മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തുവെന്ന് മെറ്റ സിഇഒ സക്കര്‍ബര്‍ഗ്
ലോകത്തെ സ്വാധീനിച്ച ഏറ്റവും വലിയ ഉപകരണമായി സ്മാര്‍ട്ട് ഫോണുകള്‍ മാറിക്കഴിഞ്ഞു. ജീവിതത്തിലെ അവിഭാജ്യഘടകമായി ഒഴിച്ചുകൂടാന്‍പറ്റാത്ത ഒന്നായി ഇവ മാറിക്കഴിഞ്ഞു.
മനുഷ്യന് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത മൊബൈല്‍ ഫോണ്‍ വിപ്ളവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതിക വിദ്യ പല പരീക്ഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ട് ഫോണുകളുമായി രൂപാന്തിരം പ്രാപിച്ചതുപോലും ലോകത്തെ അത്ഭുതപ്പെടുത്തി.
ഇന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആശ്രയിക്കുന്ന സ്മാര്‍ട്ട് ഫോണിനു പകരം ഇനി മറ്റൊന്നു വരുമോ എന്നു പോലും ആരും ചിന്തിക്കാറേയില്ല.
അത്രയ്ക്കു ജനപ്രിയമായ സ്മാര്‍ട്ട് ഫോണിനെപ്പറ്റി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടത് നമ്മുടെ കണ്ണുപോലും തള്ളിപ്പോകും. മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യം അടുത്തു എന്നാണ് സക്കര്‍ബര്‍ഗ് വംളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനു പകരം സ്മാര്‍ട്ട് ഗ്ളാസുകള്‍ സ്ഥാനം പിടിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഡിജിറ്റല്‍ ഇന്‍ഫര്‍മേഷനുകള്‍ ലഭിക്കുകയെന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നും ഇതിനു സഹായിക്കുന്ന ഡിവൈസായി സ്മാര്‍ട്ട് ഗ്ളാസുകള്‍ മാറിക്കഴിഞ്ഞുവെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ബദലായി സ്മാര്‍ട്ട് ഗ്ളാസുകള്‍ പ്രചാരം നേടുമെന്നാണ് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്.

