ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍ (എഡിറ്റോറിയൽ)
വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ലഹരിവലയത്തിലാണ് നമ്മുടെ കൊച്ചു കേരളം.
ഇവയൊക്കെയും ജാതിമതവേര്‍തിരിവോ വര്‍ണ്ണവ്യത്യാസമോ ഇല്ലാതെ ഒട്ടുമിക്ക ആളുകളും പങ്കാളികളാകുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത.
ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പെരുനാളുകള്‍ക്കും ഏറെക്കുറെ സമാനതകളുണ്ട്. എല്ലായിടത്തും ചെണ്ടമേളം, വാദ്യഘോഷം, എഴുന്നുള്ളത്ത്, ഘോഷയാത്ര, വെടിക്കെട്ട്, കലാപരിപാടികള്‍ എന്നിവ സജീവമാണ്. ഇതില്‍ മത വ്യത്യാസങ്ങളില്ല. ആയതുകൊണ്ട് തന്നെയാണ് ഇത്തരം ചടങ്ങുകള്‍ക്ക് വന്‍ ജനപങ്കാളിത്തം ലഭിക്കുന്നത്.
ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ലഹരികൂട്ടുവാന്‍ പ്രധാനപ്പെട്ട ഒരിനമാണ് മദ്യം. മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നില്ല. എന്തായാലും ആഘോഷങ്ങളും ഉത്സവങ്ങളും ഒന്നിനൊന്ന് വര്‍ദ്ധിച്ചുവരികയാണ്.
ഇവയൊക്കെ ബൈബിള്‍ അനുശാസിക്കുന്ന ആചാരങ്ങളല്ല, എന്നു ഉറപ്പിച്ചു പറയട്ടെ!. ക്രൈസ്തവരെന്നു പേരുചാര്‍ത്തപ്പെട്ട നാമധേയ ക്രൈസ്തവരില്‍ ചില വിഭാഗങ്ങളും മുകളില്‍ പറഞ്ഞിരിക്കുന്ന ആഘോഷങ്ങളിലും ഉത്സവങ്ങളിലും പൊടിപൊടിക്കുന്നു. ഇത്തരം ആചാരങ്ങളും അനുഷ്ടാനങ്ങളും യഹോവയായ ദൈവം എതിര്‍ക്കുന്ന കാര്യങ്ങളാണ്.
ദൈവം പറയുന്നു “ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്, ഒരു വിഗ്രഹം ഉണ്ടാകരുത്, യാതൊന്നിന്റെയും പ്രതിമയെ നമസ്ക്കരിക്കുകയോ സേവിക്കുകയോ അരുത്” (പുറപ്പാട്.20:2-5). ഇത് ഇസ്രായേല്‍ മക്കളോടാണെങ്കിലും സര്‍വ്വസൃഷ്ടികളോടുകൂടിയാണ് ദൈവം അരുളിച്ചെയ്തത്.
യേശു ശമര്യാസ്ത്രീയോട് പറഞ്ഞതും ഇതുതന്നെയാണ്. “പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും യരുശലേമിലുമല്ല. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം” (യോഹ.4:21,24).
ദൈവം ആത്മാവാണ്. ദൈവത്തിന്റെ രൂപങ്ങളോ, അടയാളങ്ങളോ ഒരു വ്യക്തിക്കും അറിയില്ല. അങ്ങനെയിരിക്കെ യേശുവിന്റെ രൂപങ്ങള്‍ ഉണ്ടാക്കി അവയുടെ മുന്‍പില്‍ നമസ്കരിക്കുന്നത് തനി വിവരക്കേടാണ്. പിതാവായ ദൈവവുമായി നമുക്കു ബന്ധമുള്ളത് യേശുവില്‍ക്കൂടിമാത്രമാണ്.
അതുകൊണ്ടാണ് യേശു പറഞ്ഞത് ഞാന്‍തന്നെ വഴിയും സത്യവും ജീവനും ആകുന്നുവെന്ന്. മുന്‍പ് മരിച്ച പുണ്യവാളന്മാരോ വിശുദ്ധരോ ആയ മനുഷ്യരോട് മധ്യസ്ഥചെയ്യുവാന്‍ സാധ്യമല്ല.
അങ്ങനെയൊരു ക്രമീകരണം ദൈവം ഒരുക്കിയിട്ടില്ല. മധ്യസ്ഥന്മാരുടെയും യേശുവിന്റെയും പേരിലുള്ള പെരുന്നാളുകളും ആഘോഷങ്ങളും ദൈവവചന വിരുദ്ധമാണ്.
ഇന്ന് നാമധേയക്രൈസ്തവര്‍ ദൈവത്തെയും ദൈവവചനത്തെയും ജാതികളുടെ മുന്‍പില്‍ തെറ്റായി അവതരിപ്പിച്ച് ദൈവനാമം ദുഷിപ്പിക്കുകയാണ്.
അപരിഷ്കൃതവും വചനവിരുദ്ധമായ ആചാരങ്ങളില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും അനേകര്‍ മോചിതരായി യഥാര്‍ത്ഥ ദൈവമക്കളായി ജീവിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള മാനസാന്തരം ഇന്നും നിര്‍ലോഭമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പെന്തെക്കോസ്ത് ആരാധനകള്‍ അങ്ങനെ രൂപാന്തരപ്പെട്ടുവന്നവയാണ്.
ഇപ്പോഴും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി നടക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ദൈവമക്കള്‍ ശക്തമായി ഉണര്‍ന്നുവരണം. പഴയരീതിയിലുള്ള ആത്മാക്കളുടെ മാനസ്സാന്തരംപോലെ ഇന്നു ശക്തമായി നടക്കുന്നില്ല. ഇ
തു കണ്ടില്ലാ കേട്ടില്ലാ എന്നു നടിക്കാതെ പെന്തെക്കോസ്തു സഭകള്‍ പഴയകാലത്തെപ്പോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം പ്രവര്‍ത്തിക്കാം.
പാസ്റ്റര്‍ ഷാജി. എസ്.