ബേബി ഫുഡില്‍ എലിവിഷം: മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
മധ്യ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ വിതരണം ചെയ്ത എച്ച്ഐപിപി ബ്രാന്‍ഡിന്റെ ബേബി ഫുഡ് ജാറുകളില്‍ എലിവിഷം കണ്ടെത്തി.
പിന്നാലെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് അടിയന്തിരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി. ഓസ്ട്രിയ, സ്ളൊവോക്യ, ചെക്ക് റിപ്പബ്ളിക് എന്നീ രാജ്യങ്ങളിലെ വിപണികളില്‍നിന്നാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചത്.
അഞ്ച് മാസം പ്രായമുള്ള കുട്ടികള്‍ക്കായി കാരറ്റും ഉരുളക്കിഴങ്ങും ചേര്‍ത്ത് നിര്‍മ്മിച്ച 190 ഗ്രാം ജാറുകളിലാണ് വിഷാംശം കണ്ടെത്തിയത്.
ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സ്പാര്‍ വഴി വിറ്റഴിച്ച കുപ്പിയിലാണ് ആദ്യം വിഷാംശം സ്ഥിരീകരിച്ചത്.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോ ബോധപൂര്‍വ്വം ഉല്‍പ്പന്നങ്ങളില്‍ കൃത്രിമം കാണിച്ചതായും ആരോപിച്ചു.
വിഷബാധയേറ്റ ജാറുകളില്‍ ചുവന്ന വൃത്തത്തോടുകൂടിയ വെളുത്ത സ്റ്റിക്കറുകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
കുഞ്ഞുങ്ങള്‍ക്ക് ഈ ആഹാരം നല്കിയാല് രണ്ട് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകൂ എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

