ജനസേവനവും അഴിമതിയും
അഴിമതി ആരോപണങ്ങള്‍ ഇന്ന് കേള്‍ക്കുന്നവര്‍ക്ക് പുത്തരിയല്ല. പൊതു വേദികളിലും ആത്മീയ ലോകത്തും സര്‍വ്വസാധാരണമായിരിക്കുന്നു. എല്ലാവരും ദൈവത്തിന്റെ നാമത്തില്‍ ആരംഭിക്കും. പിന്നീട് സാത്താന്റെ കയ്യില്‍ അകപ്പെടുകയാണ് പതിവ്.
ജനപ്രതിനിധികള്‍ അവരുടേതായ വിശ്വാസത്തിന്റെ പേരില്‍ , അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്നു. പക്ഷേ പലരും പിന്നീട് അഴിമതി, ദൂര്‍ത്ത്, സ്വജനപക്ഷപാതം എന്നീ വിഷയങ്ങളില്‍ അകപ്പെടുകയുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു.
ഉന്നത സ്ഥാനത്തെത്തുന്നവര്‍ ആരായാലും അവര്‍ ദൈവത്തോടും സമൂഹത്തോടും നീതി കാട്ടേണ്ടവരാണ്. അവര്‍ അതിനാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം ദൈവത്തെ കൂട്ടുപിടിക്കുന്ന പ്രവണത ശരിയല്ല. ക്രൈസ്തവരെക്കുറിച്ചുമാത്രം തുടര്‍ന്നു വിവരിക്കുവാനാണ് ആഗ്രഹിക്കുന്നത്. മറ്റു മതസ്ഥരെ വെറുതെവിട്ടേക്കാം. കാരണം എന്തു ചെയ്താലും ആര്‍ക്കും കുറ്റപ്പെടുത്തേണ്ടി വരുന്നില്ലല്ലോ. ബൈബിളില്‍ വിശ്വസിക്കുന്നവര്‍ക്കാണെങ്കില്‍ മാത്രം യഹോവയായ ദൈവത്തിന്റെ ഉപദേശം അരുളപ്പാട് എന്നിവയെക്കുറിച്ച് താരതമ്യം ചെയ്താല്‍ മതിയല്ലോ.
എന്നാല്‍ ക്രൈസ്തവര്‍ എന്നപേരില്‍ അറിയപ്പെടുന്ന പല സമുദായങ്ങളില്‍പ്പെട്ടവരും ഇന്ന് യഹോവയുടെയും യേശുവിന്റെയും നാമം ഉച്ചരിക്കുന്നു. പൊതു സമൂഹം നോക്കുമ്പോള്‍ ഇവരും ക്രൈസ്തവരാണ്. ഇവരില്‍ പലരും പൊതുസമൂഹത്തില്‍ കളങ്കിതരാണ്. ഈ ആരോപണങ്ങള്‍ മുഴുവനും യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം നയിക്കുന്നവരേയും ബാധിക്കാന്‍ ഇടയുണ്ട്. പൊതുജന മധ്യത്തില്‍ തുല്യരായി ആക്ഷേപത്തിന് ഇടവരുന്നു.
പെന്തക്കോസ്തു സമൂഹത്തിലും ചില അധഃപ്പതനങ്ങള്‍ നിഴലിക്കുന്നുണ്ട്.
തങ്ങള്‍ ലോകത്തില്‍ നിന്നും വേര്‍പെട്ടവരെന്ന് സ്വയം അഭിമാനിക്കുന്നതോടൊപ്പം ജീവിത സംശുദ്ധിയും ധാര്‍മ്മികതയും പലപ്പോഴും മറന്നുപോകുന്നു. ഇവര്‍ ദൈവത്തേക്കാള്‍ ഉപരിയാണന്ന് സ്വയം ചിന്തിക്കുന്നു. ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും ദൈവം കൈപിടിച്ചുയര്‍ത്തിക്കഴിഞ്ഞാല്‍ സ്വയം പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്നു.
ഇത് ഒരു യഥാര്‍ത്ഥ ദൈവപൈതലിനെ സംബന്ധിച്ച് പാപമാണ്. ദൈവത്തിന്റെ മക്കള്‍ എന്ന് അവകാശപ്പെടുമ്പോള്‍ ദൈവംതരുന്ന ഉപദേശങ്ങളും അരുളപ്പാടുകളും അനുഷ്ഠിക്കുവാന്‍ തയ്യാറാകണം. കര്‍ത്താവ് ഒരാളെ വിളിച്ചതും തെരെഞ്ഞെടുത്തതും ദൈവമക്കള്‍ ഓര്‍ക്കണം.
അതിന്റെ ലക്ഷ്യവും നാം മനസ്സിലാക്കണം. അത് അപ്പോസ്തോലനായ പൌലോസ് വെളിപ്പെടുത്തുന്നു. അവന്‍ നമ്മെ സകല അധര്‍മ്മത്തില്‍ നിന്നും വീണ്ടെടുത്തു. സല്‍പ്രവര്‍ത്തികളില്‍ ശുഷ്കാന്തിയുള്ള ഒരു സ്വന്ത ജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു” (തീത്തോസ്.2:14). ഈ വചനം നമ്മെ ഏവരേയും ചിന്തിപ്പിക്കട്ടെ.
പസ്റ്റര്‍ ഷാജി. എസ്.

