6 മിനിട്ട് ലോകം ഇരുട്ടിലാകും; ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഈ ദിവസം
സൂര്യഗ്രഹണം എന്ന പ്രതിഭാസം മനുഷ്യര്‍ക്ക് പുതുമയുള്ള കാര്യമല്ല. ഒട്ടേറെ കണ്ടുകഴിഞ്ഞവരാണ് നമ്മള്. എന്നാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഒരു സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുവാന്‍ പോവുകയാണ് ലോകം.
2027 ഓഗസ്റ്റ് 2-ന് ആയിരിക്കും അത്ഭുതകരമായ ആ പ്രതിഭാസം സംഭവിക്കുക. ചന്ദ്രന് ഭൂമിക്കും സൂര്യനും ഇടയിലൂടെ നേരിട്ട് കടന്നുപോവുകയും ഇത് താല്‍ക്കാലികമായി സൂര്യന്റെ പ്രകാശത്തെ തടയുകയും ഭൂമിയുടെ ഉപരിതലത്തില്‍ ഒരു നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
നാസയുടെ ജ്യോതിശാസ്ത്ര പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ സൂര്യന് പൂര്‍ണ്ണമായും മറയ്ക്കപ്പെടുന്ന ഗ്രഹണത്തിന്റെ പൂര്‍ണ്ണ പാത, സ്പെയിന്, മൊറോക്കോ, അള്‍ജീറിയ, ടുണീഷ്യ, ലിബിയ, ഈജിപ്റ്റ്, സൌദി അറേബ്യ, യെമന്‍, സോമാലിയ എന്നിവയുള്‍പ്പെടെയുള്ള തെക്കന്‍ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളിലും ആകും ഉണ്ടാകുക.
ഈജിപ്റ്റിലെ ലക്സര്‍ മേഖലയ്ക്കു മുകളില്‍ ചന്ദ്രന് സൂര്യനെ ഏകദേശം 6 മിനിറ്റും 23 സെക്കന്‍ഡും മറയ്ക്കും.
ഈ ദൃശ്യമാകും 100 വര്‍ഷങ്ങള്‍ക്കപ്പുറം കരയില്‍നിന്നു ദൃശ്യമാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം. എക്ളിപ്സ് ഓഫ് ദ സെഞ്ച്വറി എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ഇന്ത്യയില്‍നിന്ന് ഇത് പൂര്‍ണ്ണ ഗ്രഹണമായി നമുക്ക് കാണാന്‍ സാധിക്കില്ല. ഇന്ത്യയിലെ നിരീക്ഷകര്‍ക്ക് ഭാഗീക സൂര്യഗ്രഹണം മാത്രമാകും കാണാന്‍ സാധിക്കുക.

