10വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം അന്യ മതസ്ഥരെ ഹിന്ദുക്കളാക്കിയെന്ന് തൊഗാഡിയ
സൂറത്ത് : കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം ക്രിസ്ത്യാനികളേയും, മുസ്ലീങ്ങളേയും ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതായി വിശ്വഹിന്ദു പരിഷത്ത് ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.
അഞ്ച് ലക്ഷത്തോളം ക്രിസ്ത്യാനികളും 2.5 ലക്ഷം മുസ്ലീങ്ങളും ഹിന്ദു മതത്തില്‍ ചേര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു. പത്ത് വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ 15,000 എന്ന കണക്കില്‍ അഞ്ചു ലക്ഷത്തോളം ക്രിസ്ത്യാനികളേയും 2.5 ലക്ഷം മുസ്ലീങ്ങളേയും ഘര്‍വാപസിയിലൂടെ ഹിന്ദു മതത്തില്‍ ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ഈ കണക്ക് 15,000 ത്തില്‍നിന്ന് 40,000 ത്തില്‍ എത്തി.
ഇത് ആര്‍ .എസ്.എസ്. നടത്തിയതിനേക്കാള്‍ കൂടുതലാണ്. ഇന്ത്യയില്‍ ഭൂരിപക്ഷമാകുന്നതിനും മതത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഘര്‍വാപസി യാത്രകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സൂറത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു തൊഗാഡിയായുടെ ഈ കണക്കുകള്‍ പുറത്തുവിട്ടത്.
തൊഗാഡിയ പറഞ്ഞത് വാസ്തവമാണെങ്കില്‍ ക്രൈസ്തവരായ നമ്മള്‍ ഇത് ഗൌരവമായി എടുക്കണം. ദൈവ വചനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ , യേശു ക്രിസ്തുവിനെ രക്ഷകനും, ദൈവവുമായി സ്വന്തം ഹൃദയത്തില്‍ കൈക്കൊണ്ടവര്‍ , ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്നവര്‍ – ഇവരൊക്കെ എന്തു പ്രതികൂലം വന്നാലും, ആരു വശീകരിച്ചാലും ഇവരുടെ വിശ്വാസം വിട്ടുപോകില്ല എന്നത് സത്യമാണ്.
കേവലം ഭൌതിക നന്മകളില്‍ ആശ്രയിക്കുന്നവര്‍ ആരെങ്കിലും വിട്ടുപോയെങ്കിലായി. നമ്മുടെ സഭകളിലെ വിദ്വേഷവും, അവഗണയും, ജാതി-മത-വര്‍ണ്ണ വ്യത്യാസവും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും, മത്സരവും, അനാത്മീകമായ പ്രവണതകളും അവസാനിപ്പിക്കുവാന്‍ കര്‍ത്താവിന്റെ തിരു ശരീരമാകുന്ന ദൈവസഭയിലെ അംഗങ്ങള്‍ തയ്യാറാകണം.
നമ്മോടൊപ്പം ആരാധിക്കുന്നവര്‍ നമ്മെ ഉപേക്ഷിച്ചു പോകുവാനിടവരരുത്. ഒരു ആത്മാവുപോലും നഷ്ടമാകരുത്.

