ചര്‍ച്ചിലെ പണം അടിച്ചുമാറ്റി; സിംഗപ്പൂര്‍ പാസ്റ്റര്‍ക്ക് 8 വര്‍ഷം തടവു ശിക്ഷ

Breaking News Global Top News

ചര്‍ച്ചിലെ പണം അടിച്ചുമാറ്റി; സിംഗപ്പൂര്‍ പാസ്റ്റര്‍ക്ക് 8 വര്‍ഷം തടവു ശിക്ഷ
സിംഗപ്പൂര്‍ സിറ്റി : ചര്‍ച്ചിലെ ഫണ്ട് അടിച്ചുമാറ്റി വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനു സിംഗപ്പൂരിലെ മെഗാ ചര്‍ച്ച് പാസ്റ്റര്‍ക്കും നേതാക്കന്മാര്‍ക്കും കോടതി തടവു ശിക്ഷ വിധിച്ചു.

 

സിംഗപ്പൂരിലെ പ്രമുഖ പെന്തക്കോസ്തു സഭയായ സിറ്റി ഹാര്‍വെസ്റ്റ് ചര്‍ച്ചിന്റെ സ്ഥാപകനും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ കോങ് ഹീയ്ക്കും (51), സഹപ്രവര്‍ത്തകര്‍ക്കുമാണ് ലോക കോടതിയുടെ ശിക്ഷാവിധി ഉണ്ടായത്.

 

പാസ്റ്റര്‍ കോങ് ഹീ തന്റെ ഭാര്യയും ചര്‍ച്ചിലെ ശുശ്രൂഷകരിലൊരാളുമായ സണ്‍ ഹോ നടത്തുന്ന സംഗീത ട്രൂപ്പിനുവേണ്ടി ചര്‍ച്ചിന്റെ ഫണ്ട് എടുത്ത് അനധികൃതമായി വിനിയോഗിക്കുകയും മാത്രമല്ല മറ്റ് കാര്യങ്ങള്‍ക്കയും 50 മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് പാസ്റ്റര്‍ കോങ്ങിനെ നവംബര്‍ 20-ന് സിംഗപ്പൂര്‍ കോടതി 8 വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്.

 

പാസ്റ്റര്‍ കോങ്ങിനെ സഹായിക്കുവാന്‍ കൂട്ടുനിന്ന സഭയിലെ മറ്റ് 5 നേതാക്കള്‍ക്കും ജയില്‍ശിക്ഷ ലഭിച്ചിട്ടുണ്ട്. സഭയിലെ മുന്‍ ഫണ്ട് മാനേജര്‍ ച്യു എങ് ഹാന്‍ (55)ന് 6 വര്‍ഷം തടവും, ഡെപ്യൂട്ടി സീനിയര്‍ പാസ്റ്റര്‍ ടാന്‍ യി പെങ് (43) ന് 5 വര്‍ഷം തടവും, മുന്‍ ഫിനാന്‍സ് മാനേജര്‍ സെറീനാ വീ (38) യ്ക്ക് 5 വര്‍ഷം തടവും, മുന്‍ ഫിനാന്‍സ് മാനേജര്‍ ഷാരോണ്‍ ടാന്‍ (40), മുന്‍ ഫിനാന്‍സ് കമ്മറ്റി അംഗം ജോണ്‍ ലാം (47) എന്നിവര്‍ക്ക് 21 മാസവും 3 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

 

പാസ്റ്റര്‍ കോങ് ഹീയുടെ ഭാര്യയുടെ ആവശ്യത്തിനായി 24 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ മൊത്തം 50 മില്യണ്‍ ഡോളര്‍ ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഇവര്‍ക്കെതിരായി സഭയിലെ മറ്റു വിശ്വാസികള്‍ നല്‍കിയ കേസ്. നീണ്ട മൂന്നു വര്‍ഷത്തെ വാദത്തിനൊടുവിലാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ നല്‍കിയത്.

 

ശിക്ഷയ്ക്കെതിരെ പ്രതികള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനൊരുങ്ങുകയാണ്. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത് സിംഗപ്പൂര്‍ സ്റ്റേറ്റ് കോടതി 1 ലെ ജുഡീഷ്യല്‍ കമ്മിഷണര്‍ ജഡ്ജി സീ കീ ഊണ്‍ ആണ്. കഴിഞ്ഞ ഒക്ടോബര്‍ 21-ന് 6 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

 

1989-ലാണ് പാസ്റ്റര്‍ കോങ് സിറ്റി ഹാര്‍വെസ്റ്റ് ചര്‍ച്ച് സ്ഥാപിച്ചത്. ഈ സഭയില്‍ 17,000 പേരാണ് ആരാധനയ്ക്കായി കടന്നു വരുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ ഈ സഭയ്ക്ക് മലേഷ്യ, ഇന്തോനേഷ്യ, തായ്‌വാന്‍ , ആസ്ട്രേലിയ, യു.എസ്.എ. എന്നിവിടങ്ങളിലും സഭകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.