ആക്രമണങ്ങളില്‍നിന്നും ക്രിസ്ത്യന്‍ സമൂഹത്തെ രക്ഷിക്കാന്‍ നൈജീരിയയിലെ ആശുപത്രികള്‍ക്ക് യു.എസ്. ധനസഹായം
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാഷ്ട്രമായ നൈജീരിയായില്‍ വിശ്വാസികളെ സംരക്ഷിക്കാനായി യു.എസിന്റെ സാമ്പത്തിക സഹായം.
രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും ദുര്‍ബലരായ ക്രിസ്ത്യന്‍ ജനതയെ സംരക്ഷിക്കുന്നതിനുമായി ക്രിസ്ത്യന്‍ വിശ്വാസാധിഷ്ഠിത ആരോഗ്യ സംരക്ഷണ ദാതാക്കള്‍ക്ക് യു.എസ്. 5.1 ബില്യണ്‍ ഡോളറിന്റെ സഹായമാണ് നല്‍കുന്നത്. ഇതിനായി നൈജീരിയായുമായി അഞ്ച് വര്‍ഷത്തെ ഉഭയകക്ഷി ആരോഗ്യ കരാറില്‍ അമേരിക്ക ഒപ്പു വച്ചു.
വാരാന്ത്യത്തില്‍ ഔപചാരികമായി രൂപീകരിച്ച ധാരണാപത്രം എച്ച്ഐവി, ക്ഷയം, മലേറിയ, പോളിയോ മാതൃ-ശിശു ആരോഗ്യം എന്നിവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇതേ കാലയളിവില്‍ നൈജീരിയ 3 ബില്യണ്‍ ഡോളര്‍ ആഭ്യന്തര ആരോഗ്യ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ദൌത്യത്തിനു കീഴില്‍ ഇതുവരെ ഏതൊരു രാജ്യവും നടത്തിയ ഏറ്റവും വലിയ സഹ-നിക്ഷേപമാണിത്.
യു.എസ് ഫണ്ടിംഗില്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ നൈജീരിയായിലുടനീളം പ്രവര്‍ത്തിക്കുന്ന 900 ത്തിലധികം ക്രിസ്ത്യന്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് പോകുന്നത്.
കഴിഞ്ഞ ദശകത്തില്‍ നൈജീരിയായില്‍ പതിനായിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യന്‍ സമൂഹങ്ങളെ ബാധിക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ പരിഹരിക്കുന്നതില്‍ നൈജീരിയായില്‍നിന്ന് തുടര്‍ച്ചയായ പുരോഗതി പ്രതീക്ഷിക്കുന്നതായി യു.എസ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

