യുപിയിൽ മലയാളി പാസ്റ്റർ ജോസ് തോമസ് അറസ്റ്റിൽ
ദില്ലി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിലായി.
ഉത്തർപ്രദേശിലെ സിക്കന്തർപൂരിലാണ് പാസ്റ്റർ ജോസ് തോമസ് അറസ്റ്റിലായത്. ആളുകൾക്ക് പണവും ജോലിയും
വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തിയെന്നാണ് കേസ്.
മതപരിവർത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റർക്കെതിരെ കേസെടുത്തത്.
ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.
അഞ്ചാം നമ്പർ വാർഡിൽ താമസിക്കുകയായിരുന്ന പാസ്റ്റർ കുറച്ചുദിവസങ്ങളായി ആളുകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ ജില്ലാ കോഓർഡിനേറ്ററാണ് പൊലീസിൽ പരാതി നൽകിയത്.
ഇന്നലെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന മുറിയിൽ നിന്ന് മതപരമായ പുസ്തകങ്ങളടക്കം പിടിച്ചെടുത്തു. കുറച്ചുദിവസം മുമ്പാണ് പാസ്റ്റർ സിക്കന്തർപൂരിലെത്തിയതെന്നാണ് പറയുന്നത്.
ബിഹാറിലെ പട്നയിലായിരുന്നു നേരത്തെ താമസിച്ചിരുന്നതെന്നുമാണ് വിവരം. കേരളത്തിൽ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്.

