കൃത്യമായ ഭക്ഷണക്രമവും വ്യായാമവും, ഇസിജി നോര്‍മല്‍; ന്യൂറോ സര്‍ജന്റെ ഹൃദയാഘാത മരണത്തില്‍ ഞെട്ടി വൈദ്യശാസ്ത്രം
നാഗ്പൂര്‍: കഴിഞ്ഞ ദിവസം നാഗ്പൂരിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ, ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം ആരോഗ്യ മേഖലയെത്തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
53 വയസുള്ള ഡോക്ടര്‍ കൃത്യമായ ഭക്ഷണ ക്രമവും വ്യായാമവും പാലിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് എടുത്ത ഇസിജിയില്‍ പോലും കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇസിജി പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് രേഖപ്പെടുത്തിയ ഡോക്ടറുടെ മരണം ഹൃദയാഘാതത്തിലെ മറഞ്ഞിരിക്കുന്ന സാദ്ധ്യതകളെയാണ് തുറന്നു കാട്ടുന്നതെന്ന് ആരോഗ്യ മേഖലയില്‍ ചര്‍ച്ചയാകുന്നു.
പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം പരിശോധിച്ചിട്ടും കാര്യമായ പരിശോധനകള്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഹൃദയാഘാത ലക്ഷണങ്ങള്‍ വൈദ്യ ശാസ്ത്രത്തെ ഞെട്ടിച്ചു. ഇതേത്തുടര്‍ന്ന് പല ഡോക്ടര്‍മാരും തുറന്ന് സംസാരിക്കുന്നു.
പ്രകടമായ ആരോഗ്യ ലക്ഷണത്തോടൊപ്പം തന്നെ പ്രധാനമാണ് മാനസികമായ ആരോഗ്യമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് രഞ്ജന്‍ ഷെട്ടി പറയുന്നു. ദീര്‍ഘനേരം ജോലി ചെയ്യുന്നത്, സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും ഹൃദയാഘാതത്തിനു കാരണമാകുമെന്ന് രഞ്ജന്‍ ഷെട്ടി പറയുന്നു.
ഇത്തരത്തില്‍ ഹൃദയാഘാതം മൂലം പ്രയാസമുണ്ടാകുന്ന നിരവധി ഡോക്ടര്‍മാര്‍ തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ച്ചയായ മാനസിക സമ്മര്‍ദ്ദവും തളര്‍ച്ചയും ശരീരത്തില്‍ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കും.
ഇത് രക്തക്കുഴലുകളെ ദുര്‍ബ്ബലപ്പെടുത്തുകയും കൊളസ്ട്രോള്‍ അടിഞ്ഞുകൂടി പ്ളാക്ക് രൂപപ്പെടുവാന്‍ കാരണമാകുകയും ചെയ്യും. പെട്ടന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം രക്തധമനികളില്‍ പ്ളാക്കുകള്‍ പൊട്ടി രക്തം കട്ടപിടിക്കാനും മിനിറ്റുകള്‍ക്കുളളില്‍ ഹദയാഘാതമുണ്ടാകാന്‍ കാരണമാകുകയും ചെയ്യും.
വിഷാദരോഗമോ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമോ ഉള്ളവര്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

