ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്
പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും, റോമന്‍ പൌരത്വമുള്ളവനും സമൂഹത്തില്‍ ഉന്നതസ്ഥാനവും ലഭിച്ച അപ്പോസ്തോലനായ പൌലോസിന്റെ തന്നെ വാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്.
മറ്റുള്ളവരേക്കാള്‍ അധികം പ്രശംസിക്കുവാന്‍ വക ഉണ്ടായിരുന്ന വ്യക്തിത്വത്തിനു ഉടമയാണ് പൌലോസ്. എങ്കിലും താന്‍ കര്‍ത്താവിനാല്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു നിമിഷം സകല മഹത്വവും, പുകഴ്ചയും കര്‍ത്താവിന്റെ പാദപീഠത്തിങ്കല്‍ സമര്‍പ്പിക്കുകയുണ്ടായി.
ഒരു സാധാരണ വ്യക്തിയായി ജീവിച്ച് അസാധാരണ പ്രവൃത്തികള്‍ ചെയ്തെടുത്ത പൌലോസ് എന്തുകൊണ്ടും ദൈവസന്നിധിയില്‍ അധികം ആര്‍ക്കും ചെയ്തെടുക്കുവാന്‍ സാധിക്കാത്ത വീര്യപ്രവര്‍ത്തികളുടെ വക്താവായി തീര്‍ന്നത് നമുക്കേവര്‍ക്കും മാതൃകയാണ്.
താന്‍ ദൈവസന്നിധിയില്‍ താഴാതെ മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയല്ല ചെയ്തത്. താന്‍തന്നെ മാതൃകകാട്ടി മറ്റുള്ളവരെ ഗുണദോഷിക്കുകയാണ് ചെയ്യുന്നത്.
അതാണ് ഒരു ദൈവദാസന്റെ ഏറ്റവും വലിയ പ്രത്യേകത. പൌലോസ് തന്റെ ജീവിതത്തില്‍ ഏല്ലായ്പോഴും കര്‍ത്താവിന് സകല മഹത്വവും ബഹുമാനവും പുകഴ്ചയും നല്‍കി ജീവിച്ചതുകൊണ്ടാണ് തനിക്ക് ലോകത്തെ കീഴടക്കാനായത്. അനേകായിരങ്ങളെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് കൈപിടിച്ചുകൊണ്ടു വരാന്‍ സാധിച്ചത് തന്റെ ജീവിതശൈലികൊണ്ടു തന്നെയാണ്.
ഇന്നത്തെ കാലത്ത് ആയിരക്കണക്കിന് കര്‍ത്തൃദാസന്മാര്‍ ദൈവവേലയുടെ മുഖത്ത് പ്രവര്‍ത്തിക്കുന്നു. ചിലരെങ്കിലും അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇന്ന് നേരേ വിപരീതമായ ശൈലികളാണ് അവലംബിച്ചു വരുന്നത്.
തങ്ങളുടെ സ്വന്തം പ്രതാപവും പാണ്ഡിത്യവും വാക്സാമര്‍ത്ഥ്യവും ഒക്കെ മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ മത്സരിക്കുന്നു. എല്ലാം തങ്ങളുടെ മാത്രം മിടുക്കാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുന്നു. കര്‍ത്താവിനെ ഉയര്‍ത്തേണ്ട സ്ഥാനത്ത് തങ്ങളെത്തന്നെ ഉയര്‍ത്തുന്നു.
സ്വന്തം വീര്യപ്രവര്‍ത്തികള്‍ വര്‍ണ്ണിച്ചുള്ള പരസ്യങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. ആളുകൂട്ടാന്‍ വേണ്ടി എന്തെല്ലാം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നു. തങ്ങളുടെ ശുശ്രൂഷകള്‍ക്ക് പലവിധമായ ഓമനപ്പേരുകള്‍ ഇട്ടുകൊണ്ട് ജനത്തെ ആകര്‍ഷിക്കുവാന്‍ പാടുപെടുന്നു.
പണത്തിനും പ്രശസ്തിക്കുംവേണ്ടി കര്‍ത്തൃവേലയെ മറയാക്കി എന്തും കാട്ടിക്കൂട്ടുന്നവരാണ് ചിലര്‍ . ദൈവം രക്ഷിച്ചുവെങ്കില്‍ , കര്‍ത്താവു ശുശ്രൂഷ ഏല്‍പ്പിച്ചുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് ദൈവത്തിനു തന്നെയാണ്. നാം മനുഷ്യര്‍ ഒരു മാധ്യമം മാത്രമാണ്. കര്‍ത്തൃവേലയുടെ ഉടയവന്‍ കര്‍ത്താവു മാത്രമാണ്.
നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും മഹത്വവും, പ്രശംസയും, പുകഴ്ചയും കര്‍ത്താവിനു മാത്രം മതി. എങ്കില്‍ ദൈവം നമ്മെ ഉയര്‍ത്തുവാനിടയാകും. ഇല്ലായെങ്കില്‍ താഴ്ചയാണ് നമ്മെ കാത്തിരിക്കുന്നത്.
പാസ്റ്റര്‍ ഷാജി. എസ്.