തെലുങ്കാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി

Breaking News India

തെലുങ്കാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി
മാഞ്ചേരിയല്‍ ‍: തെലുങ്കാനയില്‍ രോഗിയായ വിശ്വാസിയെ സന്ദര്‍ശിക്കാനെത്തിയ പാസ്റ്ററെ ഒരു സംഘം ഹിന്ദു വര്‍ഗീയ വാദികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

 

മീഡിപ്പള്ളി ഗ്രാമത്തിലെ പ്രാദേശിക സ്വതന്ത്ര സഭയുടെ ശുശ്രൂഷക്കാരനായ പാസ്റ്റര്‍ ഗാന്തം പത്മറാവു (47) വിനെയാണ് ആക്രമിച്ചത്. ഇദ്ദേഹം തന്റെ സഭയിലെ ഒരു മൂപ്പന്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ വിവരം അറിഞ്ഞ് രാത്രി 9 മണിക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു.

 

രോഗിയെ വീട്ടില്‍ കണ്ടു സംസാരിച്ചശേഷം തന്റെ കാറിനടുത്തേക്കു നീങ്ങിയപ്പോള്‍ പത്തോളം വരുന്ന ഒരു സംഘം യുവാക്കള്‍ പാസ്റ്ററെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. എന്തിനാണ് ഞങ്ങളുടെ നാട്ടില്‍ എത്തിയതെന്നും ഇനി മേലാല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്തരുതെന്നും ആക്രോശിച്ചുകൊണ്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി.

 

രണ്ടു ചെറുപ്പക്കാര്‍ പാസ്റ്ററെ പിടിച്ചു നിര്‍ത്തുകയും മറ്റുള്ളവര്‍ തൊഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പ്രതികള്‍ 24നും, 27നും വയസിനിടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു വാഹിനിയുടെ സജീവ പ്രവര്‍ത്തകരാണെന്ന് പാസ്റ്ററുടെ മകന്‍ സാമുവേല്‍ മാര്‍ക്ക് പറഞ്ഞു.

 

മര്‍ദ്ദനമേറ്റ പാസ്റ്റര്‍ താഴെ വീണു. ഉടന്‍ തന്നെ വിശ്വാസികള്‍ മാഞ്ചേരിയല്‍ മെഡ് ലൈഫ് ആശുപത്രിയില്‍ എത്തിച്ചു. രണ്ടു ദിവസം ഐസിയുവില്‍ കിടക്കേണ്ടി വന്നു. പാസ്റ്ററുടെ ബിപി 200 എം.എം.എച്ച്.ജി വരെയായി.

 

സംഭവം നടക്കുമ്പോള്‍ സഭയിലെ വിശ്വാസിയായ മറിയാമ്മ എന്ന മാതാവ് ദൃക്സാക്ഷിയായിരുന്നു. ഇവരുടെ മൊഴി പ്രകാരം പ്രതികളായ അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശരീരമാസകലം വേദനയനുഭവപ്പെട്ട പാസ്റ്റര്‍ സഭയിലെ ഒരു സ്നാന ശുശ്രൂഷ നടക്കേണ്ടതിനാല്‍ രണ്ടു ദിവസത്തിനുശേഷം സ്വയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വീട്ടിലേക്കു പോരുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.