ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതികള്‍ നിര്‍ത്തലാക്കിയതായി കേന്ദ്രം. പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്-കം- മീന്‍സ് സ്കോളര്‍ഷിപ്പ് പദ്ധതികളും 2021-22 സാമ്പത്തിക വര്‍ഷത്തിനുശേഷം തുടരാനുള്ള അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു.
രാജ്യത്തെ ന്യൂനപക്ഷ നിദ്യാര്‍ത്ഥികളുടെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസപരമായ പുരോഗതിക്കായി നടപ്പാക്കി വന്നിരുന്ന സ്കോളര്‍ഷിപ്പുകളാണ് ഇവ. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2024-25-ല്‍ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് 90 കോടി രൂപ അനുവദിച്ചിട്ടും വെറും 1.55 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് 343.91 കോടി രൂപ അനുവദിച്ചിട്ടും 5.31 കോടി രൂപ മാത്രമാണ് ചെലവാക്കിയത്.
മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പിന് 19.41 കോടി രൂപ അനുവദിച്ചിട്ടും വിനിയോഗിച്ചത് വെറും 3.50 കോടി രൂപ മാത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
മൌലാനാ ആദാസ് നാഷണല്‍ ഫെല്ലോഷിപ്പ്, പഠോ പരദേശ് പദ്ധതി മദ്രസകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതി (എസ്.പി.ഇ.എം.എം) എന്നീ മറ്റ് പ്രധാനപ്പെട്ട പദ്ധതികളും 2022-23 മുതല്‍ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
ദാരിദ്യ രേഖയ്ക്ക് താഴെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ക്ക് ആശ്രയിക്കുന്ന പദ്ധതികളെയാണ് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.

