അരുണാചലില്‍ മതംമാറ്റ വിരുദ്ധ നിയമത്തിനു നീക്കം; ക്രൈസ്തവര്‍ പ്രതിഷേധത്തില്‍
ഇറ്റാനഗര്‍: മതംമാറ്റ വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധവുമായി അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യന്‍ സമൂഹം രംഗത്ത്.
1978-ല്‍ ജനതാപാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന അരുണാചല്‍ പ്രദേശ് ഫ്രീഡം ഓഫ് റിലിജിയന്‍ ആക്ട് നടപ്പാക്കാനുള്ള മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നീക്കത്തില്‍ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ഫെബ്രുവരി 10 മുതല്‍ 17 വരെ പ്രാര്‍ത്ഥനാ വാരവും ഉപവാസവും നടത്തും. സമൂഹ പ്രാര്‍ത്ഥനകളും നടക്കും. നിയമം പരിഗണനയ്ക്കു വരുമെന്ന് കരുതുന്ന മാര്‍ച്ച് ആറിന് നിയമസഭ ഘരാവോ ചെയ്യും.
നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്ന് പേമ ഖണ്ഡു പ്രഖ്യാപിച്ചിരുന്നു. 1978-ല്‍ പികെ തുങ്കോണ്‍ മുഖ്യമന്ത്രിയായിരിക്കവേയാണ് നിര്‍ബന്ധിത മതംമാറ്റം തടയുന്ന നിയമം കൊണ്ടുവരുന്നത്.
1978 ഒക്ടോബര്‍ 25-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല. 2011-ലെ സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയിലെ 30.26 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ്.

