ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനു രക്ഷാകവചമായതു ബൈബിള്‍

Breaking News Europe Top News

ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനു രക്ഷാകവചമായതു ബൈബിള്‍
ലണ്ടന്‍ ‍: ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ വെടിയുണ്ടകളില്‍നിന്നു ബ്രിട്ടീഷ് പട്ടാളത്തിനു രക്ഷാകവചമായതു ഒരു ബൈബിള്‍ ‍. 1917-ല്‍ നടന്ന യുദ്ധത്തിനിടയില്‍ റോയല്‍ ആര്‍മി മെഡിക്കല്‍ കോറില്‍ നഴ്സായിരുന്ന പ്രൈവറ്റ് ലെസ്ളി ഫ്രിസ്റ്റണ്‍ എന്ന പട്ടാളക്കാരനാണ് ബൈബിളിന്റെ പ്രതിരോധത്തില്‍ അത്ഭുതകരമായി രക്ഷപെട്ടത്.

ഗ്യാസ് ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ ലെസ്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജര്‍മ്മന്‍ യുദ്ധവിമാനം ആശുപത്രിക്കു നേര്‍ക്കു വെടിയുതിര്‍ത്തു. ലെസ്ളിയുടെ കൈവശമുണ്ടായിരുന്ന ബൈബിളിലാണ് രണ്ടു വെടിയുണ്ടകള്‍ പതിച്ചത്. വെടിയുണ്ടയുടെ ലക്ഷ്യം അല്‍പം മാറിയിരുന്നെങ്കില്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു.

യുദ്ധാനന്തരം ഇംഗ്ളണ്ടില്‍ മടങ്ങിയെത്തിയ ലെസ്ളി തന്നെ രക്ഷിച്ച ആ വിശുദ്ധ ബൈബിള്‍ ഒരു നിധിയായി സൂക്ഷിച്ചുവെച്ചു. 1958-ല്‍ മരണത്തിനു മുമ്പ് മകള്‍ ഇനാ തോംപ്സണു ഈ ബൈബിള്‍ കൈമാറുകയായിരുന്നു. റോയല്‍ ബ്രിട്ടീഷ് ലീജിയന്റെ ഫണ്ടു സമാഹരണ പദ്ധതിയോടനുബന്ധിച്ച് ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികരോട് ആദരവു പ്രകടിപ്പിച്ച ചടങ്ങിലാണ് ഇനാ ഇക്കാര്യം വെളിപ്പെടുത്തിയത്.

സറേയിലെ സര്‍ബിട്ടണ്‍ സ്വദേശിയായിരുന്ന ലെസ്ളി ആശുപത്രിയില്‍നിന്നും തന്റെ വീട്ടിലേക്കു വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. വെടിയുണ്ടയേറ്റ രണ്ടു ഹോള്‍ രൂപംകൊണ്ട നൂറുവര്‍ഷം പഴക്കമുള്ള ബൈബിള്‍ വീട്ടില്‍ സൂക്ഷിച്ചു വെയ്ക്കുകയായിരുന്നു. ബൌമര്‍ മൌത്തില്‍ താമസിക്കുന്ന ഇനാ പറഞ്ഞു.

ഈ ബൈബിള്‍ ഞാന്‍ സൂക്ഷിച്ചു വെയ്ക്കുമ്പോള്‍ എനിക്ക് ഒരു പ്രത്യേക ഫീലിംഗ് അനുഭവപ്പെടുന്നു. ദൈവം ഒരു ഭക്തനെ എത്രമാത്രം സംരക്ഷിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ലെസ്ളിയുടെ കുടുംബത്തില്‍നിന്നും ഇനായും തന്റെ ഭര്‍ത്താവ് പരേതനായ നെവില്ലി, ഇവരുടെ മകള്‍ മോനിക്ക എന്നിവരും പട്ടാളത്തില്‍ സേവനം ചെയ്തിട്ടുണ്ട്.