തമിഴ്നാട്ടില്‍ 4 ചര്‍ച്ചുകള്‍ക്കുനേരെ ആക്രമണം
മധുര: തമിഴ്നാട്ടില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ 4 പെന്തക്കോസ്തു ചര്‍ച്ചുകളില്‍ ആക്രമണം നടത്തി. മാര്‍ച്ച് 11-ന് ഞായറാഴ്ച രാവിലെ മധുര ജില്ലയിലെ സിക്കന്തര്‍ ചാവടിയിലെ റീമാ ചര്‍ച്ചില്‍ സഭായോഗം നടക്കുന്ന സമയത്ത് 10-ഓളം വരുന്ന ഹിന്ദു മുന്നണി പ്രവര്‍ത്തകരെത്തി സഭാ ശുശ്രൂഷകന് പാസ്റ്റര്‍ രവി ജേക്കബിനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഭാ ആരാധന നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു. അക്രമികള്‍ ബൈബിളുകളും മൊബൈല്‍ ഫോണും ലഘു ലേഖകളും, പുസ്തകങ്ങളും ബലമായി പിടിച്ചു വാങ്ങി റോഡില്‍ ഇട്ടു കത്തിച്ചു. ഇതേ സമയം പിന്നീട് സമീപസ്ഥലങ്ങളിലുള്ള 3 പെന്തക്കോസ്തു സഭാ ആരാധനാ സ്ഥലത്തും എത്തി സമാന രീതിയില്‍ അതിക്രമം കാട്ടിയതായി പാസ്റ്റര്‍ രവി ജേക്കബ് പറഞ്ഞു. ഒരാഴ്ചയ്ക്കകം സഭാ ആരാധനകള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ പരിണിത ഫലം അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി.
കൂടല്‍ പൂതൂറിലെ ബദസ്ദ വാര്‍ത്തയില്‍ ജപവീട് എന്ന പ്രാര്‍ത്ഥനാലയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടത്തെ സഭാ ശുശ്രൂഷകന് പാസ്റ്റര്‍ ജറോം ജഗദീശനെ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് പാസ്റ്റര്‍ ശശി സുഗതിയ ശുശ്രൂഷിക്കുന്ന ലിവിംഗ് ഗോഡ് ചര്‍ച്ചിലും മറ്റൊരു സഭാ ആരാധനാ സ്ഥലത്തും ഇവര്‍ അതിക്രമങ്ങള്‍ കാണിച്ചു. 2 മണിക്കൂറിനുള്ളില്‍ 4 സഭകളിലെത്തിയാണ് സഭാ ആരാധനകള്‍ അലങ്കോലപ്പെടുത്തിയത്. മേലില്‍ ഇവിടെ സഭായോഗങ്ങള്‍ നടത്തരുതെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികള്‍ മടങ്ങിയത്. പാസ്റ്റര്‍ രവി ജേക്കബ് കൂടല്‍ പുതൂര്‍ പോലീസില്‍ പരാതി നല്കി. മധുര പോലീസ് സൂപ്രണ്ട് എന്‍ . മണിവണ്ണന് പരാതിയിന്മേല് മേല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. 3 പ്രതികളെ തിരിച്ചറിഞ്ഞതായി പാസ്റ്റര്‍ രവി പറഞ്ഞു.

