ജപ്പാനിലെ കൊടും കുറ്റവാളി സമൂഹത്തിലെ അംഗങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ നഗരത്തിനു സമീപമുള്ള ഒരു അറിയപ്പെടുന്ന ചെറു പട്ടണമാണ് കാവാഗുച്ചി.
ഇവിടുത്തെ ഒരു കുപ്രസിദ്ധ സമൂഹമാണ് ‘യകൂസ’. കൊടും കുറ്റവാളികളുടെ കേന്ദ്രം തന്നെയാണ് യകൂസയിലുള്ളത്. പൊതുവേ മോശമായ ജീവിത നിലവാരത്തില്‍ കഴിയുന്നവര്‍ , മയക്കുമരുന്നിനടിമകളും, അക്രമികളും, കൊലപാതകന്മാരും, ദുര്‍മ്മാര്‍ഗ്ഗികളുമായ യകൂസയിലെ ചെറുപ്പക്കാര്‍ നാടിനു സ്ഥിരം ശല്യക്കാരുമാണ്.
വളഞ്ഞ വഴിയിലൂടെ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിച്ച് ജീവിക്കുന്ന ഇവരുടെ ശാരീരിക പ്രത്യേകതകള്‍ കണ്ടാല്‍ത്തന്നെ മറ്റുള്ളവര്‍ ഭയന്നുപോകും. വിവിധ രൂപങ്ങളും, വാചകങ്ങളും ശരീരമാസകലം പച്ചകുത്തി വിരൂപമാക്കിയ ഇവര്‍ ഷര്‍ട്ടുപോലും ധരിക്കാതെയാണ് പലപ്പോഴും പൊതു സ്ഥലങ്ങളിലൂടെ സഞ്ചരിക്കുക.
കേസും വഴക്കും ജയിലുമായി കഴിയുന്ന ഇവരുടെ ഇടയില്‍ കര്‍ത്താവു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദിവ്യ വെളിച്ചം പകര്‍ന്നു തുടങ്ങിയതോടെ ഇവരില്‍ പലരും മാനസാന്തരപ്പെട്ടു ക്രിസ്തുവിന്റെ സ്വന്തം മക്കളായിത്തീരുന്ന ചരിത്രമാണ് ഇപ്പോള്‍ ഇവിടെ നടന്നു വരുന്നത്.
തട്സൂയഷിണ്ടോ എന്ന യുവ പാസ്റ്റര്‍ ഇപ്പോള്‍ ഈ സമൂഹത്തില്‍ പരിശുദ്ധാത്മാവിന്റെ പലിയ പ്രവര്‍ത്തനങ്ങള്‍ ആത്മാക്കളുടെ ഇടയില്‍ ചെയ്തു വരുന്നത് മാറ്റത്തിന്റെ പുതിയ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഷിണ്ടോ ഏതാനും വര്‍ഷം മുമ്പ് സമൂഹത്തെ വിറപ്പിച്ചിരുന്ന കൊടും കുറ്റവാളിയായിരുന്നു. നിരവധി കൊലപാതകങ്ങളിലെ പ്രതിയുമായിരുന്നു.
7 പ്രാവശ്യം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 22-ാം വയസില്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാല്‍ 3 തവണ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടു. അവസാനത്തെ ജയില്‍ശിക്ഷ 10 വര്‍ഷമായിരുന്നു. കുറ്റവാളികളെ പാര്‍പ്പിച്ചിരുന്നത് ഇരുണ്ട ഇടുക്കു മുറികളുള്ള ജയിലറകളിലായിരുന്നു. വളരെ ശോചനീയമായ അന്തരീക്ഷം. ജയില്‍ മുറികള്‍ കുറ്റവാളികളെക്കൊണ്ട് നിറഞ്ഞിരുന്നു.
ജയിലില്‍ കഴിഞ്ഞിരുന്ന ഒരു ദിവസം തനിക്ക് ആരോ തന്ന ഒരു ബൈബിള്‍ കാണുവാനിടയായി. നിരാശയും ഏകാന്തതയും തന്നെ അലട്ടിയപ്പോള്‍ കൈയ്യില്‍ കിട്ടിയ ബൈബിള്‍ സ്ഥിരമായി വായിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം താന്‍ ഒരു ദിവ്യ വെളിച്ചം കാണുവാനിടയായി. അത് കര്‍ത്താവായ യേശുവിന്റെ ദിവ്യ സാന്നിദ്ധ്യമാണെന്ന് താന്‍ പതുക്കെ മനസിലാക്കി.
താന്‍ പിന്നീട് തന്റെ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ദൈവം തന്നെ ഒരു പുതിയ മനുഷ്യനായി രൂപാന്തിരപ്പെടുത്തിയെന്ന് ഷിണ്ടോ സാക്ഷ്യം പറയുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഷിണ്ടോ ആദ്യം തന്റെ അമ്മ യോഷിമിഷിണ്ടയോടു ക്ഷമ ചോദിച്ചു തന്റെ പുതിയ ജീവിതാനുഭവം പങ്കുവെച്ചു.
അങ്ങനെ കുടുംബത്തില്‍ എല്ലാവരും കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ ഇടയായി. അതുപോലെ മറ്റു ചിലരും കര്‍ത്താവില്‍ വിശ്വസിച്ചു. അങ്ങനെ ഇവരുടെ ഇടയില്‍ ഒരു സഭായോഗം ആരംഭിച്ചു. ആദ്യം 10 വിശ്വാസികളുമായാരംഭിച്ച സഭയില്‍ ഇപ്പോള്‍ താന്‍ 100 പേരെ സ്നാനപ്പെടുത്തി വിശ്വാസത്തിലേക്കു കൊണ്ടുവന്നു. യകൂസയില്‍ ഇപ്പോള്‍ വലിയ പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

