ക്രൂശിന്റെ വചനം

Articles Breaking News Editorials

ക്രൂശിന്റെ വചനം

അപ്പോസ്തോല പ്രവൃത്തി 16-ല്‍ ഇപ്രകാരം കാണുന്നു. ദൈവത്തിന്റെ ദാസനായ വി. പൌലോസ് ഒരിക്കല്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് തന്റെ മനസ്സിന് ചൂടുപിടിച്ചു. യേശുവിനെക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍ എപ്പീക്കൂര്യരും.

സ്തോയിക്കരുമായിരുന്ന ചില തത്വജ്ഞാനികള്‍ ദൈവദാസനോട് വാദിച്ചു. തന്റെ വാക്ക് അംഗീകരിച്ചവര്‍ സുവിശേഷം കേള്‍ക്കുവാന്‍ സമ്മതിച്ചു. എന്നാല്‍ അംഗീകരിക്കാത്തവര്‍ തന്നെ പരിഹസിച്ചു.

ഈ കാലഘട്ടത്തിലും അനേകം ഭവനങ്ങളിലും മനുഷ്യഹൃദയങ്ങളിലും ബിംബങ്ങളും വിഗ്രഹങ്ങളും നിറഞ്ഞ മനുഷ്യരുടെ നാശാവസ്ഥ കണ്ടിട്ട് നിത്യരക്ഷാമാര്‍ഗ്ഗമായ യേശുവിനെ പ്രസംഗിക്കുമ്പോള്‍ രക്ഷിക്കപ്പെടുവാനുള്ളവര്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും നിത്യനാശത്തിലേക്കു പോകുന്നവര്‍ ക്രൂശിന്റെ വചനം നിരസിക്കുകയും ചെയ്യുന്നു.

ഈ ലോകത്തിന്റെ ജ്ഞാനികളും താര്‍ക്കികന്മാരും തങ്ങളുടെ ഈ ലോകത്തിന്റെ ജ്ഞാന മഹാത്മത്മ്യത്താല്‍ പല തത്വ ചിന്തകളും സിദ്ധാന്തങ്ങളും നിരൂപണങ്ങളും വാദങ്ങളും ആവിഷ്ക്കരിച്ച് തങ്ങളുടെ വ്യര്‍ത്ഥ ചിന്തകളാല്‍ യുക്തിവാദികളും നിരീശ്വരന്മാരും ആയി മാറിപ്പോയാല്‍ അവര്‍ക്ക് ശ്രേഷ്ഠം എന്ന് തോന്നിയ, ദൈവസന്നിധിയില്‍ ഭോഷത്വവുമായ ഈ ലോകത്തിന്റെ തങ്ങളുടെ ജ്ഞാനത്താല്‍ തങ്ങള്‍ ലോകര്‍ മുമ്പാകെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടും സത്യദൈവത്തെ അന്വേഷിക്കുന്നതില്‍ അവരെല്ലാം പരാജയപ്പെട്ടു. ഈ ലോകത്തിന്റെ ജ്ഞാനവാദികള്‍ എല്ലാം ഈ ലോകത്തിന്റെ ജ്ഞാനത്തില്‍ ശ്രേഷ്ഠരായി എങ്കിലും ദൈവമര്‍മ്മമായ യേശുക്രിസ്തുവിനെ അംഗീകരിക്കുന്നതിലും വിശ്വസിക്കുന്ന കാര്യത്തിലും അവര്‍ പരാജയപ്പെട്ടു.

ആകാശത്തിന്‍ കീഴില്‍ മനുഷ്യര്‍ രക്ഷിക്കപ്പെടുവാന്‍ പിതാവായ ദൈവം ഒരുക്കിയ ഏകനാമമായ രക്ഷിതാവായ കര്‍ത്താവായ യേശുവിനെ അംഗീകരിക്കാതെ കര്‍ത്താവിന് കേവലം ഒരു മഹാമനുഷ്യന്റെ സ്ഥാനം മാത്രം കല്‍പ്പിച്ച് അവര്‍ തങ്ങളുടെ വ്യര്‍ത്ഥവാദങ്ങളാലും നൂതന ചിന്തകളാലും യുക്തിവാദവും നിരീശ്വരവാദങ്ങളും മെനഞ്ഞ്, എങ്കിലും വലിയ ജ്ഞാനം എന്ന് അവര്‍ക്ക് തോന്നിയ, ദൈവമുമ്പാകെ ഭോഷത്വവുമായ അവരുടെ ജ്ഞാനവാദത്താല്‍ ‍, അവരെല്ലാം മനുഷ്യമുമ്പാകെ ശോഭിച്ചുവെങ്കിലും ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗമായ സത്യത്തിന്റെ പരിജ്ഞാനമായ യേശുവിനെ സ്വീകരിക്കുവാന്‍ കഴിയാതെ, അവര്‍ നിത്യരക്ഷാമാര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയാതെ പരാജയപ്പെടുകയാണുണ്ടായത്.

സുവിശേഷം അറിഞ്ഞിട്ടും തങ്ങളുടെ വാദങ്ങള്‍ ശരി എന്നുവച്ച് വചനം നശിച്ചുപോകുന്നവര്‍ക്ക് ഭോഷത്വം ആയിത്തീര്‍ന്നു എന്നു കാണുന്നു. എന്നാല്‍ ക്രൂശിന്റെ വചനം പ്രസംഗിച്ച വിശുദ്ധ അപ്പോസ്തോലന്മാരുടെ വാക്കുകള്‍ ജ്ഞാനത്തിന്റെ വശീകരണവാക്കുകളായിരുന്നില്ല.

ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനവും, ദൈവമര്‍മ്മവുമായ ക്രിസ്തുവിനെ അത്രെ തങ്ങള്‍ വെളിപ്പെടുത്തിയത്. ഈ ലോകത്തിന്റെ ജ്ഞാനികളും താര്‍ക്കികന്മാരും നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരും, നശിച്ചുപോകുന്ന ജാഞാനം പ്രസ്താവിച്ചപ്പോള്‍ ‍, ദൈവിക ജ്ഞാനം പ്രാപിച്ച ശ്രേഷ്ഠ അപ്പോസ്തോലന്മാര്‍ തങ്ങള്‍ കണ്ടതും അറിഞ്ഞതും “ദൈവത്തിന്റെ മറഞ്ഞിരുന്നതുമായ മര്‍മ്മമത്രേ” ജ്ഞാനമായി പ്രസ്താവിച്ചത്.

എന്നാല്‍ സുവിശേഷം ഈ ലോകത്തിന്റെ ജ്ഞാനികള്‍ക്ക് മറഞ്ഞിരുന്നു. അതിന്റെ കാരണം അവിശ്വാസികളായ അവരുടെ കണ്ണ് കുരുടായിപ്പോയി. നിത്യ രക്ഷ നേടുന്നതില്‍ തങ്ങള്‍ പരാജിതരായി.

എന്നാല്‍ ഒന്നും അറിയാത്തവര്‍ എന്ന് ലോകം വിലയിരുത്തുന്നവര്‍ ‘യേശു’ എന്ന തങ്ങള്‍ കേട്ട സത്യത്തില്‍ ക്രൂശിന്റെ വചനത്തില്‍ നിത്യരക്ഷയുടെ അവകാശികളായിത്തീര്‍ന്നു.

ദൈവമര്‍മ്മമായ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ ദൈവമുമ്പാകെ ബുദ്ധിമാന്മാരായിത്തീര്‍ന്നു. ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്വമായിത്തീര്‍ന്നപ്പോള്‍ വിളിക്കപ്പെട്ടവര്‍ക്ക് ക്രിസ്തു എന്ന നാമം ദൈവശക്തിയും ദൈവജ്ഞാനവുമായിത്തീര്‍ന്നു.

വിശ്വാസികളുടെ ഹൃദയങ്ങളില്‍ ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിയിരിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.