ഉള്ളിയിലെ കറുത്ത പൂപ്പല്‍ നന്നായി കഴുകിക്കളഞ്ഞു മാത്രമേ ഉപയോഗിക്കാവു
നമ്മുടെ നിത്യ ജീവിതത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷണ വിഭവമാണ് ഉള്ളി. ആരോഗ്യകരമായ ഒട്ടേറെ സംയുക്തങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
ഉള്ളി വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍, ആന്തോസയിനുകള്‍ തുടങ്ങിയ ഫ്ളവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്.
ഇവ ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വ്വീര്യമാക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാദ്ധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഉള്ളിയില്‍ അലിസിന്‍ പോലയുള്ള ഓര്‍ഗാനോസങ്കിഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും.
ശരീരത്തിലെ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ക്വെര്‍സെറ്റിന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഉള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. താപനില മാറുന്നതിനനുസരിച്ച് ഉള്ളിയില്‍ പൂപ്പല്‍ വരാറുണ്ട്.
മണ്ണില്‍ കാണപ്പെടുന്ന ഒരു സാധാരണ ഫംഗസായ ആസ്പര്‍ജില്ലാസ് ഹൈജര്‍ എന്ന കടുത്ത പൂപ്പലാണ് ഇതിനു കാരണം. ഈ കറുത്ത പൂപ്പലില്‍ വിഷാംശം ഉണ്ടെങ്കിലും അത് മാരകമല്ല.
എന്നാല്‍ ഇവ കഴിച്ചാല്‍ ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ ഈ കറുത്ത പൂപ്പല്‍ നന്നായി കഴുകിക്കളഞ്ഞശേഷമേ ഉള്ളി കഴിക്കാവു.

