നീറോ ചക്രവര്‍ത്തിയുടെ മുഖമുള്ള സ്വര്‍ണ്ണ നാണയം കണ്ടെടുത്തു
യെരുശലേം: ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ മുഖം ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
യെരുശലേമില്‍ മൗണ്ട് സയോണില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് മണ്മറഞ്ഞു പോയ സ്വര്‍ണ്ണ നാണയം കുഴിച്ചെടുത്തത്. നാണയത്തിന്റെ ഒരുവശത്ത് നീറോയുടെ കഴുത്തും തലയും കൊത്തിവെച്ചിരിക്കുന്ന ചിത്രത്തിനു ചുറ്റും “NERO CAESER AVG IMP” എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. നാണയം എ.ഡി. 60-ല്‍ നിര്‍മ്മിച്ചതാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഷിമോന്‍ ജിബ്സണ് അഭിപ്രായപ്പെട്ടു.
സ്വര്‍ണ്ണ നാണയം കണ്ടെടുത്ത സ്ഥലം പുരോഹിത വര്‍ഗ്ഗവും, കുലീന കുടുംബക്കാരും താമസിച്ചിരുന്ന യെഹൂദ പ്രദേശമാണെന്നും ഗിബ്സണ് പറഞ്ഞു. നാണയം അപൂര്‍വ്വ നിധിയാണ്. ഇത് ഒട്ടേറെ ഗവേഷണത്തിനു സഹായകരമാകും. മുമ്പ് പല സ്വകാര്യ വ്യക്തികള്‍ക്കും ഇത്തരം നാണയങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെയാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. എ.ഡി. 54-നും 68-നും ഇടയിലായിരുന്നു നീറോയുടെ വാഴ്ചക്കാലം.
ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ പേരിലുള്ള നാണയം കണ്ടെത്തിയത് അത്ഭുതമുളവാക്കുന്നതായി ഗവേഷകര്‍ പറയുന്നു.

