സമൃദ്ധിയുടെ സുവിശേഷം; തനിക്കു തെറ്റു പറ്റിയെന്ന് ബെന്നിഹിന്‍
അമേരിക്കയിലെ പ്രശസ്ത പ്രോസ്പെരിറ്റി (സമ്പല്‍ സമൃദ്ധി) സുവിശേഷകനും, രോഗശാന്തി ശുശ്രൂഷകനുമായ ബെന്നിഹിന്‍ തന്റെ ഇതുവരെയുള്ള ശുശ്രൂഷകളെപ്പറ്റി അനുതപിക്കുന്നു. സമ്പല്‍ സമൃദ്ധിയുടെ സുവിശേഷത്തില്‍ തനിക്കു തെറ്റു പറ്റിയതായി ഫേസ്ബുക്കു പേജില്‍ പോസ്റ്റു ചെയ്തു.
ലോകപ്രശസ്ത സുവിശേഷകന് ഡോ. ബില്ലി ഗ്രഹാമിന്റെ വേര്‍പാടിനെത്തുടര്‍ന്നു സ്വയം ചിന്തിച്ചു തന്റെ സമ്പല്‍സമൃദ്ധിയുടെ സുവിശേഷ പ്രചാരണത്തില്‍ അനുതപിക്കുകയാണ് ബെന്നിഹിന്‍ . ബില്ലിഗ്രഹാമിന്റെ ജീവിതരീതിയും കഷ്ടപ്പാടുകളും, ലളിത ശൈലിയും തന്നെ സ്വാധീനിച്ചു. താന്‍ ഇതുവരെ പ്രസംഗിച്ചതും പഠിപ്പിച്ചതും തെറ്റാണെന്നു സമ്മതിക്കുന്നു.
ഇത് വചന വിരുദ്ധമാണ്. ഫെബ്രുവരി 21-നു ബുധനാഴ്ച പോസ്റ്റു ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. തന്നെ പലരും വിമര്‍ശിച്ചിരുന്നു. യു.എസ്. സെനറ്റര്‍മാര്‍ വരെ വിമര്‍ശിച്ചു. ഇപ്പോള്‍ എല്ലാം ശരിയാണെന്നു മനസ്സിലാകുന്നു. ജനങ്ങള്‍ എന്നെ കുറ്റപ്പെടുത്തി അതി സമ്പന്നന് എന്നു വിശേഷിപ്പിച്ചു. ഞാന്‍ സ്വകാര്യ ജെറ്റില്‍ പറക്കുന്നു. ആഡംബര സൌധത്തില്‍ താമസിക്കുന്നു. ചര്‍ച്ചിനു സ്വന്തമായി വിമാനങ്ങള്‍ ഉണ്ട്. വര്‍ഷം തോറും 100 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടുന്നു എന്നിങ്ങനെ ആരോപിക്കുന്നു.
ഞാന്‍ 35 വര്‍ഷങ്ങളായി ജനത്തെ വിഡ്ഡികളാക്കുകയായിരുന്നു എന്നു ഇപ്പോള്‍ ചിന്തിക്കുന്നു. 65 കാരനായ ബെന്നിഹിന്‍ പറയുന്നു. യേശുക്രിസ്തു കാറില്‍ സഞ്ചരിച്ചിരുന്നോ? അവന് കൊട്ടാരത്തില്‍ താമസിച്ചിരുന്നോ? ഏലിയാ പ്രവാചകനു കാറുണ്ടായിരുന്നോ? അപ്പോസ്തോലന്മാര്ക്ക് ഭൌതികമായി എന്തുണ്ടായിരുന്നു? ഒന്നുമില്ലായിരുന്നു.
ബെന്നിഹിന്തന്നെ സ്വയം ചോദിക്കുന്നു, ഇല്ലായെന്നു മറുപടിയും പറയുന്നു. തന്റെ മിനിസ്ട്രിയുടെ കാഴ്ചപ്പാടുകളും ശൈലിയും അനേകം പാസ്റ്റര്‍മാര്‍ അനുകരിക്കുന്നു. അത് പലപ്പോഴും പരിധികള്‍ ലംഘിക്കുന്നതില്‍ തനിക്കു വിഷമം ഉണ്ട്.
ബെന്നിഹിന്നിന്റെ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യു.എസ്. സര്‍ക്കാര്‍ നിരീക്ഷണം നടത്തി വരികയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ യു.എസിലെ ഐ.ആര് .എസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും പോസ്റ്റല്‍ സര്‍വ്വീസ് വകുപ്പും ഹിന്നിന്റെ ടെക്സാസിലെ ഗ്രേപ് വൈനിലെ മിനിസ്ട്രി ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു.
ബെന്നിഹിന്നിന്റെ മിനിസ്ട്രി അര്‍ത്ഥമാക്കുന്നത്- ക്രിസ്തീയ ജീവിതം സമൃദ്ധിയുടെയും സന്തഷത്തിന്റേതുമാണ് എന്നാണ്. കഷ്ടതകള്‍ക്കും, ദുഃഖങ്ങള്‍ക്കും സ്ഥാനമില്ല എന്നുള്ള പഠിപ്പിക്കലുകളും പ്രസംഗങ്ങളുമാണ്. ഈ ദുരുപദേശം ലോകത്തിന്റെ വിവിധയിടങ്ങളില്‍ പലരും സ്വന്തമായി അനുകരിച്ച് ദൈവവചനത്തിനു വിരുദ്ധമായി പ്രചരിപ്പിച്ചു അതിസമ്പന്നരായിത്തീരുന്ന കാഴ്ചകളാണ് ഇന്ന് കാണുവാന്‍ കഴിയുന്നത്.
ബെന്നിഹിന്റെ പ്രധാനപ്പെട്ട പ്രത്യേകത താന്‍ 30 വര്‍ഷമായി ടെലിവിഷനിലൂടെ സുവിശേഷം പ്രസംഗിക്കുകയും രോഗശാന്തി ശുശ്രൂഷ നടത്തുകയും ചെയ്യുന്നു എന്നു അവകാശപ്പെടുകയാണ്. ഇതുതന്നെയാണ് ഇന്നു മലയാളക്കരയിലും നടന്നു വരുന്നത്.
യുവാക്കളായ പലരും ഇന്ന് ടെലിവിഷന്‍ പ്രസംഗകരായി സ്വയം അവരോധിക്കുന്നു. ഇടയ്ക്കിടെ പ്രേക്ഷക സംഗമങ്ങള്‍ സംഘടിപ്പിച്ച് വിദേശ പര്യടനങ്ങള്‍ നടത്തി വലിയ പണം സമ്പാദിച്ച് സുഖജീവിതം നയിക്കുകയാണ് രീതി. ഇവര്‍ക്ക് ഒരു തിരിച്ചറിവ് ലഭിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

