സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 4 ലക്ഷം പേര്‍; 160 ചര്‍ച്ച് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു
ഖാര്‍ത്തൂം: വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ നാല് വര്‍ഷമായി നടന്നു വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 12 ദശലക്ഷത്തിനും 14 ദശലക്ഷത്തിനും ഇടയില്‍ ആളുകള്‍ നിര്‍ബന്ധിതമായി പാലായനം ചെയ്യപ്പെട്ടതായും 20 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണി അനുഭവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2023-ല്‍ സുഡാന്‍ സൈന്യത്തിലെ വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ യുദ്ധത്തില്‍ ഇതുവരെ 60,000 മുതല്‍ 4 ലക്ഷം വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.
സുഡാനീസ് സായുധ സേനയും അര്‍ദ്ധ സൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള അധികാര പോരാട്ടത്തില്‍ നിസ്സഹായരായ സാധാരണക്കാരാണ് കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത്.
ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. ഇവരില്‍ പലരും ചിലപ്പോള്‍ അക്രമാസക്തമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുകയോ ബാല സൈനികരായി റിക്രൂട്ട് ചെയ്യപ്പെടുകയോ ചെയ്യുന്നു.
രാജ്യത്തെ അഞ്ച് ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരും കടുത്ത പീഢനങ്ങളെ നേരിടുന്നു. ലോകത്തിലെ ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഓപ്പണ്‍ ഡോര്‍സ് റാങ്ക് ചെയ്ത സുഡാന്‍ നാലാം സ്ഥാനത്താണ്.
ക്രിസ്ത്യാനികളെ സംശയത്തോടെയാണ് മറ്റുള്ളവര്‍ കാണുന്നത്. അക്രമങ്ങളെ തുടര്‍ന്ന് കുടിയിറക്കപ്പെടുന്നവരില്‍ ക്രൈസ്തവരുമുണ്ട്.
ഇവര്‍ക്ക് അധികാരികളില്‍നിന്നും നിയമപരമായ പിന്തുണയോ സ്വീകരണമോ ലഭിക്കുന്നില്ലെന്ന് പരാതികളുയരുന്നു.
യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കു പ്രകാരം യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്ത് 160-ലധികം ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.

