കുട്ടികളെ കെണിയിലാക്കി ഓണ്‍ലൈന്‍ വഴി സാത്താന് ആരാധനയും പണംതട്ടലും
തിരുവനന്തപുരം: കുട്ടികളെ ലക്ഷ്യംവെച്ചിട്ട് ഓണ്‍ലൈന്‍ വഴി സാത്താന് ആരാധനയും പണം തട്ടലും നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതായി മംഗളം പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
ഗ്രൂപ്പില്‍ ചേരുന്ന അംഗങ്ങള്‍ക്ക് മാന്ത്രിക ശക്തിയും വന്‍തോതില്‍ പണവും മറ്റും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടികളെ കെണിയില്‍ അകപ്പെടുത്തുന്നത്.
ജീവന് പണയംവെച്ചുള്ള പരീക്ഷണങ്ങള്‍ ആവശ്യപ്പെടുകയും പണം തട്ടിയെടുക്കുകയുമാണ് രീതി. ഗ്രൂപ്പിന്റെ കെണിയില്‍പെട്ട് 14,000 രൂപ നഷ്ടപ്പെട്ട 14 കാരനെ കൌണ്സിലിംഗ് നടത്തി സാത്താന് സേവയില്നിന്നും പിന്തിരിപ്പിക്കേണ്ടതായി വന്നു.
കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിലെ ഐസിഎസ്ഇ സ്കൂളിലെ പത്താംക്ലാസ്സുകാരന് ഗ്രൂപ്പിന്റെ കെണിയില്‍ വീണതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. മാന്ത്രിക ശക്തി കൈവരുമെന്നും ആഡംബര കാറും വീടും മാസം 50,000 ഡോളര്‍ പ്രതിഫലം നല്കാമെന്നുംമുള്ള ഗ്രൂപ്പിന്റെ വാഗ്ദാനത്തില്‍ കുട്ടി വീണു. പിതാവിന്റെ മൊബൈല്‍ ഫോണില്‍നിന്നു ഗ്രൂപ്പുമായി ബന്ധപ്പെടുകയും ചെയ്തു.
അംഗത്വഫീസായി ആദ്യം ഗ്രൂപ്പ് ആവശ്യപ്പെട്ടത് 20,000 രൂപയാണ്. ഓണ്‍ലൈന്‍വഴി കുട്ടി പണം അടച്ചതോടെ ഗ്രൂപ്പില്‍നിന്നും പിന്മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത വീഡിയോ അയയ്ക്കാനായിരുന്നു ആവശ്യം. കുട്ടി ഇതെല്ലാം പാലിച്ചു. പിന്നാലെ പല നിര്‍ദ്ദേശങ്ങളുമായി കുട്ടിയുടെ ഫോണിലേക്കു തുടരെത്തുടരെ സന്ദേശങ്ങളും സാത്താന് ആരാധനാ രീതികളുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളും വീഡിയോകളും വന്നു തുടങ്ങി.
അര്‍ദ്ധ രാത്രിയില്‍ കായലിനു കുറുകെയുള്ള ട്രെയിന്പാലത്തിലൂടെ നടക്കാനായിരുന്നു ആദ്യ നിര്‍ദ്ദേശം. കുട്ടി പരിശ്രമിച്ചിട്ടു നടക്കാതെ വന്നപ്പോള്‍ ഒരാള്‍ വന്നു സഹായിച്ചു. തുടര്‍ന്നു രാത്രിയില്‍ ഉറക്കമില്ലാതെ ആരാധന നടത്തുകയും കൈവിരലില്‍ മുറിവുണ്ടാക്കി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
പിന്നീട് ആടിന്റെ ചേരകൊണ്ട് പ്രാര്‍ത്ഥന നടത്താനും നിര്‍ദ്ദേശം വന്നു. കൊല്ലത്ത് ലൂസിഫറിനു ആരാധനാലയം പണിവാനായി 5,000 രൂപ ആവശ്യപ്പെട്ടു. കുട്ടിയെ വിദേശത്തേക്കു കൊണ്ടുപോകാനും ശ്രമം നടത്തി. എന്നാല്‍ മൊബൈല്‍ ഫോണില്‍ വന്ന സന്ദേശങ്ങളും വീഡിയോയും കണ്ട മാതാപിതാക്കള്‍ കുട്ടിയെ നിരീക്ഷിച്ചപ്പോള്‍ കുട്ടിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം കണ്ടു. തുടര്‍ന്നു കലക്ടര്‍ക്കു പരാതി നല്‍കുകയും ഇത് കൊല്ലം പോലീസ് കമ്മീഷണര്‍ക്കു കൈമാറുകയും ചെയ്തു.

