവിക്കുമ്പോള്‍ നമ്മെ സഹായിപ്പാനും സംരക്ഷിപ്പാനും ദൈവം നമ്മോടൊപ്പമുണ്ടെന്ന് വിശ്വസിക്കുക.

നമുക്ക് സ്വാധീനശക്തികളോ ആള്‍ബലമോ ഇല്ലായെങ്കിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ദൈവമക്കള്‍ക്ക് താങ്ങും തണലുമാണ്. നമുക്ക് സമത്വം ലഭിക്കുവാനുള്ള ഏക സ്ഥലം സ്വര്‍ഗ്ഗത്തില്‍ മാത്രമാണെന്നുള്ള കാര്യവും മറന്നുപോകരുത്. ഈ ലോകത്ത് അത് ഒരിക്കലും ലഭ്യമായി എന്നു വരികയില്ല. ദൈവത്തില്‍ മാത്രം ആശ്രയിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.

1 thought on “മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

Comments are closed.