ശലോമോന് രാജാവിന്റെ കാലത്തെ കൊട്ടാരത്തിന്റെ അവശിഷ്ടം കണ്ടെത്തി
ഗേസെര്‍ : പഴയ നിയമത്തിലെ ശലോമോന് രാജാവിന്റെ കാലത്തെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ക്രിസ്തുവിനു മുമ്പ്
10-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചു എന്നു കരുതപ്പെടുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി സ്മാരകങ്ങളുടെ അവശിഷ്ടങ്ങള്‍ , ഫെലിസ്ത്യര്‍ ഉഫയോഗിച്ചിരുന്ന വിവിധ കളറുകളിലുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെടുത്തു.
ബൈബിളില്‍ 2 ശമുവേല്‍ 5-ന്റെ 25-ലും,
1 ദിനവൃത്താന്തം 14-ന്റെ 16-ലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഗേസെര്‍ എന്ന സ്ഥലത്താണ് ഗവേഷകര്‍ ഉല്ഖനനത്തില് കണ്ടെത്തിയ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
യെരുശലേമിനും ടെല്അവീവിനുമിടയിലുള്ള പര്‍വ്വത നിരയിലാണിത്. യിസ്രായേലിനെ തോല്പ്പിക്കാനായി ഫെലിസ്ത്യ സൈന്യം വന്നപ്പോള്‍ യഹോവയുടെ അരുളപ്പാട് പ്രകാരം ദാവീദ് രാജാവ് ഫെലിസ്ത്യരെ ‘ഗേബ മുതല്‍ ഗേസെര്‍ ’ വരെ തോല്‍പ്പിച്ചതായി ഈ വേദഭാഗങ്ങളില്‍ കാണുന്നു. ഗേസെര്‍ അന്നത്തെ പ്രമുഖ പട്ടണമായിരുന്നു. ഇവിടം ഫെലിസ്ത്യരുടെ സ്വാധീന മേഖലയായിരുന്നു. എന്നാല്‍ ഏതെങ്കിലും യിസ്രായേല്‍ രാജാക്കന്മാര് ഇവിടെ പാര്‍ത്തിരുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഗവേഷകര്‍ കണ്ടെടുത്ത സ്മാരകങ്ങളിലെ കണക്കു പ്രകാരം ഈ കാലഘട്ടത്തിലെ രാജാവ് ശലോമോനായിരുന്നു.
സൈന്യ ബലത്തിലും സമ്പത്തിലും ശലോമോന് ശക്തനായിരുന്നു. തകര്‍ന്നടിഞ്ഞ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ വ്യക്തമാക്കുന്നത് വലിയ ദീര്‍ഘ ചതുരാകൃതിയില്‍ കൊട്ടാര സദൃശ്യമായ കെട്ടിടവും നടുവില്‍ വലിയ മുറ്റവും ധാരാളം മുറികളുള്ളതുമായ ഒന്നാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ യു.എസിലെ ഫോര്‍ട്ട് വര്‍ത്തിലെ റ്റാണ്ടി മ്യൂസിയം ഓഫ് സൗത്ത് വെസ്റ്റേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലെ പ്രൊഫ. സ്റ്റീവ് ഓര്‍ട്ടിസ് അഭിപ്രായപ്പെടുന്നു.
ഗേസെര്‍ പ്രധാനമായും കനാന്യരുടെ ഒരു പട്ടണമായിരുന്നുവെന്നും ബിസി 1200-നും 600-നും ഇടയില്‍ കനാന്യര്‍ ഇവിടത്തെ നിര്‍ണ്ണായക ശക്തിയായിരുന്നുവെന്നും പിന്നീട് ഫെലിസ്ത്യരും ഇവിടെ താമസം ഉറപ്പിച്ചതായും കരുതാമെന്ന് ഗവേഷകര്‍ പറയുന്നു. ശലോമോന് ഫറവോന്റെ മകളെ വിവാഹം കഴിച്ചപ്പോള്‍ ഫറവോന് തന്റെ മകള്‍ക്കു സ്ത്രീധനമായി ഗേശെര് നല്‍കിയതായും ബൈബിളില്‍ വായിക്കുന്നു. (1 രാജാ. 9:15-16).
യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും ഗവേഷണത്തിനു പങ്കാളികളായി.

