പ്രസംഗിക്കുന്നതിനിടെ സുവിശേഷ മിഷണറിയെ തട്ടിക്കൊണ്ടുപോയി
ഗ്വെബര്‍ഹ: ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വെബര്‍ഹായില്‍ ഒരു യു.എസ്. മിഷണറിയെ തട്ടിക്കൊണ്ടുപോയി.
അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ മൂര്‍ വെല്ലിയിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രംസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു.
തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നതായും അവര്‍ ആക്രമിക്കപ്പെട്ടില്ലെന്നും കുടുംബത്തിന്റെ വക്താവ് ജെറമി ഹാള്‍ വിശദീകരിച്ചു.
ചില പുരുഷന്മാര്‍ ചര്‍ച്ചിനുള്ളിലേക്ക് ആക്രമിച്ചു കയറി പാസ്റ്ററെ ബലമായി പിടിച്ചു. ഇതുകണ്ട ഭാര്യ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളിമാറ്റി. ആയുധവും മുഖംമൂടിയും ധരിച്ച നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വക്താവ് ക്യാപ്റ്റന്‍ ആന്‍ഡ്രീ ബീറ്റ്സും പറഞ്ഞു.
അവര്‍ രണ്ട് മൊബൈല്‍ ഫോണുകളും പാസ്റ്ററെയും കൊണ്ട് ഒരു വാഹനത്തില്‍ രക്ഷപെട്ടു. വെള്ളി നിറത്തിലുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ സമീപത്തുനിന്നും കണ്ടെടുത്തു. തട്ടിക്കൊണ്ടുപോകലിനും സായുധ കൊള്ളയ്ക്കും കേസെടുത്തിട്ടുണ്ട്.
പാസ്റ്ററെ കണ്ടെത്താനായില്ല. ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ മിഷണറിയായ പാസ്റ്റര്‍ ജോഷ് ക്രിസ്ത്യന്‍ സമൂഹങ്ങള്‍ കുറവോ, അല്ലെങ്കില്‍ ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് പുതിയ സഭകള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
7 വര്‍ഷമായി അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ മിഷണറിയായി പ്രവര്‍ത്തിച്ചു വരുന്നു.

