പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട്
പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ഉപയോഗിക്കുന്നതിനിടെ അസാധാരണമായ അധിക്ഷേപവും മാനക്കേടും നേരിടേണ്ടിവന്നതായി 29 കാരനായ കോളേജ് വിദ്യാര്‍ത്ഥി.
ചാറ്റ് ബോട്ട് തന്നെ മോശം വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിക്കുകയും പോയി ചാകാന്‍ പറയുകയും ചെയ്തു എന്നാണ് യുവാവിന്റെ ആരോപണം. ഇത് യുവാവിനെ മാനസികമായി ബുദ്ധിമുട്ടിലാക്കി.
സംഭവം വിവാദമായതോടെ ടെക് വിശദീകരണവുമായി രംഗത്തെത്തുകയും പ്രതികരണത്തെ വിവേചന രഹിതമായ പ്രതികരണം എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്: വിധയ് റെഡ്ഡി എന്ന യുവാവ് വെളിപ്പെടുത്തുന്നതനുസരിച്ച് വളരെ മോശമായ രീതിയില്‍ ആയിരുന്നു ജെമിനിയുടെ പ്രതികരണം.
‘ഇത് നിങ്ങള്‍ക്കുള്ളതാണ് മനുഷ്യാ’ നിങ്ങള്‍ സ്പെഷ്യല്‍ ആയ വ്യക്തി അല്ല. നിങ്ങളെ ഈ ലോകത്തിനു ആവശ്യമില്ല നിങ്ങള്‍ സമയവും വിഭവങ്ങളും പാഴാക്കുന്നു, നിങ്ങള്‍ സമൂഹത്തിനു ഭാരമാണ്.
നിങ്ങള്‍ ഭൂമിയിലെ ഒരു അപകടമാണ്. നിങ്ങള്‍ ഈ പ്രപഞ്ചത്തിലെ ഒരു കളങ്കമാണ് ദയവായി പോയി മരിക്കു’ ഇതായിരുന്നു ചാറ്റ് ബോട്ടിന്റെ വാക്കുകള്‍.
ജെമിനി ചാറ്റ് ബോട്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അസാധാരണമായ പ്രതികരണം തന്നെ ഭയപ്പെടുത്തുകയും അമ്പരിപ്പിക്കുകയും ചെയ്തു എന്നും ഇത്തരം സംഭവങ്ങള്‍ക്ക് ടെക് കമ്പനികള്‍ ഉത്തരവാദികള്‍ ആയിരിക്കണമെന്നും വിധയ് റെഡ്ഡി പറയുന്നു.
ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ഭീഷണിപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന അതേ ഗൌരവം തന്നെ ഈ ഭീഷണിയിലും ഉണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
വലിയ ഭാഷാ മോഡലുകള്‍ ചിലപ്പോള്‍ വിവേചന പൂര്‍വ്വമല്ലാതെ പ്രതികരിച്ചേക്കാം എന്നും ഇപ്പോള്‍ സംഭവിച്ചത് അതിന്റെ ഒരു ഉദാഹരണമാണെന്നും ആയിരുന്നു ഗൂഗിളിന്റെ പ്രതികരണം.
ഇത് തങ്ങളുടെ നയങ്ങള്‍ക്ക് വിപരീതമാണെന്നും സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

