മണിപ്പൂരില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു: ഇതുവരെ തകര്‍ക്കപ്പെട്ടത് 360 ചര്‍ച്ചുകള്‍
മണിപ്പൂരില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം വീണ്ടും കലാപത്തിലേക്കു തിരിഞ്ഞപ്പോള്‍ ഏറ്റവും ഒടുവില്‍ ഒരു 23 കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജിരബാം ജില്ലയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഓഫീസുകള്‍ തകര്‍ത്തു. ഇവിടത്തെ സ്വതന്ത്ര എംഎല്‍എയുടെ വീടും ആക്രമിച്ചിട്ടുണ്ട്.
ജില്ലയില്‍ അഞ്ച് ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ഒരു സ്കൂളും പെട്രോള്‍ പമ്പും 14 വീടുകളും എതിര്‍ വിഭാഗക്കാര്‍ കത്തിച്ചതായി കുതിമ്പോ സമിതിയായ ഐടിഎല്‍എം ആരോപിച്ചു.
സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുരക്ഷാ സേനയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
സംഘര്‍ഷം തുടങ്ങിയതു മുതല്‍ സംസ്ഥാനത്ത് ഇതുവരെ 360 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ക്കു നേരെ വ്യാപകമായ ആക്രമണമാണുണ്ടായത്.
പുതിയ സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം തുടങ്ങി. മണിപ്പൂര്‍ പോലീസെടുത്ത കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.

