കണ്‍വെയര്‍ ബെല്‍റ്റ് ‘അമോക്’ തകരുന്നു; വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്
ഭൂമിയുടെ കാലാവസ്ഥയെ ക്രമീകരിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന സമുദ്രത്തിലെ കണ്‍വെയര്‍ ബെല്‍റ്റ് എന്ന് വിശേഷിക്കപ്പെടുന്ന അറ്റ്ലാന്റിക് മെറിഡായോണല്‍ ഓവര്‍ടേണിംഗ് സര്‍ക്കുലേഷന്‍ എന്ന ‘അമോക്’ തകരാനുള്ള സാദ്ധ്യത മുമ്പ് കരുതിയതിനേക്കാള്‍ വളകെ കൂടുതലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
സമുദ്ര ജലത്തിലെ താപ നിലയും ലവണാംശവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിലച്ചാല്‍ അത് ലോകമെമ്പാടും പെട്ടന്നുള്ളതും വിനാശകരവുമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനം കാരണം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുകയും സമുദ്രത്തിലേക്ക് വന്‍ തോതില്‍ ശുദ്ധ ജലം ഒഴുകിയെത്തുകയും ചെയ്യുന്നു.
ഇത് സമുദ്ര ജലത്തിന്റെ ലവണാംശം കുറയ്ക്കുകയും നീരൊഴുക്കിന്റെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
മുമ്പ് കരുതിയതിനേക്കാള്‍ ഇതിന്റെ തകര്‍ച്ച വളരെ വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുകയാണ്.
ഈ സംവിധാനം തകര്‍ന്നാല്‍ ഒരു തിരിച്ചു വരവ് ഉണ്ടാകാത്ത വിധം ആഗോള കാലാവസ്ഥ മാറ്റിമറിക്കപ്പെടുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

