ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം: ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി അടിയന്തിരമായി കേട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ . വി. രമണ.
ബംഗളുരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മെക്കാഡോയും, നാഷണല്‍ സോളിഡാരിറ്റി ഫോറവും, ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മുമ്പാകെ അഡ്വ. സാന്‍ഭ റന്‍ബോംഗ് ആണ് ഹര്‍ജി ശ്രദ്ധയില്‍ പെടുത്തിയത്. ഹര്‍ജി കേള്‍ക്കാന്‍ തീയതി നിശ്ചയിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടപ്പോള്‍ ഹര്‍ജിക്ക് അടിയന്തിര സ്വഭാവമില്ലെന്നും തീയതി നിശ്ചയിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
എന്നാലും ഒരു ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വ്യാപകമായ ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തുന്ന സംഘങ്ങള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും മറ്റ് സംവിധാനങ്ങളും പരാജയമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

