സഭയും സംഘടനയും പ്രസ്ഥാനവും മതവും ആയിരിക്കരുത് വലുത്, ദൈവവും, നമ്മുടെ ജീവിതവും, കുടുംബവുമായിരിക്കണം. (റവ. ജോർജ് മാത്യു പുതുപ്പള്ളി)

സഭയും സംഘടനയും പ്രസ്ഥാനവും മതവും ആയിരിക്കരുത് വലുത്, ദൈവവും, നമ്മുടെ ജീവിതവും, കുടുംബവുമായിരിക്കണം. (റവ. ജോർജ് മാത്യു പുതുപ്പള്ളി)

Articles

ജീവിതം എന്നെ പഠിപ്പിച്ചത് : സഭയും സംഘടനയും പ്രസ്ഥാനവും മതവും ആയിരിക്കരുത് വലുത്, ദൈവവും, നമ്മുടെ ജീവിതവും, കുടുംബവുമായിരിക്കണം. (റവ. ജോർജ് മാത്യു പുതുപ്പള്ളി)
റവ. ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)
ഒരു ആത്മീയസുഹൃത്ത് എന്നോടു ചോദിച്ചു : ‘ജീവിതം താങ്കളെ പഠിപ്പിച്ച പ്രധാന പാഠങ്ങൾ എന്താണ് ? ലഘുവായി ഒന്നു വിശദീകരിക്കാമോ ?’ ഒരു കുറിപ്പിൽ മറുപടി തരേണ്ട ചോദ്യമല്ലിത്. ജീവിതം ഒരു മഹാസമുദ്രംപോലെ അഗാധവും ആകാശംപോലെ വിശാലവുമാണ്.

എന്നാൽ ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തിനാണ് നാം ഏറെ പ്രാധാന്യം കൊടുക്കേണ്ടത് ?
ജീവിതം എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഒരു ജന്മം പറഞ്ഞാൽ തീരാത്തത്ര പാഠങ്ങൾ. പാഠങ്ങൾ ഏറ്റെടുത്ത് ഞാൻ കഴിവതും തെറ്റുകൾ തിരുത്താറുണ്ട്.

എന്റെ യൗവനത്തിൽ, ആദർശപുരുഷന്മാരെന്ന് കരുതിയ നിരവധി വ്യക്തികളെ ഞാൻ മനസാ ആരാധിച്ചിരുന്നു. എന്നാൽ അവരോട് കൂടുതൽ അടുത്തപ്പോൾ, അവർ ആരുംതന്നെ ഞാൻ വിചാരിച്ചതുപോലെ അത്ര ആദർശശാലികൾ അല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.

എന്റെ സുഹൃത്തും മലയാള മനോരമ എഡിറ്ററുമായിരുന്ന ക്രിസ് തോമസ് സർ ഒരിക്കൽ പറഞ്ഞത് എന്നെ ഏറെ ചിന്തിപ്പിച്ചു : ‘ആരെയും നാം ആദർശപുരുഷന്മാരായും, ‘ഗോഡ് ഫാദേഴ്സായും’ (God fathers) കരുതരുത്. അവരോട് നാം കൂടുതൽ അടുക്കുമ്പോൾ അവരൊക്കെ നമ്മെപ്പോലെ വെറും സാധാരണക്കാരാണെന്നു മനസിലാകും.

കൂടുതൽ അടുത്താൽ അവരാകുന്ന വിഗ്രഹങ്ങൾ നമ്മുടെ മനസിൽനിന്നും വീണുടയും.’ എനിക്കു കിട്ടിയ ഏറ്റവും നല്ല ഉപദേശങ്ങളിൽ ഒന്ന് അതായിരുന്നു.

അതായിരുന്നു എനിക്കു ലഭിച്ച പാഠങ്ങളിൽ വച്ച് ഏറ്റവും നല്ല പാഠവും. അതിൽപ്പിന്നെ ഭൂമിയിൽ ആരെയും നൂറു ശതമാനം ആദർശപുരുഷന്മാരെന്നു ഞാൻ ഇന്നുവരെ കരുതിയിട്ടില്ല. സഭയെക്കാളും, മതത്തെക്കാളും, സംഘടനയെക്കാളും, പ്രസ്ഥാനത്തെക്കാളും വലുത് ദൈവവും, എന്റെ ജീവിതവും, കുടുംബവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

സഭയ്ക്കു വേണ്ടിയോ മതത്തിനു വേണ്ടിയോ, സംഘടനക്കു വേണ്ടിയോ, പ്രസ്ഥാനത്തിനു വേണ്ടിയോ ജീവിതം പാഴാക്കി സ്വയം വിഡ്ഢിയാകാൻ കഴിയാത്തതാണ് ജീവിതത്തിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ പരമഭാഗ്യം.

ജീവിതം എന്നെ പഠിപ്പിച്ചതും ഞാൻ അനുകരിക്കുന്നതുമായ ജീവിതശൈലി ഇപ്രകാരമാണ് : ‘ജീവിതത്തിൽ ഒന്നാം സ്ഥാനം ദൈവത്തിന്, രണ്ടാം സ്ഥാനം എന്റെ കുടുംബത്തിന്, ബാക്കിയുള്ള സ്ഥാനങ്ങൾ ജോലി, സഭ, സമൂഹം, മറ്റുള്ളവർ എന്നിവയ്ക്ക്’. യൗവനത്തിൽ എനിക്ക് ദൈവത്തെക്കാൾ വലുത് എന്റെ ‘മതം’ (Religion) ആയിരുന്നു.

മതത്തിനു വേണ്ടി മരിക്കാൻപോലും ഞാൻ തയാറായിരുന്നു. എന്നാൽ മതത്തിനു വേണ്ടി ജീവിതം പാഴാക്കുന്നത് പമ്പരവിഡ്ഢിത്തമാണെന്ന് യൗവനത്തിൽത്തന്നെ ദൈവം എന്നെ പഠിപ്പിച്ചതിനാൽ ഞാൻ അത്ഭുതകരമായി ആ ബന്ധനത്തിൽനിന്നും രക്ഷപ്പെട്ടു.

അതിൽപ്പിന്നെ എനിക്ക് ഏറ്റവും വലുത് മഹാദൈവവും എന്റെ ആത്മരക്ഷകനുമായ യേശുക്രിസ്തുവാണ്. യേശുകർത്താവ് കഴിഞ്ഞാൽ എന്റെ കുടുംബം. അതും കഴിഞ്ഞേ മറ്റെന്തിനും എന്റെ ജീവിതത്തിൽ ഇന്നുവരെ ഞാൻ പ്രാധാന്യം കല്പിച്ചിട്ടുള്ളൂ.

ജീവിതം അനുഗ്രഹകരമാകാൻ കാരണമായത് ഈ ജീവിതശൈലിയാണ് എന്നത്രെ എന്റെ വിശ്വാസം. സഭാസ്പിരിറ്റ്‌ എന്ന ദുർഭൂതം ഇന്നുവരെ എന്നെ പിടിച്ചിട്ടില്ല.

പിടിക്കാൻ ഞാൻ അനുവദിക്കില്ല. സ്റ്റേജ് ഭ്രമമോ, അധികാരമോഹമോ, പദവികളോ, പണത്തോടുള്ള ആർത്തിയോ, ആഡംബര ജീവിതമോ, ധൂർത്തോ, സ്ഥാനമോഹങ്ങളോ, എന്റെ ഏഴയൽവക്കത്തുപോലും എത്തി നോക്കാൻ ഈ നിമിഷംവരെ ഞാൻ സമ്മതിച്ചിട്ടില്ല. വഴിയോരം ചേർന്ന് ശാന്തമായി നടന്നു പോകുന്ന ഒരു സഞ്ചാരി മാത്രമാണ് ഞാൻ.

അതുകൊണ്ട് ഞാനൊരു ആദർശവാദിയോ മാതൃകാപുരുഷനോ, അപാര ധൈര്യശാലിയോ, ഭക്തകേസരിയോ, വിശുദ്ധ പുരുഷനോ ഒന്നുമല്ല. വെറും ഒരു സാധാരണക്കാരൻ, സാധാരണക്കാരിലും സാധാരണക്കാരൻമാത്രം. എന്തെങ്കിലും ഒരു മേന്മ എന്നിലുണ്ടെങ്കിൽ അത് മഹാദൈവമായ യേശുകർത്താവിന്റെ കൃപയും ഔദാര്യവും ഒന്നുമാത്രം.

അത് എന്നിൽനിന്നും ഇല്ലാതായാൽ ഞാൻ വെറുമൊരു വട്ടപ്പൂജ്യം മാത്രമായി മാറും, ഒരു ആനപ്പൂജ്യം. കപടവിനയത്തിൽ പൊതിഞ്ഞ ഉപചാരവാക്കുകൾ അല്ലിത്, ഹൃദയരക്തത്തിൽ ചാലിച്ച് എഴുതുന്ന സത്യപ്രസ്താവനയാണ്.

മറ്റുള്ളവരിൽ കാണുന്ന കഴിവുകളെ ഞാൻ പ്രോത്സാഹിപ്പിക്കുകയും ദൈവം ഹൃദയത്തിൽ പ്രേരിപ്പിക്കുന്നവരെക്കുറിച്ച് എഴുതാറുമുണ്ട്. അത് ഒരിക്കലും മനുഷ്യപ്രസാദമായി എനിക്കു തോന്നിയിട്ടില്ല. യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച എല്ലാവരെയും ദൈവമക്കളും സഹോദരങ്ങളുമായി ഞാൻ കരുതുന്നു.

അല്ലാത്തവരെയും ഞാൻ സ്നേഹിക്കുന്നു. ഇതൊക്കെയാണ് പ്രശസ്തനല്ലാത്ത എന്റെ ചെറിയ ജീവിതം എന്നെ പഠിപ്പിച്ച വിജയപാഠങ്ങളിൽ ചിലത്.

എന്റെ സുഹൃത്ത് ചോദിച്ച ചോദ്യത്തിനുള്ള മറുപടി മറ്റാർക്കെങ്കിലുംകൂടി പ്രയോജനം ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നു കരുതി എന്റെ ഫേസ്ബുക്ക് പംക്തിയിൽ പോസ്റ്റ്‌ ചെയ്യുന്നു (വാട്സ്ആപ്പ് : 98474 81080)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.