മരുന്നുകളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

മരുന്നുകളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

Articles Breaking News Editorials

മരുന്നുകളില്‍ ആശ്രയിക്കുന്നുവോ? (എഡിറ്റോറിയൽ)

വ്യാജമരുന്നുകളുടെ അതിപ്രസരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇന്ന് വൈദ്യശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്.

രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒക്കെയായി വിലകൂടിയതും കുറഞ്ഞതുമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കുമ്പോള്‍ സ്വകാര്യആശുപത്രികളില്‍ വന്‍തുകകള്‍ ഈടാക്കി ചികിത്സിക്കുന്നു.

കൂടാതെ ഇപ്പോള്‍ ശരീരത്തിന്റെ വണ്ണം കൂട്ടാനും കുറയ്ക്കാനും ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും തുടങ്ങി ആന്തരികവും ബാഹ്യവുമായ ശരീരത്തിന്റെ രോഗങ്ങള്‍ക്കു പ്രതിവിധിയായി പല ആയുര്‍വേദ മരുന്നുകളും വിപണിയിലുണ്ട്.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാതെ തന്നെ മെഡിക്കല്‍ഷോപ്പുകളിലും ജനറല്‍ സ്റ്റോഴ്സുകളില്‍ നിന്നും നേരിട്ട് മരുന്നുകള്‍ വാങ്ങിക്കുവാന്‍ ഇന്നു കഴിയുന്നു.

രോഗം കണ്ടുപിടാക്കാതെ തന്നെ ഊഹാപോഹത്തില്‍ ചിലര്‍ സ്വയം മരുന്നുകള്‍ ഉപയോഗിച്ചു വരുന്നു. പലതും വ്യാജമരുന്നുകളായിരിക്കും വിപണിയില്‍ ലഭിക്കുക. വന്‍ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ ജനം പരസ്യ മായാജാലത്തില്‍ കുടുങ്ങിപ്പോകുന്നു. രോഗത്തിനു ചികിത്സ നല്ലതാണ്.

പക്ഷേ ശരിയായ രീതിയില്‍ വൈദ്യന്മാര്‍ കല്പിച്ചു നിര്‍ദ്ദേശിക്കുന്ന ചികിത്സയും മരുന്നും മാത്രമേ രോഗികള്‍ ഉപയോഗിക്കാവൂ. ഇല്ലെങ്കില്‍ ശരീരത്തിനു ദോഷം ചെയ്യും.

പണ്ട് ക്രൈസ്തവര്‍ പ്രത്യേകിച്ച് ആദ്യകാല പെന്തെക്കോസ്തു വിശ്വാസികള്‍ കര്‍ത്താവില്‍ അടിയുറച്ചു വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നതിനാല്‍ അവരില്‍ നല്ലൊരു ശതമാനം തങ്ങളുടെ രോഗത്തിനു മരുന്നുകള്‍ ഉപയോഗിക്കില്ലായിരുന്നു.

എല്ലാവരും വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു ദൈവത്തില്‍ നിന്നു രോഗസൌഖ്യം പ്രാപിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. വിശ്വാസവും പ്രാര്‍ത്ഥനയും കുറവായതിനാല്‍ മരുന്നിനെത്തന്നെ ശരണം പ്രാപിക്കുന്നു. പെന്തെക്കോസ്തുകാര്‍ ബഹുഭൂരിപക്ഷവും ആശുപത്രികളില്‍ കയറിഇറങ്ങുന്ന കാഴ്ചകള്‍ ഇന്ന് പുതുമയല്ല.

അവരെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ അവിശ്വാസികള്‍ക്കുവേണ്ടി അവരുടെ രോഗത്തിനുവേണ്ടി അവര്‍ ആവശ്യപ്പെടുമ്പോള്‍ നാം പ്രാര്‍ത്ഥിക്കുന്നു. അവര്‍ ക്രിസ്തുവിനെ വിശ്വസിച്ച് പ്രാര്‍ത്ഥനയില്‍ വളരെ വിശ്വാസം കാണിക്കുന്നു. അവരുടെ രോഗങ്ങള്‍ക്ക് സൌഖ്യം ലഭിക്കുന്നു.

എന്നാല്‍ പെന്തെക്കോസ്തുകാരായ നമ്മള്‍ നമ്മുടെയും ഭവനത്തിലുള്ളവരുടെയും രോഗത്തിനു സൌഖ്യം ലഭിക്കുന്നതിനായി ആശുപത്രികള്‍ കയറിയിറങ്ങുന്നു. വന്‍ തുകകള്‍ മുടക്കി ചികിത്സ തേടുന്നു. ഇതില്‍ നമ്മുടെ ദൈവത്തോടുള്ള വിശ്വാസത്തിനു എന്തുവിലയാണ് നാം തന്നെ കല്പിക്കുന്നത്?

അപകടങ്ങള്‍, ഓപ്പറേഷനുകള്‍ തുടങ്ങിയ മാരക പ്രതിസന്ധികള്‍ വരുമ്പോള്‍ ഏതൊരുവ്യക്തിയും ചികിത്സതേടുന്നത് സ്വാഭാവികമാണ്.

പക്ഷേ ചെറിയ രോഗത്തിനുപോലും നാം മുറുകെപ്പിടിക്കുന്ന ജീവനുള്ള ദൈവത്തില്‍ ആശ്രയിക്കാതെ ആശുപത്രികളില്‍ അഭയംതേടുന്നത് ശരിയാണോ? കുഷ്ടരോഗിക്ക് സൌഖ്യം നല്‍കിയ കര്‍ത്താവ്, പക്ഷപാതക്കാരന് സൌഖ്യംനല്‍കിയ കര്‍ത്താവ്, മരിച്ച ലാസറിനെ ഉയര്‍പ്പിച്ച കര്‍ത്താവ് നമ്മുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരകനാണെന്നുള്ള വസ്തുത നാം ഓര്‍ക്കണം.

ബൈബിള്‍ പറയുന്നു, “വിശ്വാസത്തോടുകൂടിയുള്ള പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും, കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും” (യാക്കോ: 5:15). എല്ലാവര്‍ക്കും പ്രാര്‍ത്ഥനയുണ്ട്.

പക്ഷേ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന ഇല്ല. അതുകൊണ്ടാണ് ഏതു നിസ്സാരകാര്യത്തിനും മരുന്നിനെ ആശ്രയിക്കുന്നത്.

സകലരോഗത്തിനും സൌഖ്യദായകനായ യേശുവില്‍ കൂടുതല്‍ ആശ്രയിച്ച് നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചു മുന്നോട്ടു പോകുവാന്‍ ദൈവം എല്ലാവരെയും ഇടയാക്കട്ടെ!
പാസ്റ്റര്‍ ഷാജി. എസ്.