ക്രിസ്ത്യന്‍ രാഷ്ട്രം, 8000 ചര്‍ച്ചുകള്‍ അടച്ചിട്ടു, ജനം ആരാധിക്കുന്നത് ഗുഹകളില്‍

Africa Breaking News Global

റുവാണ്ട: ക്രിസ്ത്യന്‍ രാഷ്ട്രം, 8000 ചര്‍ച്ചുകള്‍ അടച്ചിട്ടു, ജനം ആരാധിക്കുന്നത് ഗുഹകളില്‍
കിഗാലി: കിഴക്കന്‍ ആഫ്രിക്കയില്‍ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണ് റുവാണ്ട. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, ഇവിടത്തെ വിവിധ ക്രൈസ്തവ സഭകളുടെ 8000-ത്തോളം ആരാധനാലയങ്ങള്‍ ഭരണകൂടം അടച്ചുപൂട്ടുവാന്‍ ഉത്തരവിറക്കി. കര്‍ത്താവിനെ ആരാധിക്കാന്‍ വിശ്വാസികള്‍ കണ്ടെത്തിയ സുരക്ഷിത സ്ഥലം ഗുഹകളാണ്.

ഒന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവ സമൂഹം നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് റുവാണ്ടയിലെ ദൈവജനം ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമിയുടെ കിരാത ഭരണം ക്രൈസ്തവര്‍ക്ക് വന്‍ ഭീഷണിയാണ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ മൂന്നാം തവണയും പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് ചില കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. ക്രൈസ്തവ സഭകള്‍ക്ക് ആരാധിക്കാനായി അംഗീകൃത കെട്ടിടങ്ങള്‍ വേണം അല്ലാത്തവ അടച്ചു പൂട്ടണം. എന്നാല്‍ ആരാധനാലയങ്ങള്‍ പണിതു കര്‍ത്താവിനെ ആരാധിക്കുന്ന വിശ്വാസികള്‍ വര്‍ഷങ്ങളായി ലൈസന്‍സിനു ശ്രമിച്ചിട്ടും നല്‍കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

രാജ്യത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനസംഖ്യ 1 കോടി 12 ലക്ഷമാണ്. ഇതില്‍ 95 ശതമാനത്തോളം ആളുകള്‍ ക്രൈസ്തവരാണ്. ഇതില്‍ 43% റോമന്‍ കത്തോലിക്കരും 37 % പേര്‍ പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍ ‍, പെന്തക്കോസ്തുകാരും, 11% ശാബത് സഭക്കാരുമാണ്. 2 ശതമാനം മാത്രമാണ് മുസ്ളീങ്ങള്‍ ‍.

പുതുതായി ആരാധനാലയങ്ങള്‍ ഉയരുന്നതു സുവിശേഷ വിഹിത സഭകള്‍ക്കും, പെന്തക്കോസ്തു വിഭാഗങ്ങള്‍ക്കുമാണ്. കാരണം പൌരോഹിത്യ സഭകളില്‍നിന്നും രക്ഷിക്കപ്പെട്ടു വരുന്നവര്‍ കര്‍ത്താവിനെ ആരാധിക്കാനായി വീടുകളും പുതിയ ആരാധനാലയങ്ങളും ഉപയോഗിക്കുന്നു. ഇതിനെ പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെന്നു സംശയിക്കുകയാണ് പാസ്റ്റര്‍മാരും സുവിശേഷകരും.

ആദിമ ക്രൈസ്തവ സഭകള്‍ അഭിമുഖീകരിച്ചതുപോലെ രഹസ്യ കേന്ദ്രങ്ങളില്‍ കര്‍ത്താവിനെ ആരാധിക്കേണ്ട അവസ്ഥയിലാണ് റുവാണ്ടയിലെ കര്‍ത്താവിന്റെ മണവാട്ടി സഭകള്‍ ‍. അടച്ചു പൂട്ടാന്‍ ഉത്തരവിട്ട സഭകളില്‍ 10-ല്‍ നാലും പെന്തക്കോസ്തു സഭകളാണ്. ഏകദേശം 3,300 പെന്തക്കോസ്തു സഭകളാണ് അടച്ചുപൂട്ടാന്‍ അധികാരികള്‍ ഉത്തരവിട്ടത്.