മരുമക്കളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം
ജോധ്പൂര്‍: രാജസ്ഥാനിലെ ജലേര്‍ ജില്ലയില്‍ മരുമക്കളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും ക്യമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.
അയല്‍വാസികളുടെ വീട്ടിലേക്കോ പൊതു പരിപാടിയിലേക്കോ ഫോണ്‍ കൊണ്ടുപോകുന്നതും വിലക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം സ്വിച്ച് ഫോണുകള്‍ ഉപയോഗിക്കാന്‍ മാത്രമേ ഇവര്‍ക്ക് അനുവാദമുള്ളു.
ഗാസിപൂര്‍ ഗ്രാമത്തില്‍ ചൌധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുങ്നാംറാം ചൌധരിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്കൂളുകളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് പഠനത്തില്‍ മൊബൈല്‍ ഫോണ്‍ ആവശ്യമുള്ളതിനാല്‍ വീട്ടില്‍ മാത്രം അവ ഉപയോഗിക്കാന്‍ അനുവാദം തന്നിട്ടുണ്ട്.
വിവാഹങ്ങള്‍, സാമൂഹിക പൊതു പരിപാടികള്‍, അയല്‍വാസിയുടെ വീട്ടിലേക്കു പോലും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന് സുങ്നാറാം ചൌധരി പറയുന്നു.
കുട്ടികള്‍ പലപ്പോഴും അവരുടെ വീടുകളിലെ സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് അവരുടെ കാഴ്ച ശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതും കണക്കിലെടുത്താണ് ഈ നടപടിയെന്ന് ചൌധരി വ്യക്തമാക്കി.
ചില സ്ത്രീകള്‍ കുട്ടികളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി അവരുടെ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടെന്നും പുതിയ തീരുമാനം അവരുടെ ദൈനം ദിന ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

